Celebrities

‘അവരുടെ മരണമാണ് മുരളിയെ തകര്‍ത്തുകളഞ്ഞത്, ആത്മഹത്യയിലേക്ക് പോകുന്ന രീതിയില്‍ ആയിരുന്നു മുരളി’: പ്രൊഫസര്‍ അലിയാര്‍

പിന്നെ ഒരിക്കലും ബോധം വന്നിട്ടില്ല

നടന്‍ മുരളിയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രൊഫസര്‍ അലിയാര്‍. മുരളിയുടെ ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായ സ്വാധീനവും ഏറ്റവും വലിയ വഴിത്തിരിവും ഉണ്ടാക്കിയ ആ മൂന്നുപേരുടെ മരണം അദ്ദേഹത്തെ വല്ലാതെ ഉലച്ചുകളഞ്ഞു എന്ന് പറയുകയാണ് അലിയാര്‍. ഒരുതരം ആത്മഹത്യയിലേക്ക് പോകുന്ന രീതിയില്‍ ആയിരുന്നു മുരളിയുടെ മരണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രൊഫസര്‍ അലിയാരുടെ വാക്കുകള്‍

മുരളിയെ ഐസിയുവിലേക്ക് കൊണ്ടു പോകുകയാണ് ആ സമയത്ത് കണ്ണു തുറന്നു നോക്കിയപ്പോള്‍ എന്നെ കണ്ടു. മുരളി അവസാനം എന്നോട് ചോദിച്ചു എനിക്ക് എന്താണ് പറ്റിയത്? എന്തെങ്കിലും കുഴപ്പം എനിക്ക് ഉണ്ടോ എന്ന്. ഞാന്‍ പറഞ്ഞു ഒന്നുമില്ല എന്ന്. മുരളിയെ അകത്തേക്ക് കയറ്റുന്നതിന് മുന്‍പ് തന്നെ ബോധം പോയി പിന്നെ ഒരിക്കലും ബോധം വന്നിട്ടില്ല. ഉച്ചകഴിഞ്ഞ് ബ്ലഡ് വേണം ബ്ലഡ് നോക്കണമെന്ന് പറഞ്ഞ് കുറച്ച് ആളുകള്‍ വരുന്നു, ഞങ്ങള്‍ അങ്ങോട്ട് പോകുന്നു, ഇങ്ങോട്ട് പോകുന്നു.. പിന്നെ വൈകുന്നേരം ആയപ്പോള്‍ ഈ മുഴുവന്‍ റിസള്‍ട്ടും ആയിട്ട് കിംസ് ഹോസ്പിറ്റലിലെ വിദഗ്ധരെ വരുത്ത.ി അവര് ഒരു ഡിസ്‌കഷന്‍ ഒക്കെ നടത്തി. ഡിസ്‌കഷന്‍ നടത്തിയിട്ട് കുഴപ്പമില്ല ചിലപ്പോള്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നുള്ള കാര്യങ്ങളൊക്കെ പറയുന്നുണ്ട് .ഞങ്ങള്‍ രാത്രി മുഴുവന്‍ അവിടെ നിക്കുന്നു, രാവിലെയും അതു തുടരുന്നു.

ഇതിനിടയ്ക്ക്‌വെച്ച് തലേദിവസം രാത്രിയില്‍ ഞങ്ങള്‍ക്കൊരു അത്ഭുതമായിട്ട് തോന്നിയത്, രണ്ട് കാറു നിറയെ ചെറുപ്പക്കാര്‍ ഒരു ഏഴെട്ട് പേര്‍ വരും ഇവര് അവിടെ നില്‍ക്കുകയാണ് മുഴുവന്‍ സമയവും. ഞങ്ങള്‍ പുറത്തോട്ട് വന്ന് സംസാരിക്കുമ്പോഴും അവന്മാര്‍ അവിടെ നില്‍ക്കുന്നു. അപ്പോള്‍ ബാബു ജോണ്‍ എന്നോട് ചോദിച്ചു, ഇതാരാണെന്ന് അറിയാമോ..മുരളിയുടെ ആരെങ്കിലും ആണോ എന്ന്. ബന്ധുക്കള്‍ ആരെങ്കിലുമാണോ.. സാറിന് അറിയാമോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു എനിക്ക് അറിയത്തില്ല എന്ന.് മുരളിയുടെ സഹോദരന്മാരോട് ചോദിച്ചപ്പോള്‍ അവര്‍ക്കും അറിയില്ല. ഞാന്‍ അവരെ വിളിച്ചു ചോദിച്ചു നിങ്ങള്‍ ആരാണ് എന്താണ് എന്ന്. അപ്പോള്‍ അവര്‍ പറഞ്ഞു, സാര്‍ ഞങ്ങള്‍ കൊല്ലത്തുള്ളവരാണ് എന്ന്. രണ്ടുമൂന്നു മാസം മുന്‍പാണ് മുരളി ചേട്ടനെ പരിചയപ്പെടുന്നത്, ഇങ്ങനെ അസുഖമാണെന്ന് അറിഞ്ഞതുകൊണ്ട് ഞങ്ങള്‍ വന്നതാണ്, എന്തെങ്കിലും സഹായം ചെയ്യണമെങ്കില്‍ ഞങ്ങള്‍ ഇവിടെ ഉണ്ടാകും, ഞങ്ങള്‍ പോകണമെന്ന് പറയരുത്, ഞങ്ങള്‍ ഇവിടെ തന്നെ നില്‍ക്കും എന്ന് പറഞ്ഞിട്ട് അവിടെ നില്‍ക്കുകയാണ്.

പിറ്റേന്ന് ഒരു പകല്‍ അങ്ങനെ പോകുന്നു. ഞങ്ങള്‍ അത്യാവശ്യ സഹായങ്ങളൊക്കെയായിട്ട് ഇങ്ങനെ നില്‍ക്കുകയാണ്. ഡോക്ടര്‍മാരെ കാണുന്നു.. വരുന്നു.. ഇതിനിടയ്ക്ക് പത്രക്കാര്‍ ഒക്കെ വിളിക്കുന്നുണ്ട്, സുഹൃത്തുക്കള്‍ വിളിക്കുന്നുണ്ട്.. എങ്ങനെയാണ് കാര്യങ്ങള്‍ എന്നൊക്കെ, ഞാന്‍ കുഴപ്പമില്ല എന്നൊക്കെ പറഞ്ഞു. വൈകിട്ട് ഒരു അഞ്ചുമണിയായപ്പോള്‍ ഒരു ഡോക്ടര്‍ ഞങ്ങളെ വിളിച്ചിട്ട് പറഞ്ഞു പള്‍സ് ഭയങ്കരമായിട്ട് കൂടി നമ്മള്‍ വിചാരിച്ചതിനേക്കാള്‍ ഹൈ ആയിട്ട് വന്നു.. വളരെ പോസിറ്റീവ് ആയിട്ടുള്ള ഒരു സന്ദര്‍ഭമാണ് എന്ന്. അപ്പോള്‍ ഞങ്ങള്‍ക്ക് ഭയങ്കര സന്തോഷം തോന്നി. അതുകഴിഞ്ഞ് ഞങ്ങള്‍ പുറത്തോട്ട് കഴിക്കാന്‍ പോയിട്ട് തിരിച്ചു വരുന്നു, തിരിച്ചു വന്നപ്പോള്‍ റിസപ്ഷനിലും പുറത്തുമായിട്ട് നില്‍ക്കുകയാണ്. ഒരു 7:00 മണി കഴിഞ്ഞു ഞാന്‍ റിസപ്ഷന്റെ കുറച്ച് ഇപ്പുറത്തോട്ട് മാറി ഫോണ്‍ ചെയ്തു കൊണ്ട് നില്‍ക്കുകയാണ്, ഞാന്‍ ഇങ്ങനെ തിരിഞ്ഞു നോക്കുമ്പോള്‍ ബാബു ജോണ്‍ അവിടെ നിന്നുകൊണ്ട് കൈകാണിക്കുന്നു, കഴിഞ്ഞു. പിന്നെ ഞാന്‍ കാണുന്നത് ചാനലുകാരുടെ ഒരു തള്ളിക്കയറ്റമാണ് അതിനകത്തേക്ക്. അപ്പോള്‍ ഞാന്‍ ആലോചിച്ചു വിത്തിന്‍ സെക്കന്‍സ് അവര് എങ്ങനെ വന്നു എന്ന്. എനിക്ക് തോന്നുന്നു അവര്‍ പുറത്തെവിടെയോ കാത്തുനില്‍ക്കുകയായിരിക്കാം. ഒരു ഡോക്ടറുടെ അന്തിമ തീരുമാനത്തിന് വേണ്ടി വെയിറ്റ് ചെയ്തതാക്കാം എന്നാണ് എനിക്ക് തോന്നുന്നത്. ചാനലുകാരെല്ലാവരും കൂടി തള്ളിയിടിച്ച് കയറുന്നു..

പിന്നെ ഞങ്ങള്‍ ഭൗതികശരീരം വീട്ടിലേക്ക് കൊണ്ടുപോകുന്നു. രാത്രി മുഴുവന്‍ അവിടെയിരുന്നു. പിറ്റേന്ന് രാവിലെ നാട്ടിലേക്ക് പോകുന്നു. ഞാനും ഉണ്ട്. വീടിനടുത്ത് ഒരു സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു. പിന്നെ വൈകിട്ട് തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി സെനറ്റ് ഹോളില്‍. മുരളി പ്രവര്‍ത്തിയെടുത്ത ഓഫീസിലെ ഹോളാണത്. അവിടെ പൊതുദര്‍ശനത്തിന് വെയ്ക്കുന്നു പിന്നീട് വൈകിട്ട് അദ്ദേഹം അരുവിക്കരയില്‍ ഒരു വീട് വെച്ചിരുന്നു. ഡാമിന്റെ സമീപത്തായി, ഒരു 50 സെന്റ് സ്ഥലം ഒക്കെ വാങ്ങി ഒരു വീട്. കാണാന്‍ നല്ല മനോഹരമായ ഒരു സ്ഥലമാണ്. ഡാമിന്റെ സൈറ്റ് ഒക്കെ കാണാം അവിടെ നിന്നു കഴിഞ്ഞാല്‍. അപ്പോള്‍ അവസാനകാലത്ത് അവിടെ ചിലവഴിക്കാം എന്ന് എന്നോട് ചിലപ്പോള്‍ പറയുമായിരുന്നു. അവസാനകാലത്ത് അവിടെ പോയിരുന്ന് പാട്ടുപാടി, ചീട്ട് ഒക്കെ കളിച്ച്, പുസ്തകം വായിച്ചിരിക്കാമെന്ന്. അങ്ങനെയാണ് ആ ഒരു കൊച്ചു വീട് ഉണ്ടാക്കിയത്. അങ്ങനെ ഭൗതികശരീരം അരുവിക്കരയില്‍ അടക്കം ചെയ്യണം. അവസാനകാലം അവിടെ ആകണം എന്നാണല്ലോ അദ്ദേഹം ആഗ്രഹിച്ചത് എന്നത് പ്രകാരം അവിടേക്ക് കൊണ്ടുപോകുന്നു. വൈകുന്നേരം ആകുന്നു, ശവസംസ്‌കാരം എല്ലാം കഴിഞ്ഞു. അങ്ങനെയായിരുന്നു മുരളിയുടെ അവസാന കാലം.

ഡോക്ടര്‍സ് പലരും പറയുന്നുണ്ടായിരുന്നു, നെഞ്ചുവേദന വന്ന സമയത്ത് തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഒരു കുഴപ്പവുമില്ലാതെ വന്നതുപോലെ തന്നെ തിരിച്ചു പോകുമായിരുന്നു എന്ന്, പക്ഷെ ചിന്നഭിന്നമായ ഒരു ഹൃദയവും ആയിട്ടാണ് ഇവിടെ വന്നു കയറിയത് എന്ന്.. പിന്നെ ഒന്നും ചെയ്യാന്‍ പറ്റാതെ ആയിപ്പോയി. അതാണ് അവസാനകാലത്ത് മുരളിക്ക് സംഭവിച്ചത്. പക്ഷെ ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു, മുരളി മരിക്കാന്‍ തന്നെ തീരുമാനിച്ചുള്ള ഒരു പോക്ക് പോലെയായിരുന്നു അവസാനഘട്ടത്തില്‍. കാരണം മുരളിയുടെ ജീവിതത്തില്‍ ഏറ്റവും വലിയ സ്വാധീനമായിരുന്ന രണ്ടുമൂന്നുപേരുടെ മരണം അദ്ദേഹത്തെ വല്ലാതെ ഉലച്ചുകളഞ്ഞു. ഒന്ന് കടമ്മനിട്ട രാമകൃഷ്ണന്‍, രണ്ട് നരേന്ദ്രപ്രസാദ്, മൂന്ന് ലോഹിതദാസ്. ഈ മൂന്ന് പേരാണ് മുരളിയുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ സ്വാധീനവും ഏറ്റവും വലിയ വഴിത്തിരിവും ഉണ്ടാക്കിയത്.

തൊട്ടുമുമ്പ് ലോഹിതദാസ് മരിക്കുമ്പോള്‍ മുരളി കാണാനേ പോയിട്ടില്ല. മുരളി പറഞ്ഞത്, ഞാന്‍ കാണാന്‍ പോയാല്‍ അപ്പുറത്ത് ഒരു ചിത കൂടി വേണ്ടിവരും എന്നാണ്. ഈ മൂന്നുപേരുടെ മരണം മുരളിയെ ഭീകരമായിട്ട് ഉലച്ചു. എന്ത് അര്‍ത്ഥമാണ് ജീവിതത്തില്‍ എന്നൊക്കെ മരളി പറയുമായിരുന്നു. ഈ മൂന്നു മരണവും കഴിഞ്ഞതോടുകൂടി തകര്‍ന്നു തരിപ്പണമായി പോയി മുരളി. അതിന്റെ ഒരു പ്രത്യാഘാതം എന്നോണം ആയിരിക്കാം ഇത് സംഭവിച്ചതെന്ന് ഞാന്‍ വിചാരിക്കുന്നു. ഒരുതരം ആത്മഹത്യയിലേക്ക് പോകുന്ന രീതിയില്‍ ആയിരുന്നു ആ മരണം എന്ന് എനിക്കിപ്പോഴും തോന്നുന്നു. അങ്ങനെയാണ് മുരളി അന്തരിച്ചത്.