ചെറുവണ്ണൂർ പവിത്രം ജ്വല്ലറി കവർച്ചാ കേസിലെ പ്രതിയെ ബിഹാറിൽനിന്നു സാഹസികമായി പിടികൂടി മേപ്പയൂർ പോലീസ്. ബിഹാർ കിഷൻഗഞ്ച് ജില്ലയിലെ ദിഗൽ ബങ്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ മങ്കുര ബാൽവാടങ്കി ഹൗസിൽ മുഹമ്മദ് മിനാർ ഉൽഹഖ് (24) ആണ് അറസ്റ്റിലായത്. ജൂലൈ ആറിന് പുലർച്ചെ ജ്വല്ലറിയുടെ പിന്നിലെ ചുവർ കുത്തിത്തുറന്ന് 250 ഗ്രാം സ്വർണ്ണവും 5 കിലോഗ്രാം വെളളിയാഭരണങ്ങളും ആണ് പ്രതി മോഷ്ടിച്ചത്. കേസിലെ പ്രധാന സൂത്രധാരൻ ഇസാഖ് മാംഗുരയെ പിടികൂടാൻ സാധിച്ചില്ല.
ഇസാഖ് മാംഗുര മുയിപ്പോത്ത്, പേരാമ്പ്ര ഭാഗങ്ങളിൽ ജോലി ചെയ്തുവരികയുമായിരുന്നു. മോഷണം കൃത്യമായി പ്ലാൻ ചെയ്ത ശേഷം ജൂലൈ 5ന് ബിഹാറിൽ നിന്നും മുഹമ്മദ് മിനാർ ഉൽഹഖ് കേരളത്തിൽ എത്തി. പുലർച്ചെ ജ്വല്ലറിയുടെ പിന്നിലെ ചുമർ കുത്തിത്തുറന്ന് സ്വർണവും വെള്ളിയും കവർച്ച ചെയ്യുകയും പുലർച്ചെ നാട്ടിലേക്ക് ട്രെയിൻ മാർഗം രക്ഷപ്പെടുകയുമായിരുന്നു.
യാതൊരു തെളിവുകളും ഇല്ലാതെ കേസിൽ പോലീസ് ആഴ്ചകളോളം പ്രതിയെ തേടി അലഞ്ഞു. പരിസര പ്രദേശങ്ങളിലെ സിസിടികൾ മുഴുവൻ പരിശോധിച്ചെങ്കിലും അസാധാരണമായി ഒന്നും കാണാൻ കഴിഞ്ഞില്ല. എന്നാൽ വടകര മുതൽ പന്നിമുക്ക് വരെയുള്ള ക്യാമറകൾ പരിശോധിച്ചപ്പോഴാണ് മുയിപ്പോത്ത് ടൗണിലുള്ള സിസിടിവി ക്യാമറയിൽ 6ന് പുലർച്ചെ 2 പേർ ദൃതിയിൽ നടന്നു പോകുന്ന ചിത്രം കാണുന്നത്. പ്രതികൾ ബിഹാർ സ്വദേശികൾ ആണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് അന്വേഷണ സംഘത്തിലെ 4 പേർ ബിഹാറിലേക്ക് തിരിച്ചത്. കഴിഞ്ഞ 18നായിരുന്നു കേരള പൊലീസ് സംഘം ബിഹാറിലേക്ക് തിരിച്ചത്. 22നാണ് ആദ്യ പ്രതിയെ മാർക്കറ്റിൽ വച്ച് പിടികൂടി.
അയാളുടെ മൊഴി പ്രകാരമാണ് സൂത്രധാരൻ അവിടെ ഉണ്ടെന്ന് മനസിലാകുന്നതും പിടിക്കാനുള്ള ശ്രമം നടത്തുന്നതും. 22 ന് രാത്രി തന്നെ പിടികൂടാനുള്ള ശ്രമം നടത്തി. 7 മണിയോടെ വീട്ടിൽ എത്തിയെങ്കിലും അറിയാത്തവരെ കണ്ട പ്രതി തോക്കെടുത്ത് ബഹളം വച്ച് ആളുകളെ കൂട്ടുകയായിരുന്നു. അര മണിക്കൂർ കൊണ്ട് പ്രദേശവാസികളായ ക്രിമിനലുകൾ ആയുധങ്ങളുമായി എത്തി പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സമസ്ത സിമാബെൻ ഉദ്യോഗസ്ഥർ എത്തി തടയുകയായിരുന്നു. 23 ന് പ്രതികളുമായി തിരിച്ച സംഘം ഭക്ഷണം പോലും കഴിക്കുന്നത് 26ന് രാത്രിയോടെ പാലക്കാട് എത്തിയതിന് ശേഷമാണ്.
മുൻ പേരാമ്പ്ര ഡിവൈഎസ്പി കെ.എം.ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും തുടർന്ന് ചുമതലയേറ്റ ഡിവൈഎസ്പി വി.വി.ലതീഷ് അന്വേഷണത്തിന് നേതൃത്വം നൽകുകയുമായിരുന്നു. എസ്ഐ സുധീർ ബാബു, എഎസ്ഐ കെ.ലിനേഷ്, സിവിൽ പൊലീസ് ഒഫിസർമാരായ പി.സിഞ്ചുദാസ്, കെ.ജയേഷ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെ രാത്രിയോടെ മേപ്പയൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
STORY HIGHLIGHT: jewellery theft accused caught from bihar