World

ഹിസ്ബുല്ലയിലെ 20ലേറെ അംഗങ്ങളെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ

തെൽഅവീവ്: ലബനാനിലെ ബെയ്റൂത്ത് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ലയുടെ 20 ലേറെ അംഗങ്ങൾ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്രായേൽ സേന. ഹിസ്ബുല്ലയുടെ തലവൻ ഹസൻ നസറുല്ലയെ കൊലപ്പെടുത്തിയ ആക്രമണത്തിലാണ് മറ്റു അംഗങ്ങളേയും കൊലപ്പെടുത്തിയതെന്നാണ് ഇസ്രായേൽ അറിയിച്ചത്.

ഹിസ്ബുല്ലയുടെ കമാൻഡർ അലി കരാക്കി, സുരക്ഷാ വിഭാഗം മേധാവി ഇബ്രാഹിം ഹുസൈൻ ജസിനി, ഹസൻ നസറുല്ലയുടെ വിശ്വസ്തൻ സമീർ തൗഫീഖ് ദിബ് എന്നിവരുൾപ്പടെയുള്ള അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രേയേൽ ടെലഗ്രാമിലൂടെ അറിയിച്ചത്.

അതേസമയം, ലബനാന് നേരെയുള്ള ഇസ്രായേൽ ആക്രമണം തുടരുകയാണ്. ബൈറൂത്തിലെ ദാഹിയക്ക് നേരെയും ആക്രമണമുണ്ടായി. ഹിസ്ബുല്ലയുടെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന പ്രദേശങ്ങളിലേക്കാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ ഭാഷ്യം. അതിനിടെ ഇസ്രായേലിലേക്ക് ഇന്നും മിസൈൽ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ലയും അറിയിച്ചു. ഇസ്രായേലിലെ സൈനിക കേന്ദ്രമായ ഓഫെകിലേക്കും മനറ എന്ന പ്രദേശവും ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം നടത്തിയെന്നാണ് ഹിസ്ബുല്ല അറിയിച്ചത്.