കൈംചി ധാമിൽ നിന്ന് നൈനിത്താളിലേക്കുള്ള യാത്രയിൽ, ശിവാലിക് മല നിരകളുടെ അതി മനോഹരമായ കാഴ്ചകളിലൂടെയാണ് കടന്ന് പോകുന്നത്.പൈൻ,ഓക്ക്, ദേവദാരു അടക്കം ഉള്ള മരങ്ങൾ നിറഞ്ഞ കാടുകളും, ചെറുവെള്ള ചാട്ടങ്ങളും, മലകളും, താഴ്വരകളും, വളവും തിരിവും, കയറ്റവും ഇറക്കവും ഉള്ള റോഡിലെ യാത്ര വളരെ രസകരമാണ്. വഴിയോരങ്ങളിൽ ചെസ്റ്റ് നട്ടും , വാൾനട്ടും , ആപ്പിളും, റോബസ്റ്റ പോലുള്ള പഴങ്ങളും വിൽക്കുന്ന കുമയോണി സ്ത്രീകളെ കാണാം.
എം ടിയുടെ മഞ്ഞിലെ മഞ്ഞിൻ്റ ആവരണമണിഞ്ഞ നൈനി തടാകവും ,നൈനാ ദേവി ക്ഷേത്രവും, ചുറ്റുള്ള മലനിരകളും കാടും, തിരക്കേറിയ മാർക്കററും ഒക്കെ കാണാം
പ്രിയപ്പെട്ടവനായി വർഷങ്ങളായി കാത്തിരി ക്കുന്ന വിമലയും, സുധീർ കുമാർ മിശ്രയും,
തോണിക്കാരൻ ബുദ്ദുവും, സർദാർജിയും ഒക്കെ മനസിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കും.
9 തടാകങ്ങളുടെ നഗരമാണ് നൈനിത്താൾ നഗരം. കണ്ണിൻ്റെ ആകൃതിയിലാണ് നൈനി തടാകം ഉള്ളത്. 51 ശക്തി പീഠങ്ങളിലൊന്നാണ് നൈനാ ദേവി ക്ഷേത്രം, തടാക തീരത്താണ്.
ക്ഷണിക്കപ്പെടാതെ ദക്ഷയാഗത്തിൽ പങ്കെടു ക്കാനെത്തി, ദക്ഷനാൽ അപമാനിതയായ, സതീ ദേവി യാഗാഗ്നിയിൽ ചാടി ജീവത്യാഗം ചെയ്തു എന്നാണ് പറയപ്പെടുന്നത്. ഇതറിഞ്ഞെത്തിയ പരമശിവൻ യാഗശാല തകർത്ത്, ദക്ഷനെ വധിച്ച് ശേഷം കോപം തീരാതെ സതിദേവിയുടെ കത്തിക്കരിഞ്ഞ ശരീരവുമായി താണ്ഡവമാടി. അപ്പോൾ ശരീരത്തിൻ്റെ ഓരോരോ ഭാഗങ്ങൾ, ഹിമാലയത്തി ൻ്റെ പല ഭാഗങ്ങളിലായി ചിതറി വീണുവെന്നും . 51 ശരീരഭാഗങ്ങൾ വീണ സ്ഥലങ്ങൾ, 51 ശക്തി പീഠങ്ങളായി മാറി എന്നും ദേവിയുടെ വലത്തെ കണ്ണ് വന്നുവീണ സ്ഥലമാണ് നൈനിത്താൾ എന്നും പറയുന്നു.
സമുദ്രനിരപ്പിൽ നിന്നും 6350 അടി ഉയരത്തിലാണ് നൈനിത്താൾ. നൈന, ദ്വിപത, അയർപത എന്നീ 3 മലകൾക്കിടയിലെ പ്രകൃതി ദത്തമായ ശുദ്ധജല തടാകമാണ് നൈതിതാൾ.
കടുത്ത വേനൽ കാലത്ത് പോലും, ഇവിടെ 10 ഡിഗ്രിയിൽ താഴെയാണ് താപനില ഉള്ളത്. ബ്രിട്ടിഷുകാരുടെ വേനൽക്കാലഭരണ ആസ്ഥാനമായിരുന്നിവിടം എന്നാണ് പറയപ്പെടുന്നത്.
ഇവിടുത്തെ ജീവിത രീതികളും ,സംസ്കാരവും, മറ്റ് സ്ഥലങ്ങളിൽ നിന്നു ഒരുപാട് വ്യത്യസ്തമായ ഒന്നാണ്. ഇവിടെ മാത്രം കാണാൻ കഴിയുന്ന ചില പ്രത്യേക മരങ്ങളും, ചെടികളും, പൂക്കളും ഒക്കെ ഉണ്ട്.
story highlight; nainital travel