ജീവിതചര്യ മാറുന്നതോടെ പല അസുഖങ്ങളും കടന്നു വരാൻ കാരണമാകുന്നു. അതിൽ പ്രധാനമാണ് വയറിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ. അങ്ങനെ ദൈനംദിന ജീവിതത്തിൽ ഏറെ അസ്വസ്ഥതകൾക്ക് കാരണമാകുന്ന ഒരു രോഗാവസ്ഥയാണ് അൾസർ. ഏതൊരു രോഗത്തെ പോലെയും തക്ക സമയത്ത് മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഈ രോഗം കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കുന്നു. ജീവിതചര്യ തന്നെയാണ് അള്‍സര്‍ പിടിപെടുന്നതിനുള്ള പ്രധാന കാരണം.
എന്താണ് അൾസർ
അന്നനാളത്തേയും ആമാശയത്തേയും ചെറുകുടലിനെയും സംരക്ഷിച്ചുകൊണ്ടു നേരിയ ഒരു ആവരണമുണ്ട്. ഈ ആവരണത്തിലൂടെയാണ് നാം കഴിക്കുന്ന വസ്തുക്കള്‍ സഞ്ചരിക്കുന്നത്. ദഹനപ്രക്രിയയെ സഹായിക്കുന്ന വീര്യമേറിയ ദഹനരസങ്ങളില്‍നിന്നും ദഹന വ്യവസ്ഥയുടെ ഭാഗങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നത് ഈ ആവരണമാണ്. ഇതിലുണ്ടാകുന്ന വ്രണമാണ് അള്‍സര്‍. വായ്പുണ്ണ് പോലെതന്നെ ഇത് ആമാശയത്തിന്റെയും അന്നനാളത്തിന്റെയും ആവരണത്തില്‍ ചെറിയ പുണ്ണായി രൂപപ്പെട്ട് താഴേക്ക് അരിച്ചിറങ്ങുന്നു.
പ്രധാനമായും അള്‍സര്‍ ഉണ്ടാക്കുന്നത് ഹെലിക്കോ ബാക്ടര്‍ പൈലോറി എന്ന ബാക്ടീരിയയുടെ അണുബാധ കാരണമാണ്. തുടര്‍ച്ചയായ വേദന സംഹാരിയുടെ ഉപയോഗം, സ്റ്റിറോയ്ഡ്, ആസിഡ് കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷണങ്ങള്‍, മദ്യം, കടുപ്പമുള്ള ചായ, കാപ്പി, കൂടുതൽ എരിവുള്ള ഭക്ഷണങ്ങൾ,മാനസിക പിരിമുറുക്കം, അസമയത്തുള്ള ഭക്ഷണരീതി എന്നിവയാണ് പൊതുവെ അള്‍സറിന് കാരണമായി കണ്ടു വരാറുള്ളത്.
ലക്ഷണങ്ങൾ
വയറിലെ അൾസറിന് നിരവധി ലക്ഷണങ്ങൾ കാണാറുണ്ട്. വയർ എരിച്ചിൽ, ഛർദി, വയർ വീർക്കൽ, ദഹന കുറവ്, അപൂർവമായി രക്തം ഛർദിക്കൽ, വയറിളക്കം എന്നിവയാണ് സാധാരണ കണ്ടുവരാനുള്ള ലക്ഷണങ്ങൾ. ഇതിൽ ബ്ലീഡിങ്, രക്തക്കുറവ്, തൂക്കം കുറയൽ,ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഛർദി എന്നിവ അപകടകരമായ ലക്ഷണങ്ങളാണ്. കൃത്യസമയത്ത് അൾസർ കണ്ടുപിടിച്ച് ചികിത്സിച്ചാൽ രോഗം ഭേദമാക്കാൻ സാധിക്കും.
വയറ്റിലെ അൾസർ എങ്ങനെ കണ്ടെത്താം
അൾസറിനെ എൻഡോസ്കോപ്പി പരിശോധനയിലൂടെ കണ്ടുപിടിക്കാവുന്നതാണ്. എവിടെയാണ് വ്രണമെന്ന് കൃത്യമായി മനസിലാക്കാനും വ്രണത്തിന്റെ വലിപ്പവും ആഴവും അറിഞ്ഞ് ചികിത്സിക്കാനും ഇതിലൂടെ സാധിക്കുന്നു. കാന്‍സര്‍ മൂലവും അള്‍സര്‍ ഉണ്ടാകാം. ഗുരുതരമായ പ്രശ്‌നങ്ങളാണോയെന്ന് സംശയം തോന്നിയാല്‍ ബയോപ്‌സി എടുത്തു പരിശോധിക്കാനും എന്‍ഡോസ്‌കോപ്പി സഹായകരമാണ്.
ചിട്ടയായ ആഹാരരീതിയിലൂടെ അള്‍സറിനെ അകറ്റിനിര്‍ത്താവുന്നതാണ്. പുകവലി, മദ്യം എന്നിവ പരിപൂര്‍ണമായും ഒഴിവാക്കുകയും വേദനസംഹാരികള്‍ കഴിയുന്നതും വര്‍ജിക്കുകയും ചെയ്യേണ്ടതാണ്.
STORY HIGFHLIGHT: Symptoms of an Ulcer