ഒരു വീടുവെയ്ക്കാന്‍ എത്രമാസം വേണം. കുറഞ്ഞത് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ എടുക്കും. ഇത് നമ്മുടെ ഇഷ്ടത്തിന് ചെയ്യുന്ന വീടാണെങ്കില്‍. എന്നാല്‍, സര്‍ക്കാര്‍ വെച്ചു നല്‍കുന്ന വീടണെങ്കിലോ ?. സര്‍ക്കാരിന്റെ പ്ലാനില്‍, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ചെയ്യുന്നതിന് ആറ് മാസം കഷ്ടിച്ച് മതിയാകും. ഏതെങ്കിലും പ്രത്യേക ദുരന്തത്തില്‍പ്പെട്ട് മരിക്കുന്നവരുടെ കുടുംബത്തിനു വേണ്ടി തദ്ദേശ ഭരണസ്ഥാപനങ്ങള്‍ പ്രഖ്യാപിക്കുന്ന വീടുകളാണെങ്കില്‍ അത് യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കാനേ നോക്കൂ. കാരണം, ആ വീടിനുവേണ്ടി കാത്തിരിക്കുന്നത്, ദുരന്തത്തിന്റെ ഇരകളാണെന്ന ബോധ്യവും ബോധവും ഉള്ളതു കൊണ്ടാണത്.
പക്ഷെ, ദൗര്‍ഭാഗ്യകരമായ ഒരു കാര്യം തിരുവനന്തപുരം കോര്‍പ്പറേഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും ഭാഗത്തു നിന്നുണ്ടായിരിക്കുകയാണ്. ഓര്‍മ്മയുണ്ടോ ജോയിയെ ?. തിരുവനന്തപുരം നഗരത്തിന്റെ എല്ലാ മാലിന്യങ്ങളും പേറി ശാപമോക്ഷം കിട്ടാതെ ഒഴുകുന്ന തോട്ടില്‍ വീണ് ജീവന്‍ നഷ്ടപ്പെട്ട മാരായമുട്ടം സ്വദേശി എന്‍. ജോയിയെ. എന്തിലും ഏതിലും ”കേരളം നമ്പര്‍ വണ്‍” എന്ന പരസ്യം നല്‍കുന്നതില്‍ മടിക്കാത്ത, എന്നാല്‍ കേരളം ഏറെ പിന്നിലായിപ്പോകുന്ന കാര്യങ്ങളെക്കുറിച്ച് മിണ്ടാത്തവര്‍ ആ പാവം മനുഷ്യനെ മറുന്നുപോയിരിക്കുന്നു. ജോയിയുടെ അമ്മയ്ക്കു നല്‍കിയ വാക്കും മറന്നിരിക്കുന്നു. അവര്‍ക്കൊരു വീടുവെച്ചു നല്‍കാമെന്ന് മേനി പറഞ്ഞവര്‍ വീടുവെയ്ക്കാന്‍ സ്ഥലം അന്വേഷിക്കുന്നതിന്റെ പേരില്‍ തമ്മില്‍ തര്‍ക്കിക്കുകയാണ് ഇപ്പോഴും.
വീട്‌വെച്ചു നല്‍കാമെന്നേറ്റത് കോര്‍പ്പറേഷന്‍, സ്ഥലം അന്വേഷിച്ച് കണ്ടെത്തി വാങ്ങി നല്‍കേണ്ടത് ജില്ലാ പഞ്ചായത്ത്. സ്ഥലം വാങ്ങാന്‍ പണം അനുവദിക്കുന്നത് തദ്ദേശ വകുപ്പ്. ഇതാണ് പ്രശ്‌നം. സര്‍ക്കാര്‍ അനുവദിച്ച പണത്തിന് സ്ഥലം കിട്ടില്ലെന്നും കൂടുതല്‍ തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് കത്തു കൊടുത്തിരിക്കുകയാണിപ്പോള്‍. സ്ഥലം കിട്ടാത്തതു കൊണ്ട് കോര്‍പ്പറേഷന് വീടുവെച്ചു നല്‍കാന്‍ കഴിയുന്നില്ലെന്ന ന്യായം. സ്ഥലത്തിന് അനുവദിച്ച തുക പോരെന്ന നായം പറഞ്ഞ് ജില്ലാ പഞ്ചായത്ത്. ഇങ്ങനെ ന്യായം പറഞ്ഞ് കാലം കഴിച്ചു കൂട്ടുമ്പോള്‍ ജോയിയെ സ്വാഭാവികമായും മറന്നു പോകും.
പക്ഷെ, ആ അമ്മയ്ക്ക് മകനെ മറക്കാനാവില്ലല്ലോ. സര്‍ക്കാര്‍ നല്‍കിയ വാക്ക് മറന്നുപോയേക്കാം. എങ്കിലും കടമ മറക്കാന്‍ പാടില്ലെന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ കോര്‍പ്പറേഷനോടുണ്ട്. വീടുവെച്ചു കൊടുക്കാന്‍ തീരുമാനിക്കുമ്പോള്‍ അതില്‍ വീടുവെയ്ക്കാനുള്ള സ്ഥലവും കൂടി ഉള്‍പ്പെടാത്തതെന്താണ്?. സ്ഥലം ജില്ലാപഞ്ചായത്താണ് നല്‍കേണ്ടതെന്ന വാശി എന്തിനാണ്. ഒരമ്മയെ ഇനിയും വേദനിപ്പിക്കുന്നതിനേക്കാള്‍ പൊള്ള വാഗ്ദാനം നല്‍കാതെ മിണ്ടാതിരുന്നാല്‍ മതിയായിരുന്നില്ലേ. നഗരവാസികളുടെ മാലിന്യം നീക്കാന്‍ ഇറങ്ങിയ ജോയിയെ കാണാതായപ്പോള്‍ എന്തൊക്കെ സംവിധാനങ്ങളാണ് എത്തിച്ചത്. എന്തൊക്കെയാണ് ആമയിഴഞ്ചാന്‍ തോട്ടിനു മുകളില്‍ നിന്നുകൊണ്ട് മേയര്‍ പറഞ്ഞത്.
ഇന്നും ആമയിഴഞ്ചാന്‍ തോട് മാലിന്യ തോടായിത്തന്നെ ഒഴുകുകയാണ്. അതിനെ ഒന്നും ചെയ്യാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. വെറും രാഷ്ട്രീയ സ്റ്റണ്ടിനപ്പുറം മേയര്‍ ആര്യാ രാജേന്ദ്രകന് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ അവര്‍ക്ക് വീട് വെച്ചു കൊടുക്കുകയാണ് വേണ്ടത്. അതും യുദ്ധകാലാടിസ്ഥാനത്തില്‍. ഒരു വീടു വെയ്ക്കാന്‍ കോര്‍പ്പറേഷന്‍ ഭരിക്കാന്‍ കിട്ടുന്ന അഞ്ചു വര്‍ഷമൊന്നും വേണ്ട. കൊട്ടാരമോ മണി മാളികയോ ഒന്നുമല്ലല്ലോ പണിയുന്നത്. കോടികള്‍ മുടക്കുകയുമല്ല. കോര്‍പ്പറേഷന്റെ ഭവനനിര്‍മ്മാണ ചട്ടവും നിയമവും വെച്ചുള്ള വീടല്ലേ. അത് നിര്‍മ്മിക്കാന്‍ എത്ര സമയം വേണമെന്ന് ജനങ്ങള്‍ക്കറിയാം.
ഇന്നും വീടിന് സ്ഥലം കണ്ടെത്താന്‍ പോലും കഴിയാത്ത ഭരണ വര്‍ഗത്തിന്റെ വാക്കിനെ ജനം എങ്ങനെ വിശ്വസിക്കും. ജോയിയുടെ ദാരുണമായ മരണം സംഭവിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും സ്ഥലം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട് നില്‍ക്കുകയാണ് ഭരണ വര്‍ഗം. എന്തു തോല്‍വിയാണിത്. ഇങ്ങനെയാണ് ദുരന്ത ബാധിതരുടെ കുടുംബങ്ങളെ ചേര്‍ത്തു പിടിക്കുന്നത്. വയനാടിനെ സഹായിക്കാന്‍ ദുരിതാശ്വാസ ഫണ്ട് പിരിക്കുന്നതു പോലെ, ജോയിയുടെ അമ്മയ്ക്ക് ഒരു വീടുവെച്ചു കൊടുക്കാന്‍ സ്ഥലത്തിനായി ജനങ്ങളോടു ചോദിക്കൂ. അവര്‍ പണം കണ്ടെത്തിത്തരും. അങ്ങനെയെങ്കിലും ആ അമ്മയെ സഹായിക്കണം.
കേരളത്തിന്റെ സ്ഥലമെല്ലാം കൈവശമുള്ള റവന്യൂ വകുപ്പിനും സ്ഥലമില്ല, ജില്ലാ പഞ്ചായത്തിന്റെ സ്ഥലവുമില്ല, സ്വകാര്യ ഭൂമി വാങ്ങാന്‍ പണവും തികയില്ല. ഈ അവസ്ഥയില്‍ ജോയിയുടെ അമ്മക്ക് വീട് കിട്ടുമെന്ന പ്രതീക്ഷയും വേണ്ട. വീടുവെച്ചു കൊടുക്കാമെന്നല്ലേ പറഞ്ഞിട്ടുള്ളൂ. എന്ന് കൊടുക്കുമെന്നു പറഞ്ഞിട്ടില്ലല്ലോ. അതുകൊണ്ട് ഇഷ്ടംപോലെ സമയമുണ്ട്. ജോയിയുടെ അമ്മ മരിക്കുന്നതിനു മുമ്പെങ്കിലും വീട് കിട്ടുമോ എന്നാണ് ഇപ്പോള്‍ സംശയം.
content highlights; Will you give a house to Joyai’s mother, who died after falling in the turtle pond: How long should I wait to keep my promise?