ഗുണ്ടാ വിളയാട്ടം നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യമായി നടപ്പിലാക്കുന്നുവെന്ന് എ.ഡി.ജി.പി (ക്രമസമാധാനം) ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്. 2022 അവസാനം പോലീസ് തയ്യാറാക്കിയ ഗുണ്ടകളുടെ പട്ടികയില്‍ 2272 പേരാണ് ഉണ്ടായിരുന്നതെന്നും ഇത് ഒന്നരവര്‍ഷം കൊണ്ട് 2815 ആയി ഉയര്‍ന്നുവെന്നും ആരോപിക്കുന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 438 കൊലപാതകങ്ങളും 1358 വധശ്രമങ്ങളും നടന്നതായി പരാതിക്കാരന് ആരോപിച്ചു.
സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി ക്രമസമാധാന വിഭാഗം അഡീഷണല്‍ ഡി.ജി.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗുണ്ടാ വിളയാട്ടം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ പോലീസ് സ്റ്റേഷനുകളിലും ആന്റി സോഷ്യല്‍ രജിസ്റ്റര്‍ സൂക്ഷിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരെ നിരീക്ഷിക്കാറുമുണ്ട്. ഗുണ്ടകളെ നിരീക്ഷിക്കുന്നതിന് ഓഗ്മെന്റ് ആക്ഷന്‍ എഗൈന്‍സ്റ്റ് ആന്റി സോഷ്യല്‍സ് ആന്റ് ഗുണ്ടാസ് നടപ്പാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മയക്കുമരുന്ന് തടയാന്‍ ഡി.ഹണ്ട്, കുട്ടികള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പി.ഹണ്ട്, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ സി.വൈ ഹണ്ട്, ആയുധ ദുരുപയോഗം തടയാന്‍ ജി.ഹണ്ട് എന്നീ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന് കേസ് തീര്‍പ്പാക്കി. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാടസാമി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.