തെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹൂതി മിസൈൽ ആക്രമണം നടന്നെന്ന് റിപ്പോർട്ട്. യുഎസിൽനിന്ന് മടങ്ങിവരും വഴി ഇസ്രായേൽ വിമാനത്താവളത്തിനുനേരെയാണ് ആക്രമണം നടത്തിയതെന്ന് ഹൂതികൾ അവകാശപ്പെട്ടു. ഇസ്രായേൽ നഗരമായ ലുദ്ദിലെ ബെൻ ഗുരിയൻ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടാണ് ഹൂതി മിസൈൽ എത്തിയത്.
യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത ശേഷം നെതന്യാഹു ഇസ്രായേലിലേക്ക് തിരിച്ചുവരുമ്പോഴാണ് ആക്രമണം നടന്നത്. രണ്ടു ദിവസത്തിനിടെ മധ്യ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇത് രണ്ടാമത്തെ മിസൈൽ ആക്രമണമാണു നടക്കുന്നത്.
ഫലസ്തീൻ ജനതയ്ക്കുള്ള പിന്തുണയും ലബനാനിനും ഗസ്സയിലും സയണിസ്റ്റുകളായ ശത്രുക്കൾ നടത്തുന്ന ആക്രമണത്തിനു തിരിച്ചടിയുമായാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് ഹൂതി ചാനലായ അൽമസീറ ടിവി പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ സൈനിക വക്താവ് യഹ്‌യ സരിഅ പറഞ്ഞു. ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുംവരെ ഗസ്സയ്ക്കും ലബനാനും വേണ്ടിയുള്ള ചെറുത്തുനിൽപ്പ് തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.