തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ചാടിപ്പോയ ഹനുമാൻ കുരങ്ങുകൾ തിരികെ കൂട്ടിൽ എത്തിയില്ല. മൃഗശാല അങ്കണത്തിൽ തന്നെ തുടരുന്ന ഹനുമാന് കുരങ്ങുകളെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഇന്നും തുടരും. മനുഷ്യ സാന്നിധ്യം ഉണ്ടായാൽ തിരികെ കൂട്ടിൽ കയറാനുള്ള സാധ്യത കുറയുമെന്ന് കാട്ടി മൃഗശാലയ്ക്ക് ഇന്ന് അവധി നൽകി.
രാത്രി വൈകിയും കുരങ്ങുകൾ തിരികെ കൂട്ടിൽ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു മൃഗശാല അധികൃതർ. എന്നാൽ കൂടിന് സമീപത്തെ കൂറ്റൻ മരങ്ങളിൽ ഒന്നിൽ ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ് മൂന്ന് ഹനുമാൻ കുരങ്ങുകളും. മൃഗശാല അങ്കണത്തിൽ നിന്ന് പുറത്തു പോകുന്നില്ലെന്ന് ഉറപ്പാക്കാൻ രാത്രി മുഴുവൻ കുരങ്ങുകളെ നിരീക്ഷിക്കാനുള്ള സംവിധാനം ഉറപ്പാക്കിയിരുന്നു. ഇവരെ കൂട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം ഇന്നും തുടരും. ഇതിൻ്റെ ഭാഗമായി സന്ദർശകരെ വിലക്കിയിട്ടുണ്ട്.