ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടതിന് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പിന്തുടരുക എന്നത് വളരെ പ്രധാനമാണ്. നമ്മൾ എന്ത് കഴിക്കുന്നു എന്നത് പോലെത്തന്നെ പ്രധാനമാണ് കഴിച്ചതിന് ശേഷം എന്ത് ചെയ്യുന്നു എന്നതും. കൃത്യമായ ഭക്ഷണ സമയവും ഭക്ഷണ ശീലങ്ങളും പാലിക്കുന്നില്ല എങ്കിൽ അത് വലിയ തോതിലുള്ള ദഹന പ്രശ്നങ്ങളും പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഭക്ഷണം കഴിച്ചയുടൻ ചെയ്യാൻ പാടില്ലത്ത കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഭക്ഷണം കഴിച്ചയുടൻ വ്യായാമം ചെയ്യരുത്
ഭക്ഷണം കഴിച്ചയുടൻ കഠിനമായ വ്യായാമം ചെയ്യുമ്പോൾ അത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇങ്ങനെ ചെയ്യുന്നത് മൂലം ഓക്കാനം, വയറുവേദന എന്നിവയ്ക്ക് കാരണമാവുകയും ഛർദ്ദിയിലേക്ക് നയിക്കുകയും ആസിഡ് റിഫ്ലക്സിന് കാരണമാവുകയും ചെയ്യുന്നു. ഭക്ഷണ ശേഷം മുൻപിലേക്ക് കുനിഞ്ഞു നിൽക്കുന്നതുൾപ്പടെയുള്ള ശാരീരികാഭ്യാസങ്ങളും ഒഴിവാക്കുക.
ഭക്ഷണം കഴിച്ച ഉടനെ ധാരാളം വെള്ളം കുടിക്കരുത്
ഭക്ഷണത്തിനു ശേഷം അധികമായി വെള്ളം കുടിക്കുമ്പോൾ ആമാശയത്തിലെ ആസിഡിനെ അത് നേർപ്പിക്കുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. മിക്ക ഭക്ഷണങ്ങളിലും ആവശ്യത്തിന് ജലാംശം അടങ്ങിയിട്ടുണ്ട്.
ഭക്ഷണം കഴിച്ചയുടൻ ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കുക
ശരീരത്തിലെ ഇരുമ്പിൻ്റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഫിനോളിക് സംയുക്തങ്ങൾ ചായയിലും കാപ്പിയിലും അടങ്ങിയിട്ടുണ്ട്. അതിനാൽ ഭക്ഷണം കഴിഞ്ഞയുടനെ ഇത്തരം പദാർത്ഥങ്ങൾ ഉപയോഗിക്കുമ്പോൾ ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തും.
ഭക്ഷണശേഷം പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക
ഭക്ഷണം കഴിച്ച ഉടൻ പഴങ്ങൾ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിന് ശേഷം പഴം കഴിക്കുമ്പോൾ ഇത് മറ്റ് പദാർത്ഥങ്ങളുമായി കലരുകയും പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ ശരീരത്തിന് ആഗീരണം ചെയ്യാൻ കഴിയാതെ വരുന്നു.
ഭക്ഷണം കഴിച്ച ശേഷമുള്ള ഉറക്കം ഒഴിവാക്കുക
ഭക്ഷണത്തിനു ശേഷം ഉറക്കം വരുന്നത് സാധാരണമാണ്. എന്നാൽ ഭക്ഷണം കഴിച്ചയുടനെ ഉറങ്ങുമ്പോൾ ദഹന രസങ്ങൾ ഉയർന്നു വരികയും അത് നെഞ്ചെരിച്ചിലിനു കാരണമാവുകയും ശരീരഭാരം വർധിക്കുന്നതിനും കാരണമാകുന്നു.
STORY HIGHLIGHT: Things you should never do after eating