വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ. പലതരം വിശ്വാസങ്ങളും ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും ചരിത്രവുമൊക്കെ കെട്ടുപിണഞ്ഞ ദേവാലയങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. പ്രകൃതിശക്തികളും മൃഗങ്ങളും പക്ഷികളും സസ്യങ്ങളുമൊക്കെ പല സമൂഹങ്ങളിലും ആരാധിക്കപ്പെടുന്നുമുണ്ട്. അക്കൂട്ടത്തിൽ ശ്രദ്ധേയമായ ഒരു ദേവാലയമാണ് ഉത്തര്‍പ്രദേശിലെ തവളക്ഷേത്രം. ലക്നൗവിന് സമീപം ലക്കിംപൂര്‍ ഗ്രാമത്തിലാണ് തവള ക്ഷേത്രം അഥവാ നര്‍മദേശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.
ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തെ തവളയുടെ ശിൽപമാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണം. ഒരു കൂറ്റൻ തവളയുടെ പുറത്ത് എടുത്തു വച്ചിരിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം. തവളയുടെ രൂപത്തിനു പിന്നിലാണ് ശിവന്റെ ശ്രീകോവില്‍. എട്ടു ദളങ്ങളുള്ള താമരയുടെ രൂപവും കാണാന്‍ കഴിയും. ശിവന്‍ മുഖ്യപ്രതിഷ്ഠയായതിനാലാണ് നര്‍മദേശ്വര്‍ ക്ഷേത്രം എന്ന് ഇത് അറിയപ്പെടുന്നത്. ഇവിടുത്തെ ചുവരുകള്‍ അലങ്കരിച്ചിരിക്കുന്നത് താന്ത്രിക രീതിയുള്ള കൊത്തുപണികള്‍ കൊണ്ടാണ്.
താന്ത്രിക വിധിപ്രകാരം തവള സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമാണെന്നാണ് വിശ്വാസം. ഈ വിശ്വാസമാണ് തവള ക്ഷേത്രം സ്ഥാപിക്കാന്‍ കാരണവും. പണ്ട് ഓയല്‍ രാജവംശത്തിനു കീഴിലായിരുന്നു ഈ ക്ഷേത്രം. ഒരിക്കല്‍ ഭക്ത് സിങ് എന്ന രാജാവിന് തവളയുടെ അനുഗ്രഹമുണ്ടായെന്നും അദ്ദേഹമാണ് ക്ഷേത്രം നിർമിച്ചതെന്നുമാണ് വിശ്വാസം. ഇവിടെ വന്ന് പ്രാര്‍ഥിച്ചാല്‍ ഭാഗ്യവും സമ്പത്തും ഐശ്വര്യവും ലഭിക്കുമെന്ന് വിശ്വസിക്കുന്ന അനേകം ഭക്തർ ക്ഷേത്ര ദർശനം നടത്താനായി എത്താറുണ്ട്.
STORY HIGHLLIGHTS: frog-temple-lakhimpur-up