Sports

സച്ചിന്‍റെ ആ റെക്കോഡും പഴങ്കഥയാക്കി കോഹ്‌ലി; അതിവേ​ഗം 27,000 റൺസ്

കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്കില്‍ നടന്നുവരുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് തകര്‍ത്ത് ഇന്ത്യയുടെ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 27,000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാനായി കോഹ്‌ലി മാറി. 600-ല്‍ താഴെ ഇന്നിങ്സുകളില്‍ നിന്ന് 27,000 റണ്‍സ് തികച്ച ലോക ക്രിക്കറ്റിലെ ഏക ബാറ്റ്സ്മാനാണ് അദ്ദേഹം.

594-ാം ടെസ്റ്റ് ഇന്നിം​ഗ്സിലാണ് കോഹ്‍ലിയുടെ നേട്ടം. മുമ്പ് 623 ഇന്നിം​ഗ്സുകളിൽ ഈ നേട്ടം കൈവരിച്ച സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്. ഏകദിനത്തിൽ 13,906 റൺസും ട്വന്റി 20യിൽ 4,188 റൺസും ടെസ്റ്റിൽ 8,918 റൺസും കോഹ്‍ലി അടിച്ചുകഴിഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നാല് താരങ്ങൾ മാത്രമാണ് 27,000 റൺസ് പിന്നിട്ടിട്ടുള്ളത്. 34,357 റൺസോടെ സച്ചിൻ തെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാമത്. 28016 റൺസോടെ സംഗക്കാര രണ്ടാമതും 27,483 റൺസ് നേടി റിക്കി പോണ്ടിങ് മൂന്നാമതും ഉണ്ട്.

രണ്ടാം ടെസ്റ്റ് ആരംഭിക്കുമ്പോള്‍ 27,000 റണ്‍സ് തികയ്ക്കാന്‍ കോഹ്‌ലിക്ക് 35 റണ്‍സാണ് വേണ്ടിരുന്നത്. ഒന്നാമിന്നിങ്‌സില്‍ 35 പന്തില്‍ 47 റണ്‍സെടുത്ത ശേഷമാണ് അദ്ദേഹം പുറത്തായത്. 2024ല്‍ കോഹ്‌ലി കളിക്കുന്ന മൂന്നാമത്തെ ടെസ്റ്റ് മത്സരമാണിത്. ഈ വര്‍ഷം ആദ്യത്തില്‍ നടന്ന ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഇടവേളയെടുത്ത കോഹ്ലി ബംഗ്ലാദേശിനെതിരെ തിരിച്ചെത്തുകയായിരുന്നു.

Latest News