ചേരുവകൾ
1. ബസ്മതി അരി
2. അരിപ്പൊടി
3. ഉപ്പ്
4. നെയ്യ്
5. നട്ട്സ്
6. തേങ്ങ
7. ശർക്കര
ഈയൊരു രീതിയിൽ കൊഴുക്കട്ട തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പിടി അളവിൽ ബസ്മതി അരിയെടുത്ത് അത് വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. ഈയൊരു സമയം കൊണ്ട് കൊഴുക്കട്ടയിലേക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്തെടുക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ അരിപ്പൊടി, ആവശ്യത്തിന് ഉപ്പ്, അല്പം നെയ്യ് എന്നിവ ഒഴിച്ച് നല്ല രീതിയിൽ ഇളക്കി യോജിപ്പിക്കുക. അടുത്തതായി കൊഴുക്കട്ട തയ്യാറാക്കാൻ ആവശ്യമായ വെള്ളം ഒരു പാനിൽ ഒഴിച്ച് തിളപ്പിച്ച് എടുക്കണം. തിളപ്പിച്ചുവെച്ച വെള്ളം കുറേശ്ശെയായി മാവിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഒട്ടും കട്ടകളില്ലാത്ത രീതിയിൽ സോഫ്റ്റ് ആയി കിട്ടുന്ന രീതിയിലാണ് മാവ് തയ്യാറാക്കേണ്ടത്. കൊഴുക്കട്ടയിലേക്ക് ആവശ്യമായ ഫില്ലിംഗ്സ് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വയ്ക്കുക.പാൻ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അല്പം നെയ്യ് ഒഴിച്ച് ആവശ്യമുള്ള നട്ട്സും തേങ്ങയും ശർക്കരയും ചേർത്ത് ഒന്ന് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഈയൊരു കൂട്ട് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്തു മാറ്റിവയ്ക്കുക. മാവിന്റെ കൂട്ടിൽ നിന്നും ഓരോ ഉരുളകൾ എടുത്ത് പരത്തി തയ്യാറാക്കി വെച്ച ശർക്കരയുടെ കൂട്ട് അതിനകത്തേക്ക് വെച്ച് ഉരുട്ടിയെടുക്കുക. ശേഷം കുതിരാനായി ഇട്ടുവച്ച അരിയിലേക്ക് തയ്യാറാക്കി വെച്ച മാവിന്റെ കൂട്ട് ഒന്ന് റോൾ ചെയ്തെടുക്കുക. പിന്നീട് കൊഴുക്കട്ട സാധാരണ രീതിയിൽ ആവി കയറ്റി എടുത്താൽ ഒരു പ്രത്യേക രൂപത്തിൽ കിട്ടുന്നതാണ്.