കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ വിടവാങ്ങുമ്പോള്‍ ഒപ്പം അസ്തമിക്കുന്നത് തീക്ഷ്ണ യൗവ്വനത്തിന്റെ വിപ്ലവ കാലഘട്ടത്തില്‍ നടത്തിയ സമര പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ്. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവില്‍ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ (54) മരണത്തിന് കീഴടങ്ങുകയാണ്. ലാല്‍സലാം സഖാവെ. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ആഗസ്ത് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ പുഷ്പരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൂത്തുപറമ്പില്‍ 1994 നവംബര്‍ 25ന് നടന്ന ഡി.വൈ.എഫ്.ഐ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ സുഷുമ്‌ന നാഡി തകര്‍ന്ന് ഇരുപത്തിനാലാം വയസില്‍ കിടപ്പിലായതാണ് പുഷ്പന്‍. ചികിത്സയും മരുന്നുമായി വേദനയിലൂടെയുള്ള നിരന്തരയാത്രയായിരുന്നു ജീവിതം. അസുഖബാധിതനായ ഓരോതവണയും മരണമുഖത്തുനിന്ന് കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നു. സി.പി.എം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു. പുഷ്പനെ കാണാന്‍ ചെഗുവേരയുടെ മകള്‍ അലിഡ ഗുവേര ഉള്‍പ്പെടെ അനേകം വിപ്ലകാരികള്‍ മേനപ്രത്തെ വീട്ടിലെത്തിയിട്ടുണ്ട്.
ബാലസംഘത്തിലൂടെയാണ് പുഷ്പന്‍ ഇടതുപക്ഷ ആശയത്തിന്റെ വോളന്റിയറായി മാറിയത്. നോര്‍ത്ത് മേനപ്രം എല്‍പി സ്‌കൂളിലും ചൊക്ലി രാമവിലാസം സ്‌കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ചു. സ്‌കൂളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍. വീട്ടിലെ പ്രയാസം കാരണം പഠനം നിര്‍ത്തി ആണ്ടിപീടികയിലെ പലചരക്ക് കടയില്‍ ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളില്‍ ജോലിചെയ്തു. ബംഗളൂരുവില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സമരത്തില്‍ പങ്കെടുത്തത്.
യുഡിഎഫ് സര്‍ക്കാറിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ മന്ത്രി എം വി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പന് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന കെ.കെ രാജീവന്‍. കെ.വി. റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നിവര്‍ രക്തസാക്ഷികളായി. ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്‍ തളര്‍ന്ന ശരീരവുമായി ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും സമ്മേളനങ്ങളില്‍ പലവട്ടം പങ്കെടുത്തു.
ഡിവൈഎഫ്ഐ നിര്‍മ്മിച്ചുനല്‍കിയ വീട്ടിലായിരുന്നു താമസം. കര്‍ഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളില്‍ അഞ്ചാമനാണ് പുഷ്പന്‍. സഹോദരങ്ങള്‍: ശശി, രാജന്‍, അജിത (പുല്ലൂക്കര), ജാനു, പ്രകാശന്‍ (താലൂക്ക് ഓഫീസ് തലശേരി). കൂത്തുപറമ്പ് വെടിവയ്പിന്റെ ഒരു വാര്‍ഷികദിനത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി പുഷ്പനു സമ്മാനിച്ച ഫലകത്തിലെ വരികള്‍ ഇങ്ങനെയാണ്.
‘നീ വീണുപോയിട്ടും നിന്റെ വെളിച്ചം മങ്ങിയിട്ടില്ല
അവര്‍ നിന്നെ നിശബ്ദനാക്കിയില്ല
നീ മൂകനല്ല
നിന്റെ കരുത്തും ആവേശവും
ഞങ്ങളെന്നും കാത്തുസൂക്ഷിക്കുന്നു
അവര്‍ക്കു ഞങ്ങളെ തടയാനാകില്ല,
പ്രിയ സഖാവേ….’
28-ാം കൂത്തുപറമ്പ് രക്തസാക്ഷിത്വദിനം ആചരിക്കാനുള്ള ഒരുക്കത്തിലാണു സംഘടനയും പാര്‍ട്ടിയും. രക്തസാക്ഷിത്വ ദിനാചരണ വേദികളില്‍ ഇക്കുറി പുഷ്പന്റെ സാന്നിധ്യമുണ്ടാകില്ല. പകരം പുഷ്പന്റെ ഓര്‍മ്മകള്‍ മാത്രം. 1994 നവംബര്‍ 25 ഒരു വെള്ളിയാഴ്ചയായിരുന്നു പുഷ്പനെ ജീവിക്കുന്ന രക്തസാക്ഷിയാക്കിയതും കൂടെയുള്ള അഞ്ചു സഖാക്കളെ രക്ഷതസാക്ഷികളാക്കിയതും. സ്വാശ്രയവിദ്യാഭ്യാസ പ്രശ്നവുമായി ബന്ധപ്പെട്ട് മന്ത്രിമാരെ വഴിയില്‍ തടയാന്‍ ഡി.വൈ.എഫ്.ഐ തീരുമാനിച്ച സമയം. കൂത്തുപറമ്പില്‍ അര്‍ബന്‍ സഹകരണ ബാങ്ക് സായാഹ്ന ശാഖ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി എം.വി. രാഘവന്‍. ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ട മന്ത്രി എന്‍. രാമകൃഷ്ണന്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെ തുടര്‍ന്നു പിന്‍വാങ്ങി.
എന്നാല്‍ പിന്‍മാറാതെ രാഘവന്‍ പങ്കെടുക്കാനെത്തി. കൂത്തുപറമ്പിലും പരിസരത്തും വന്‍ പൊലീസ് സന്നാഹം. രണ്ടായിരത്തോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. പകല്‍ 11.55 ആയപ്പോഴേക്കും പൊലീസ് സംരക്ഷണത്തോടെ മന്ത്രിയെത്തി. തുടര്‍ന്ന് ഡി.വൈ.എഫ്.ഐക്കാര്‍ മുദ്രാവാക്യം മുഴക്കി മന്ത്രിക്കു നേരെ പാഞ്ഞടുക്കാന്‍ ശ്രമം തുടങ്ങി. പോലീസ് ലാത്തിച്ചാര്‍ജ്ജ് തുടങ്ങി. തിരിച്ചു കല്ലേറും ആരംഭിച്ചു. ചിതറി ഓടിയവര്‍ക്കിടയിലൂടെ വഴിയുണ്ടാക്കി മന്ത്രിയുടെ വാഹനം ടൗണ്‍ഹാളിലേക്ക് കടന്നു.
അപ്പോഴേക്കും പോലീസ് വെടിയുതിര്‍ത്തു തുടങ്ങിയിരുന്നു. ഹാളിനുള്ളിലും ലാത്തിച്ചാര്‍ജ്. പലരും അടിയേറ്റു വീണു. പൊലീസുകാര്‍ ഒരുക്കിയ വലയത്തിനുളളില്‍ നിന്നു നിലവിളക്കുകൊളുത്തി ബാങ്ക് ഉദ്ഘാടനം ചെയ്ത എം.വി.ആര്‍ 13 മിനിറ്റ് പ്രസംഗിച്ചു. സ്വതസിദ്ധ ശൈലിയിലുള്ള ഈ പ്രസംഗവും പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു. പൊലീസുകാരുടെ കനത്ത വലയത്തിലൂടെ പുറത്തേക്കിറങ്ങിയ മന്ത്രി തിരിച്ചു കണ്ണൂരിലേക്ക്. ഇതിനിടയില്‍ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടിച്ചു.
എന്നിട്ടും പിരിഞ്ഞു പോകാതിരുന്ന ജനക്കൂട്ടത്തിനു നേരെ വീണ്ടും വെടിവയ്പും തുടങ്ങി. രണ്ടുമണിക്കൂറോളം തുടര്‍ന്ന വെടിവയ്പിനൊടുവില്‍ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാജീവന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. റോഷന്‍, പ്രവര്‍ത്തകരായ വി. മധു, ഷിബുലാല്‍, കുണ്ടുചിറ ബാബു എന്നിവര്‍ മരിച്ചു വീണു. പുഷ്പന്‍, മാങ്ങാട്ടിടം മങ്ങാട് സജീവന്‍, കൂത്തുപറമ്പ് ചാലില്‍ സജീവന്‍, തലശ്ശേരി കപ്പണപുങ്ങാംചേരി പ്രസാദ് എന്നിവര്‍ക്കു പരുക്കേറ്റു.
അവധിക്കു നാട്ടിലെത്തിയപ്പോള്‍ സ്വാശ്രയവിദ്യാഭ്യാസ വിരുദ്ധ സമരത്തിന്റെ നടുവിലായിരുന്നു സംഘടന. അതിന്റെ ഒത്തനടുവിലേക്കു തന്നെ പുഷ്പനും എടുത്തുചാടുകയായിരുന്നു. കഴുത്തിനു പിന്നിലേറ്റ വെടിയുണ്ട പുഷ്പന്റെ സുഷുമ്‌ന നാഡിക്കാണു പ്രഹരമേല്‍പിച്ചത്. കഴുത്തിനു താഴേക്കു തളര്‍ന്നു. അന്നു കിടപ്പിലായതാണു പുഷ്പന്‍. പാര്‍ട്ടിയുടെ വലയത്തില്‍, പ്രവര്‍ത്തകരുടെ കൈപിടിച്ചാണ് പിന്നത്തെ ജീവിതം. ബ്രാഞ്ച് സെക്രട്ടറി മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെയുള്ളവര്‍ അക്കൂട്ടത്തിലുണ്ട്.
എന്നാല്‍, പുഷ്പന്റെ വീട് പാര്‍ട്ടിയുടെ തടവറ പോലെ ആണെന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നത്. പുഷ്പനും, മറ്റു അഞ്ചു സഖാക്കളും എന്തിനു വേണ്ടിയാണോ തങ്ങലുടെ ജീവനും ജീവിതവും വലിച്ചെറിഞ്ഞത്, അതേ കാര്യങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും ബാലികേറാമലയാണ് പുഷ്പന്റെ വീട്. സിപിഎം നേതാക്കളും മന്ത്രിമാരും പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ഏതെങ്കിലും പ്രമുഖരും പുഷ്പനെ സന്ദര്‍ശിക്കുമ്പോള്‍ പാര്‍ട്ടി പത്രത്തിന്റെ ഫോട്ടോഗ്രാഫറും റിപ്പോര്‍ട്ടറും മാത്രമാണ് കൂടെയുണ്ടാവുക.
പാര്‍ട്ടി അദ്ദേഹത്തിന് പെന്‍ഷനും മറ്റ് സാമ്പത്തിക സഹായങ്ങളുമെല്ലാം ചെയ്ത് കൊടുത്തിട്ടുണ്ട്. എന്നാല്‍ എംവിആര്‍ എന്ന രാഷ്ട്രീയ ശത്രുവിനെ ഉന്‍മൂലനം ചെയ്യാന്‍ നേതൃത്വം ആസൂത്രണം ചെയ്ത സമരാഭാസത്തിന്റെ ഇരയായിരുന്നു താനെന്ന് ഇദ്ദേഹത്തിന് ഇപ്പോഴുമറിയില്ല. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ പരിപാടികളില്‍ എംവിആറിനെയും സ്വാശ്രയനയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു പരിപാടികള്‍.
എന്നാല്‍ എന്തിനെയൊക്കെയാണോ എതിര്‍ത്തിരുന്നത് ഇന്നതിന്റെയെല്ലാം വക്താക്കളായി സിപിഎം നേതൃത്വം മാറി. പക്ഷെ ഈ മാറ്റം പുഷ്പന്‍ മാത്രമറിഞ്ഞിട്ടില്ല. പരിയാരം മെഡിക്കല്‍ കോളേജിനെതിരെ സമരം ചെയ്ത എം.വി. ജയരാജന്‍ അതേ സ്ഥാപനത്തിന്റെ ചെയര്‍മാനായതും എംവിആര്‍ എന്ന വര്‍ഗശത്രുവിനെ സിപിഎം നേതൃത്വം ഏറ്റെടുത്തതും സഖാവ് പുഷ്പനറിഞ്ഞിട്ടില്ല.
എംവിആറിന്റെ മകന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായതും എംവിആറിന്റെ ചരമവാര്‍ഷികം ആചരിക്കാന്‍ സിപിഎം നേതാക്കള്‍ മത്സരിക്കുന്നതും സഖാവ് പുഷ്പനറിഞ്ഞിട്ടില്ല. കാരണം പുഷ്പന്റെ മുറിയിലുള്ള ടിവിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണിച്ച് കൊടുക്കുന്ന സ്വന്തം ചാനലില്‍ ഇതൊന്നും കാണിക്കാറില്ല എന്നാണാക്ഷേപം.
CONTENT HIGHLIGHTS;Koothu Param’s Struggle Sun Has Set: Shot at 24; What happened that day?