ഇന്ത്യൻ ഇൻഡെഞ്ചർ സമ്പ്രദായം എന്ന് കേട്ടിട്ടുണ്ടോ? 1833-ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിലും, 1848-ൽ ഫ്രഞ്ച് കോളനികളിലും, 1863-ൽ ഡച്ച് സാമ്രാജ്യത്തിലും അടിമത്തം നിർത്തലാക്കി. അതിനുശേഷം നിലവിൽ വന്ന, അടിമകള്‍ക്ക് പകരമായി ഇന്ത്യക്കാരായ കൂലിത്തൊഴിലാളികളെ യൂറോപ്യൻ കോളനികളിലെ തോട്ടങ്ങളില്‍ പണിയെടുക്കാന്‍ കൊണ്ടുപോകുന്ന ഒരു കരാറടിസ്ഥാനത്തിലുള്ള അടിമത്ത വ്യവസ്ഥയായിരുന്നു ഇന്ത്യൻ ഇൻഡെഞ്ചർ സമ്പ്രദായം. കരീബിയൻ രാജ്യങ്ങള്‍, സുരിനാം, ദക്ഷിണാഫ്രിക്ക, ഈസ്റ്റ് ആഫ്രിക്ക, മൗറീഷ്യസ്, സീഷല്‍സ്, റീയൂണിയൻ ദ്വീപ്, ശ്രീലങ്ക, മലേഷ്യ-സിംഗപ്പൂര്‍, മ്യാൻമർ, ഫിജി എന്നിവിടങ്ങളിലായി 2 ദശലക്ഷത്തോളം ഇന്ത്യക്കാര്‍ ഇന്ത്യൻ ഇൻഡെഞ്ചർ സമ്പ്രദായത്തിന്റെ ഭാഗമായി കുടിയേറി. ഇതില്‍ ഫ്രഞ്ച് റീയൂണിയന്‍ ദ്വീപും ഡച്ച് സുരിനാമും ഒഴികെയുള്ളതെല്ലാം ബ്രിട്ടീഷ് കോളനികളായിരുന്നു.
കൂലികള്‍/ഗിര്‍മ്മിത്യര്‍/ജഹാജികള്‍ എന്നീ പേരുകളിലാണ് ഇന്ത്യൻ ഇൻഡെഞ്ചർ തൊഴിലാളികള്‍ ഈ രാജ്യങ്ങളില്‍ വിളിക്കപ്പെട്ടത്. ഇംഗ്ലീഷ് ഭാഷാപദമായ “എഗ്രിമെന്റ്” അഥവാ കരാര്‍ എന്ന വാക്കിന്റെ വികല ഉച്ചാരണമാണ് ഗിര്‍മ്മിറ്റ്. ജഹാജ് എന്ന പദം ഇൻഡിക് ഭാഷകളിൽ ‘കപ്പൽ’ എന്നതിനെ സൂചിപ്പിക്കുന്നു, ‘കപ്പൽ വഴി വന്ന ആളുകൾ’ എന്ന അര്‍ഥത്തിലാണ് ജഹാജി എന്ന പേര് ഉപയോഗിക്കുന്നത്.
ഒരു മലയാളി ഗിര്‍മ്മിത്യരുടെ ദിനാന്ത്യക്കുറിപ്പ്
ഫിജിയിലെ ഗിര്‍മ്മിറ്റുകളുടെ ചരിത്രവും പേരുവിവരങ്ങളും സമഗ്രമായി ഉള്‍പ്പെടുത്തിയ വെബ്സൈറ്റാണ് girmitiya.girmit.org/. ഫിജിയിലെ നൗവ എന്ന സ്ഥലത്ത് പണിയെടുത്ത മലബാര്‍കാരനായ കണ്ണന്‍ എന്നയാളുടെ കുറിപ്പ് ഈ സൈറ്റില്‍ ലഭ്യമാണ്.
“ഞാൻ മലബാറിൽ നിന്നാണ്. എന്റെ ഭാഷ ഹിന്ദുസ്ഥാനിയല്ല. ഫിജിയിലെ നവുവയിലാണ് ഞാൻ കരാര്‍ തൊഴിലാളിയായിരുന്നത്.
ഞാൻ എന്തിനാണ് ഇവിടെ വന്നതെന്ന് വിവരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. കൂലിപ്പണിക്കാരായി എത്തിയവരെല്ലാം വിചിത്രമായ ജീവിത സാഹചര്യങ്ങളിലാണ് ഇവിടെയെത്തിയത്.
എന്നെ ഒരു റിക്രൂട്ടർ പ്രലോഭിപ്പിച്ചു, എനിക്ക് ഫിജിയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഡിപ്പോയിൽ ഞങ്ങള്‍ എല്ലാവരും തിന്നുകയും കുടിക്കുകയും ആഹ്ലാദിക്കുകയും മാത്രമാണ് ചെയ്തത്. കപ്പലിൽ ഞങ്ങൾക്ക് നല്ല ഭക്ഷണം കിട്ടി. ഞങ്ങൾ ഭക്ഷണം പാകം ചെയ്യാൻ പുലർച്ചെ 3 മണിക്ക് ഉണർന്നു. ഞങ്ങളെ ജോലി ചെയ്യിപ്പിച്ചിരുന്ന ഓസ്‌ട്രേലിയൻ വെള്ളക്കാർ ദുഷ്ടന്മാരായിരുന്നു, കാരണം എന്റെ മാതാപിതാക്കൾ പറഞ്ഞിരുന്നതുപോലെ, ഓസ്‌ട്രേലിയൻ വെള്ളക്കാർ ജയിൽ പുള്ളികളായിരുന്നു. കുറ്റവാളികളായ വെള്ളക്കാരെ അയച്ചിരുന്ന ജയിലുകളാണ് സിഡ്നിയും ഓസ്ട്രേലിയയും എന്ന് ഇന്ത്യയിൽ ഞങ്ങൾക്ക് അറിയാമായിരുന്നു.
അവരും ഞങ്ങളെപ്പോലെ തന്നെ അഞ്ച് വർഷത്തേക്ക് ജോലിക്ക് കരാറെടുത്തിരുന്നു. അവർക്കും പൂര്‍ത്തിയാക്കാൻ ഒരു ഗിർമിറ്റ് (എഗ്രിമെന്റ്) ഉണ്ടായിരുന്നു. അവർ ഞങ്ങളെ ചവിട്ടുകയും ചാട്ടവാറിന് അടിക്കുകയും ചെയ്യാറുണ്ടായിരുന്നു.”
ഇൻഡഞ്ചർ തൊഴില്‍ക്രമം ഫിജിയില്‍
1874-ലാണ് ഫിജി ബ്രിട്ടീഷ് അധീനതയിലാകുന്നത്. ഫിജിക്ക് സുസ്ഥിരമായ ഒരു സാമ്പത്തിക അടിത്തറ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട് കൊളോണിയൽ അധികാരികൾ കരിമ്പ് വ്യവസായത്തെ പ്രോത്സാഹിപ്പിച്ചു. എന്നാല്‍ തദ്ദേശീയരില്‍ നിന്ന് തൊഴിലാളികളെ കണ്ടെത്താന്‍ ബ്രിട്ടീഷ് അധികാരികൾ ശ്രമിച്ചില്ല. ഇതിനൊരു പ്രധാന കാരണം അവിടെ നിലനിന്നിരുന്ന ഫിജിയന്‍ നാടുവാഴിത്തത്തെ തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ തയ്യാറായില്ല എന്നതാണ്. ചൂഷണത്തിന്റെ സാമൂഹിക അടിത്തറയായി നാടുവാഴിത്തം തുടര്‍ന്നുപോകണമെന്നാണ് ബ്രിട്ടീഷുകാര്‍ ആഗ്രഹിച്ചത്. 1875-ല്‍ സർ ആർതർ ഹാമിൽട്ടൺ-ഗോർഡൻ പിതിയ ഗവര്‍ണറായി നിയമിക്കപ്പെട്ടു. അദ്ദേഹമാണ് 1837 മുതൽ വിവിധ ബ്രിട്ടീഷ് കോളനികളിൽ വിജയകരമായി നിലനിന്നിരുന്ന ഇൻഡെഞ്ചർ തൊഴിൽക്രമം ഫിജിയിലും നടപ്പിലാക്കാൻ തീരുമാനിച്ചത്. 1879 മേയ് 14-ന് ലിയോണിഡാസ് എന്ന കപ്പലില്‍ 463 പേര്‍ അടങ്ങുന്ന ആദ്യ ഇന്ത്യന്‍ സംഘം ഫിജിയുടെ തീരമണഞ്ഞു. എഴുപത് ദിവസത്തോളം സമയമെടുത്താണ് കപ്പല്‍ എത്തിയത്.
ഇൻഡെഞ്ചർ തൊഴിലാളികള്‍ക്കായി ഒരു റിക്രൂട്ടിംഗ് ഓഫീസ് കൊൽക്കത്തയിലും പിന്നീട് മദ്രാസിലും സ്ഥാപിക്കപ്പെട്ടു. റിക്രൂട്ടിംഗ് കേന്ദ്രങ്ങളില്‍നിന്ന് ഏജന്റുമാര്‍ തൊഴിലാളികളെ പിടികൂടാനിറങ്ങി. വലിയ തുക അവര്‍ക്ക് കമ്മീഷനായി ലഭിക്കുമായിരുന്നു. തൊഴിലാളികളെ കൊണ്ടുപോകാന്‍ ജില്ലാ മജിസ്റ്റ്രേറ്റിന്റെ അനുമതി വേണമായിരുന്നു. പലരെയും തട്ടിക്കൊണ്ടുപോയി വ്യാജരേഖകളുണ്ടാക്കി കൊണ്ടുവന്നപ്പോൾ ചിലർ സ്വന്തം ഇഷ്ടപ്രകാരം വന്നു. പുരുഷന്മാര്‍ മാത്രമായാല്‍ ശരിയാവില്ലെന്നുകണ്ട് സ്ത്രീകളെയും റിക്രൂട്ട് ചെയ്തു. 70% ത്തിലധികം പേരും ഇപ്പോഴത്തെ കിഴക്കൻ യുപിയിലെയും ബിഹാറിലെയും ബസ്തി, ഗോണ്ട, ഫൈസാബാദ് തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരായിരുന്നു. ദക്ഷിണേന്ത്യയില്‍ വടക്കൻ ആർക്കോട്ട്, ചെങ്കല്പേട്ട്, മദ്രാസ് പ്രദേശങ്ങളിൽ നിന്നാണ് മറ്റൊരു വിഭാഗം വന്നത്. പഞ്ചാബ്, ഹരിയാന, കാശ്മീർ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും ചെറിയ സംഖ്യ ഉണ്ടായിരുന്നു.
വാഗ്ദാനങ്ങള്‍ നല്‍കിയും വസ്തുതകള്‍ മറച്ചുവെച്ചുമാണ് അഞ്ചുവര്‍ഷത്തെ കരാറില്‍ മിക്ക തൊഴിലാളികളെയും ഒപ്പുവെപ്പിച്ചത്. കരാര്‍ കാലാവധി അവസാനിച്ചാലും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള ഫിജിയില്‍നിന്ന് അന്നത്തെ ഗതാഗത സൗകര്യം വെച്ച് ഒരു തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമായിരുന്നു. ഒപ്പിട്ട കരാര്‍ എന്താണെന്ന് പലര്‍ക്കും മനസ്സിലായതുപോലുമില്ല. എത്രകാലമെന്നോ, പോകുന്ന നാട് ഏതെന്നോ, ദൂരം എത്രയെന്നോ പറയാതെയാണ് പലരെയും കപ്പല്‍ കയറ്റിയത്. ചിലരോട് പോകുന്നത് സിംഗപ്പൂരിലേക്കും പെനാങിലേക്കും ഒക്കെയാണെന്ന് പറഞ്ഞു. തോട്ടങ്ങളിലെ ദുര്‍ഘടാവസ്ഥയെയും അധ്വാനഭാരത്തെയും കുറിച്ച് മുന്‍കൂട്ടി പറഞ്ഞില്ല. ലഭിക്കാന്‍ പോകുന്ന വേതനത്തെ പെരുപ്പിച്ച് കാട്ടി.
ഇൻഡെഞ്ചർ കാലഘട്ടത്തിലെ ജീവിതം
1917 ആയപ്പോഴേക്കും ഫിജിയിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം അറുപതിനായിരം കവിഞ്ഞു. ഭൂരിഭാഗം ഗിർമിത്യകളും ജോലി ചെയ്തിരുന്ന കരിമ്പ് തോട്ടങ്ങളിലെ ജീവിത സാഹചര്യങ്ങൾ പലപ്പോഴും മോശമായിരുന്നു. “കൂലി ലൈനുകൾ” എന്ന് വിളിക്കപ്പെട്ട ഷെഡ്ഡുകളിലായിരുന്നു തൊഴിലാളികളുടെ താമസം. ആരോഗ്യ സംവിധാനങ്ങള്‍ പരിതാപകരമായിരുന്നു. തൊഴിലിടങ്ങളിലെ മര്‍ദ്ദനവും സമയക്രമമില്ലാത്ത പണിയെടുപ്പിക്കലും കൊണ്ട് തൊഴിലാളികള്‍ വലഞ്ഞു.
ഇൻഡെഞ്ചർ തൊഴില്‍ക്രമത്തിനെതിരെ ഇന്ത്യയിലും ബ്രിട്ടനിലും പൊതുജനരോഷം ഉയര്‍ന്നുവന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനങ്ങളില്‍ തൊഴിലാളികളുടെ കയറ്റുമതിക്കെതിരെ പ്രമേയം പാസാക്കി. ഗാന്ധിജിയുടെ നിര്‍ദ്ദേശ പ്രകാരം സി.എഫ്. ആന്‍ഡ്രൂസ് 1916-ല്‍ ഫിജി സന്ദര്‍ശിക്കുകയും ഇൻഡെഞ്ചർ തൊഴിലാളികളുടെ അവസ്ഥയെപ്പറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. എതിര്‍പ്പുകളെ തുടര്‍ന്ന് 1919 ഡിസംബര്‍ 31 തൊട്ട് എല്ലാ തൊഴിലാളികളെയും കരാറില്‍നിന്ന് മോചിപ്പിച്ച്കൊണ്ട് ഇൻഡെഞ്ചർ വ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കുകയുണ്ടായി.
ഫിജി ഇന്ത്യൻ ജനതയുടെ ആവിർഭാവം
കരാര്‍ പ്രകരമുള്ള അഞ്ച് വർഷത്തെ ജോലിക്ക് ശേഷം സ്വന്തം ചെലവില്‍ ഇന്ത്യയിലേക്ക് മടങ്ങുകയോ ഫിജിയിൽ തുടരുകയോ ചെയ്യുന്നതിനുള്ള തിരഞ്ഞെടുക്കല്‍ അവർക്ക് നൽകി. സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങണമെങ്കില്‍ നല്ലൊരു തുക ടിക്കറ്റിനായി നല്‍കണം. ആ തുക കൂലിയില്‍ നിന്ന് മിച്ചം പിടിക്കുക എളുപ്പമായിരുന്നില്ല. ബഹുഭൂരിപക്ഷവും ഫിജിയില്‍ തുടരാൻ തീരുമാനിച്ചു. അവരുടെ ഗിർമിറ്റ് (കരാര്‍) കാലഹരണപ്പെട്ടതിന് ശേഷം, പലരും ഫിജിയിൽ നിന്ന് ചെറിയ പ്ലോട്ടുകൾ പാട്ടത്തിനെടുക്കുകയും സ്വന്തമായി കരിമ്പ് പാടങ്ങളോ കന്നുകാലി ഫാമുകളോ വികസിപ്പിച്ചെടുക്കുകയും ചെയ്തു. മറ്റുചിലർ വളർന്നു തുടങ്ങിയ പട്ടണങ്ങളിൽ ബിസിനസ്സിലേക്ക് പോയി.
ഇൻഡെഞ്ചർ സമ്പ്രദായം തുടർന്നുള്ള തലമുറകളിൽ ചില നല്ല മാറ്റങ്ങൾ ഉണ്ടാക്കി. ഒന്നാമതായി, വ്യത്യസ്ത ജാതികളിൽപ്പെട്ട ആളുകൾ ഒരുമിച്ച് ജോലി ചെയ്യാനും ഭക്ഷണം കഴിക്കാനുമുള്ള ആവശ്യം ജാതിവ്യവസ്ഥയുടെ അന്ത്യത്തിലേക്ക് നയിച്ചു. കൂടാതെ, സ്ത്രീകളുടെ അഭാവം പലരും അവരുടെ ജാതിക്ക് പുറത്ത് വിവാഹം കഴിക്കുന്നതിലേക്ക് നയിച്ചു.
പ്രധാനമായും കിഴക്കൻ ഉത്തർപ്രദേശിലെയും ബിഹാറിലെയും അവധിയും ഭോജ്‌പുരിയും സംസാരിക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു തൊഴിലാളികള്‍. ഇവരില്‍നിന്ന് വികസിച്ച ഫിജി ഹിന്ദുസ്ഥാനി ഭാഷ ഇപ്പോൾ മിക്കവാറും എല്ലാ ഫിജി ഇന്ത്യക്കാരുടെയും മാതൃഭാഷയാണ്. നിരവധി തദ്ദേശീയ ഫിജിയൻ, ഇംഗ്ലീഷ് വാക്കുകൾ ഉൾപ്പെടുത്തി ഈ സങ്കരഭാഷയെ കൂടുതൽ സമ്പന്നമാക്കി.
മലയാളി കുടിയേറ്റത്തിന്റെ അവശേഷിപ്പുകള്‍
1970-ല്‍ ഫിജി സ്വതന്ത്ര രാഷ്ട്രമായി. കടല്‍ കടന്ന് എത്തിയ ഇന്ത്യക്കാര്‍ ഫിജിയുടെ മോചനം സാധ്യമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. 1980-കളുടെ അവസാനത്തോടെ ഫിജിയില്‍ മണ്ണിന്റെ മക്കള്‍ വാദമുയര്‍ന്നു തുടങ്ങി. ഇതോടെ ഇന്ത്യന്‍ വംശജരുടെ അവസരങ്ങള്‍ പരിമിതപ്പെട്ടു. ജനാധിപത്യ ഭരണക്രമം പലതവണ അട്ടിമറിക്കപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷിതത്വം സംശയത്തിലായി. പലരും ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും കുടിയേറി.
മലയ, ശ്രീലങ്ക, മ്യാന്മാര്‍ എന്നിവിടങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ ഫിജിയിലെത്തിയ മലയാളികള്‍ ചുരുക്കമാണ്. എങ്കിലും മലയാളി കുടിയേറ്റത്തിന്റെ ചില അവശേഷിപ്പുകള്‍ ഫിജിയുടെ ചരിത്രത്തില്‍ കാണാം. ഫിജിയിലേക്ക് പോയ മലയാളികളില്‍ ഭൂരിഭാഗവും മലബാറില്‍ നിന്നായിരുന്നു. ഫിജിയുടെ നാലാമത്തെ പ്രധാനമന്ത്രി ആയിരുന്ന മഹേന്ദ്ര ചൗധരി അമ്മവഴി മലയാളിയാണ്. ചൗധരിയുടെ അമ്മ കേരളത്തില്‍നിന്ന് ഫിജിയിലെത്തിയ ഒരു കൂലിത്തൊഴിലാളിയുടെ മകളായിരുന്നു. നടുവട്ടത്ത് നിന്ന് പോയ മൊയ്തീന്‍ കോയ ഹാജിയുടെ മകന്‍ സിദ്ദിഖ് മൊയ്തീന്‍ കോയ ഫിജിയന്‍ സ്വാതന്ത്ര പ്രസ്ഥാനത്തിന്റെ നേതാവും പിന്നീട് പ്രതിപക്ഷ നേതാവുമായി. അദ്ദേഹത്തിന്റെ മകന്‍ ഫയ്യാസ് സിദ്ദിഖ് കോയ നിലവില്‍ മന്ത്രിയുമാണ്.
മലബാറില്‍നിന്ന് ഫിജിയില്‍ എത്തിയവര്‍ തുടങ്ങിയ മൗനത്തുല്‍ ഇസ്ലാം അസോസിയേഷന്‍ ഓഫ് ഫിജി എന്ന സംഘടന ഇന്നും സജീവമാണ്. മാലപ്പാട്ടുകളും മൗലിദുകളും വിവാഹ സദസ്സുകളില്‍ കൈമുട്ടിപ്പാട്ടും ദഫ്മുട്ടും ഇന്നും തുടര്‍ന്നുപോരുന്നു.