ചിന്നക്കനാൽ പഞ്ചായത്തിൽ ഹൈക്കോടതി വിധി മറികടന്ന് 7 കെട്ടിടങ്ങൾക്ക് പ്രവർത്തനനുമതി നൽകിയ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ. തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് മധുസൂദനൻ ഉണ്ണിത്താനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിയോട് ഇന്ന് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഇടുക്കിയിൽ വിവിധ പഞ്ചായത്തുകളിലായി ചട്ടം ലംഘിച്ച് നിർമ്മാണം നടത്തിയ 57 കെട്ടിടങ്ങൾക്കാണ് റവന്യൂ വകുപ്പ് 2023ൽ സ്റ്റോപ്പ് നൽകിയത്. ഈ കെട്ടിടങ്ങളിൽ യാതൊരുവിധ പ്രവർത്തനവും അനുവദിക്കരുതെന്ന് ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദേശവും നൽകിയിരുന്നു. ഇത് മറികടന്നാണ് ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറി 7 കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകിയിരുന്നത്.
പഞ്ചായത്ത് സെക്രട്ടറിയുടെ അനധികൃത ഇടപെടൽ ട്വന്റി ഫോർ വാർത്തയാക്കിയതിന് പിന്നാലെ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഗുരുതര കൃത്യവിലോപം, നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം, അച്ചടക്കലംഘനം, അധികാര ദുർവിനിയോഗം എന്നിവ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകി. പിന്നാലെയാണ് സസ്പെൻഷൻ നടപടി. ഹൈക്കോടതി ഉത്തരവ് മറികടന്ന് കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകി വിഷയത്തിൽ കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്.