India

ഗുജറാത്തില്‍ ട്രെയിൻ അട്ടിമറി ശ്രമം: പ്രതികൾ അറസ്റ്റിൽ, പിടിയിലായത് റെയിൽവേ ജീവനക്കാർ

സൂറത്ത്: ഗുജറാത്തില്‍ റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമം നടന്ന സംഭവത്തില്‍ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ട്രാക്ക്മാന്‍മാരായ സുഭാഷ് പോദാര്‍, മനിഷ്‌കുമാര്‍ സര്‍ദേവ് മിസ്ട്രി, കരാര്‍ ജീവനക്കാരനായ ശുഭം ജയ്‌സ്വാള്‍ എന്നിവരാണ് അറസ്റ്റിലായത്. അട്ടിമറി സംഭവം റെയില്‍വേ അധികൃതരെ അറിയിച്ചവര്‍ തന്നെയാണ് ഇതിനു പിന്നിലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

അട്ടിമറി ശ്രമങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രശസ്തിയും വീരപരിവേഷവും ഒപ്പം ജോലിയില്‍ സ്ഥാനക്കയറ്റവും ലഭിക്കുമെന്ന് കരുതിയാണ് ഇവര്‍ വിചിത്രമായ ഈ നീക്കം നടത്തിയത്.

71 ബോള്‍ട്ടുകള്‍ നീക്കിയ നിലയിലും ഫിഷ് പ്ലേറ്റുകള്‍ എടുത്തുമാറ്റിയ നിലയിലുമാണ് കാണപ്പെട്ടത്. സെപ്റ്റംബര്‍ 21ന് പുലര്‍ച്ചെയാണ് സംഘത്തിലെ ഒരാളായ സുഭാഷ് പോദാര്‍ റെയില്‍ അട്ടിമറി ശ്രമം അധികൃതരെ അറിയിച്ചത്. ട്രാക്കിലെ ലോക്കുകള്‍ അഴിച്ചനിലയിലാണെന്നും രണ്ട് പാളങ്ങളെ ബന്ധിപ്പിക്കുന്ന ഫിഷ് പ്ലേറ്റുകള്‍ എടുത്തുമാറ്റിയ നിലയില്‍ കണ്ടെത്തിയെന്നാണ് ഇയാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചത്.

ലോക്കോ പൈലറ്റുമാരുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അട്ടിമറി ശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനു മുന്‍പ് കടന്നുപോയ ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാര്‍ ട്രാക്കില്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഇതോടെ എന്‍ഐഎയും പൊലീസും സുഭാഷ് പോദാറിനെ വിശദമായി ചോദ്യം ചെയ്തു. ഇതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.