Health

ആയുസ് കൂട്ടാൻ ചായ കുടിച്ചാൽ മതിയോ ? പഠനം പറയുന്നത് കേൾക്കൂ….| Tea health

ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ചായ ഉപയോഗിക്കുന്നു

മലയാളികളെ സംബന്ധിച്ച് ചായ അവരുടെ ദൈനംദിന ജീവിതവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ജോലിക്കിടയിലോ മറ്റു സമ്മർദ്ദങ്ങൾക്കിടയിലോ അല്ലെങ്കിൽ സൗഹൃദ കൂട്ടായ്മകൾക്കിടയിലോ ഒരു ചായ കുടിക്കാൻ പോയാലോ എന്ന് ചോദ്യം കേൾക്കാത്തവർക്ക് കുറവായിരിക്കും. അത്രമേൽ മനുഷ്യജീവിതത്തെ ചായ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ചായ എന്നും കുടിക്കുന്നത് വഴി എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമോ എന്ന് ചിന്തിക്കുന്നവരുമുണ്ട്.

2019 ലെ ന്യൂട്രിയന്റ്സ് ജേണലിലെ അവലോകനമനുസരിച്ച് ലോകമെമ്പാടും വെള്ളം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന രണ്ടാമത്തെ പാനീയമാണ് ചായ. ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ചായ ഉപയോഗിക്കുന്നു. സ്ഥിരമായി ചായ കുടിക്കുന്ന അനേകം ആളുകളില്‍ ഒരാളാണ് നിങ്ങളെങ്കില്‍ ചായ കുടി നല്‍കുന്ന അത്ഭുതകരമായ നേട്ടങ്ങളെക്കുറിച്ചൊന്ന് പരിശോധിക്കാം.

നിരവധി പോഷകാഹാരങ്ങള്‍ ഉള്ള ചായയുടെ പല വകഭേദഭങ്ങളും ഇന്ന് സുലഭമാണ്. പൊതുവെ നമ്മള്‍ കഴിക്കുന്ന ചായയ്ക്ക് തന്നെ നാല് വകഭേദങ്ങളുണ്ട്. ഗ്രീന്‍ ടീ, ബ്ലാക്ക് ടീ, ഒലോംഗ് ടീ, വൈറ്റ് ടീ എന്നിവയാണ് അവ. ഈ നാല് ചായകളും കാമെലിയ സിനെന്‍സിസ് ചെടിയില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. ചായ ഉണ്ടാക്കുമ്പോള്‍ ഈ തേയില ചൂടാകുന്നു എന്നതാണ് ഇവയെ ആരോഗ്യപരമാക്കുന്നത്.

മറ്റൊരു ചായ ഹെര്‍ബല്‍ ടീ ആണ്. ഇത് തേയിലകള്‍ക്ക് പകരം പച്ചമരുന്നുകള്‍, പൂക്കള്‍, വേരുകള്‍ മറ്റ് ചേരുവകള്‍ എന്നിവ വെള്ളത്തില്‍ കുതിര്‍ത്ത് ഉണ്ടാക്കുന്ന പാനീയങ്ങളാണ്. ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ എളുപ്പമുള്ള ഒരു പാനീയമാണ് ചായ. സ്ഥിരമായി ചായ കുടിക്കുന്നവര്‍ക്ക് ചില സവിശേഷമായ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു.

ചായയില്‍ കാണപ്പെടുന്ന സസ്യ സംയുക്തമായ ഫ്‌ലേവന്‍-3-ഓള്‍സിന്റെ ഉപയോഗം രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാര എന്നിവ നിയന്ത്രിച്ച് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. രണ്ട് കപ്പ് കട്ടന്‍ ചായയോ ഗ്രീന്‍ ടീയോ പ്രതിദിനം കുടിക്കുന്നത് വഴി ഏകദേശം 400 മുതല്‍ 600 മില്ലിഗ്രാം വരെ ഫ്‌ലേവന്‍-3-ഓള്‍സ് ശരീരത്തില്‍ എത്തും.

ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ ചായ കുടിക്കുന്നത് വഴി സാധിക്കും എന്നാണ് 2020 ലെ അഡ്വാന്‍സസ് ഇന്‍ ന്യൂട്രീഷന്‍ പഠനത്തില്‍ പ്രസിദ്ധീകരിച്ച ഡാറ്റ സൂചിപ്പിക്കുന്നത്. ഓറല്‍ ക്യാന്‍സര്‍ വരുന്നത് തടയാന്‍ ചായ കുടിക്കുന്നത് കാരണമാകും എന്നാണ് പഠനത്തില്‍ പറയുന്നത്. ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ചായയിലെ പോളിഫെനോള്‍, ക്യാന്‍സര്‍ വികസനത്തിന് കാരണമാകുന്ന കോശങ്ങളുടെ വളര്‍ച്ചയെ തടയും.

തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന എല്‍-തിയനൈന്‍ എന്ന അമിനോ ആസിഡ് സസഹായിക്കും. ജേണല്‍ ഓഫ് മെഡിസിനല്‍ ഫുഡ് 2021-ല്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ചായയില്‍ കാണപ്പെടുന്ന എല്‍-തിയനൈന്‍ ശ്രദ്ധ മെച്ചപ്പെടുത്തുന്നതിനും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും എന്നാണ് പറയപ്പെടുന്നത്.

ബ്ലാക്ക്, ഗ്രീന്‍ ടീകളില്‍ പോളിഫെനോള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 2020-ല്‍ ഫ്രോണ്ടിയേഴ്സ് ഇന്‍ ഇമ്മ്യൂണോളജിയില്‍ നടത്തിയ ഒരു അവലോകനം പ്രകാരം ഇവ രോഗപ്രതിരോധ ആരോഗ്യത്തെ സഹായിക്കും. ചായ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള സംയുക്തങ്ങളാല്‍ സമ്പുഷ്ടമാണ് ഇത് രോഗപ്രതിരോധശേഷിയെ മെച്ചപ്പെടുത്തും.

പ്രതിദിനം രണ്ടോ അതിലധികമോ കപ്പ് കുടിക്കുന്നവരില്‍ മരണ സാധ്യത 13% കുറയ്ക്കുന്നു എന്നാണ് 2022-ലെ അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനല്‍ പഠനം കാണിക്കുന്നത്. ചായ കുടിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ഇസ്‌കെമിക് ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ വഴിയുള്ള മരണത്തില്‍ നിന്ന് രക്ഷതേടാന്‍ സഹായിക്കുന്നു. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ചായ സ്ഥിരം, കുടിക്കുന്നത് വഴി സാധിക്കുന്നു. ശരീര താപനില നിയന്ത്രിക്കാനും ദഹനം ക്രമമായി നിലനിര്‍ത്താനും ഇത് സഹായിക്കും.

Content highlight : tea health