നിറയെ വെളുത്ത പൂക്കള്‍ വിരിഞ്ഞു നില്ക്കുന്ന വലിയ തടാകത്തിനു നടുക്ക് താമര പോലെ ഒരു ക്ഷേത്രം! ജലത്തിന് നടുവില്‍ ശാന്തമായി നിലകൊള്ളുന്ന അതിമനോഹരമായ ജൈനക്ഷേത്രമാണ് കേരേ ബസദി. ഉഡുപ്പിയിൽ നിന്ന് 34 കിലോമീറ്ററും മംഗലാപുരത്തു നിന്ന് 72 കിലോമീറ്ററും കർക്കലയിൽ നിന്ന് 22 കിലോമീറ്ററും അകലെയായി വാറങ്കയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആഗുംബെ ഘട്ട് തുടങ്ങുന്ന സോമേശ്വരയില്‍ നിന്ന് 15 കിലോമീറ്റര്‍ താണ്ടിയാല്‍ ഇവിടെയെത്താം.സോമേശ്വര വന്യജീവി സങ്കേതത്തിലൂടെ കുതിരമുഖ റിസര്‍വ് ഫോറസ്റ്റും കടന്നു പോയാല്‍ വാറങ്കയില്‍ എത്താം.
ചെറിയ ഒരു നാട്ടിന്പുറമാണിത്. ക്ഷേത്രം കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടില്ല. പിന്നില്‍ മലനിരകളും മേല്‍ക്കൂരയില്‍ നിറയെ അമ്പലപ്രാവുകളുമായി ഗാംഭീര്യത്തോടെ തലയുയര്‍ത്തിപ്പിടിച്ച് നില്ക്കുന്ന ക്ഷേത്രത്തിന്റെ പ്രതിബിംബം താഴെയുള്ള തടാകത്തില്‍ പ്രതിഫലിക്കുന്നത് ഒരു ചിത്രം പോലെ മനോഹരമായ കാഴ്ചയാണ്.ജലമന്ദിര്‍ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്ന മറ്റൊരു പേര്. വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് ദിശകള്‍ക്ക് അഭിമുഖമായി സ്ഥാപിച്ച നാല് വിഗ്രഹങ്ങളുണ്ട് ക്ഷേത്രത്തിൽ. ഭഗവാൻ പാർശ്വനാഥൻ, ഭഗവാൻ നെമിനാഥ്, ഭഗവാൻ അനന്തനാഥ്, ഭഗവാൻ ശാന്തിനാഥ് എന്നീ 4 തീർത്ഥങ്കരരുടെ വിഗ്രഹങ്ങളാണിത്. കൂടാതെ ദേവി പത്മാവതിയുടെ പ്രതിഷ്ഠയുമുണ്ട്. കേരേ ബസദിയിലേക്ക് പോകുന്ന വഴിയിൽ കല്ല ബസാദി ഒരു പുരാതന ശിലാ സ്മാരകവും സന്ദർശിക്കേണ്ട സ്ഥലവുമാണ്.
ജൈനന്മാരുടെ ധ്യാനത്തിന്റെ ഒരു പ്രധാന ഭാഗമായ ‘കായോത്സാഗര’ പോസ്ച്ചറിലാണ് ഈ വിഗ്രഹങ്ങള്‍ പ്രതിഷ്ടിച്ചിരിക്കുന്നത്. “ശരീരത്തെ തള്ളിക്കളയുക” എന്നാണ് ഇതിന്റെ അർത്ഥം. യോഗ പോസ്ച്ചറില്‍ ഇരിക്കുന്നതോ കായോത്സാഗര ഭാവത്തിൽ നിൽക്കുന്നതോ ആയാണ് തീർത്ഥങ്കരന്മാര് ഇവിടെ ഉള്ളത്. ഒരാളുടെ ശാരീരിക സുഖവും ശരീര ചലനങ്ങളും ഉപേക്ഷിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഈ ഭാവത്തിൽ ധ്യാനിച്ചതിലൂടെയാണ് 21 ജൈന തീർത്ഥങ്കരന്മാർക്കും മോക്ഷം ലഭിച്ചതെന്നും പറയപ്പെടുന്നു. ആഗ്രഹ സഫലീകരണത്തിനായാണ് ദേവി പത്മാവതിയെ പ്രാര്‍ഥിക്കുന്നത്. പകരം നേര്‍ച്ചയായി മുതിരയും അരിയും നല്കുന്നു.ജൈന മതക്കാരുടെ സംഖ്യ കൂടുതലുള്ള അധിവസിക്കുന്ന വാറങ്കയില്‍ മൂനേമിനാധ ബസദി, ചന്ദ്രനാദ ബസദി, കേരേബസദി എന്നിങ്ങനെ മൂന്നു ജൈന ക്ഷേത്രങ്ങളാണ് പ്രധാനമായും ഉള്ളത്. ഇവയ്ക്കാകട്ടെ, ഏകദേശം 1200 വര്‍ഷത്തെ പഴക്കം ഉണ്ടെന്നു കണക്കാക്കപ്പെടുന്നു.
STORY HIGHLLIGHTS: kere-basadi