ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ പരാതി നല്‍കി ബിജെപി നേതാവ് രമേശ്. ലോകായുക്തയ്ക്കാണ് ബിജെപി നേതാവ് പരാതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. സിദ്ധാര്‍ത്ഥ് വിഹാര്‍ ട്രസ്റ്റിന് അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മന്ത്രി പ്രിയങ്ക് എം ഖാര്‍ഗെ, രാഹുല്‍ എം ഖാര്‍ഗെ, രാധാഭായ് എം ഖാര്‍ഗെ, രാധാകൃഷ്ണ, കര്‍ണാടക മന്ത്രി എം ബി പാട്ടീല്‍, ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ എസ് സെല്‍വകുമാര്‍ എന്നിവരെയാണ് പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പരാതിയില്‍ പേരുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് രമേശ് ആവശ്യപ്പെട്ടു.
രണ്ട് വ്യത്യസ്ത സര്‍ക്കാര്‍ ഏജന്‍സികള്‍ സിദ്ധാര്‍ഥ് വിഹാര്‍ ട്രസ്റ്റിന് സ്വത്തുക്കള്‍ അനുവദിച്ചതായി പരാതിയില്‍ പറയുന്നു. 394 പേജുകളുള്ള രേഖകളാണ് തന്റെ വാദങ്ങള്‍ ശരിവെക്കുന്നതിനായി ബിജെപി നേതാവ് തെളിവായി സമര്‍പ്പിച്ചിരിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിസന്ധിയിലായിരിക്കുന്ന സമയത്താണ് ഖാര്‍ഗെയ്ക്കും കുടുംബത്തിനുമെതിരെ പരാതിയുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.