ജറുസലേം: ഇസ്രയേലിലെ തെല്‍അവീവിന് സമീപം വന്‍ വെടിവെപ്പെന്ന് പ്രാദേശിക മാധ്യമങ്ങള്‍. ആക്രമണത്തില്‍ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഭീകരാക്രമണം സംശയിക്കുന്നതായി ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഏഴ് പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമികവിവരം. വിവിധയിടങ്ങളില്‍ സ്ഥിതി ഗുരുതരമെന്നാണ് സൂചന.
നഗരത്തിലെ ലൈറ്റ് റെയിൽവേ സ്റ്റേഷനു സമീപമാണ് വെടിവെപ്പ് നടന്നത്. വെടിയുതിർത്ത രണ്ട് പേരെ സുരക്ഷാ സേന വധിച്ചു. സ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങളിൽ നിരവധി പേർ നിലത്ത് വീണുകിടക്കുന്നതായി കാണാം.
അതേസമയം, ഇസ്രായേലിൽ മിസൈല്‍ ആക്രമണം ആരംഭിച്ച് ഇറാൻ. ഇസ്രായേലിലെ ടെല്‍ അവീവിൽ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു.
ഇസ്രായേലിനുനേരെ ഇറാൻ മിസൈൽ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് ഇറാന്റെ അപ്രതീക്ഷിത ആക്രമണം. ഇസ്രായേൽ സേന തന്നെയാണ് മിസൈൽ ആക്രമണം സ്ഥിരീകരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.