Sports

പ്രതിഷേധം കനത്തു; ഓറഞ്ച് ലോഗോ വീണ്ടും മഞ്ഞയാക്കി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ക്ലബ്ബ് ലോഗോയിലെ മഞ്ഞ നിറം മാറ്റി ഓറഞ്ചാക്കിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരേ ആരാധക രോഷം. ബ്ലാസ്‌റ്റേഴ്‌സ് ലോഗോയില്‍ സാധാരണ കാണാറുള്ള മഞ്ഞയും നീലയും കലര്‍ന്ന കൊമ്പന്റെ ചിത്രത്തിന് പകരം ഓറഞ്ച് പശ്ചാത്തത്തില്‍ വെള്ള നിറത്തിലുള്ള ആനയുടെ ചിത്രമാണ് ബ്ലാസ്റ്റേഴ്‌സ് പോസ്റ്റ് ചെയ്തത്. തുടര്‍ന്നായിരുന്നു ക്ലബ്ബിനെതിരേ വലിയ തോതില്‍ വിമര്‍ശനമുയര്‍ന്നത്. ലോഗോ മാറ്റത്തിനെതിരേ നിരവധിയാളുകള്‍ ക്ലബ്ബിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ രംഗത്തെത്തി.

ഇന്ന് സീസണിലെ ആദ്യ എവേ മത്സരത്തിനിറങ്ങുന്ന കേരള ക്ലബിന് നോർത്ത് ഈസ്റ്റാണ് എതിരാളികൾ. ടീമിന്റെ എവേ ജഴ്‌സി വെള്ളയും ഓറഞ്ചും നിറത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോഗോയും മാറ്റിയതെന്നാണ് സൂചന.

സംഭവം ചർച്ചയായതോടെ പഴയ ലോഗോ തന്നെ അപ്‌ഡേറ്റ് ചെയ്യുകയായിരുന്നു. ”ഒരു ക്ലബ്ബിന്റെ ഐഡന്റിറ്റി എന്ന് പറയുന്നത് അതിന്റെ പേരും ലോഗോയും തീം കളറുമാണ്. മഞ്ഞയും നീലയുമാണ് കെ.ബി.എഫ്.സിയുടെ തീം കളർ. അതാണ് അതിന്റെ ഐഡന്റിറ്റി. നിലവിൽ വളരെ നിലവാരമുള്ളതും ആകർഷകമായതുമായ നീല പ്രതലത്തിൽ മഞ്ഞ കൊമ്പനെ സൂചിപ്പിക്കുന്ന ലോഗോ മാറ്റിയിട്ട് അതിനേക്കാളോ അതിന്റെ അത്രയോ ഒട്ടും മനോഹരമോ ആകർഷകമോ അല്ലാത്ത ഒന്നിലേക്ക് മാറ്റി നിലവാരം കളയല്ലേ ‘ എന്നാണ് ഒരു ആരാധകൻ കമൻറ്‌സിൽ കുറിച്ചത്. ബ്ലാസ്റ്റേഴ്‌സ് കാവിയണിഞ്ഞ് സംഘിയായോ എന്നും വ്യാപക കമന്റുകളെത്തി. അതേസമയം, മൂന്നാം കിറ്റുമായി കളിക്കുന്ന ദിവസം പ്രൊഫൈൽ പിക്ചർ മാറ്റുന്നത് സാധാരണമാണെന്ന് ചൂണ്ടിക്കാട്ടിയും ആരാധകർ രംഗത്തെത്തി.