World

തീമഴ വർഷിച്ച് ഇറാന്റെ ഇരുനൂറിലേറെ ബാലിസ്റ്റിക് മിസൈലുകൾ; നടുങ്ങി ഇസ്രായേൽ നഗരങ്ങൾ

​ദുബൈ: ഇറാൻ അയച്ച ഇരുനൂറിലേറെ ബാലിസ്റ്റിക്​ മിസൈലുകളുടെ തീമഴയിൽ ​തെൽ അവീവ്​ ഉൾപ്പെടെ മുഴുവൻ ഇസ്രായേൽ നഗരങ്ങളും അക്ഷരാർഥത്തിൽ നടുങ്ങിയ രാവാണ്​ കടന്നുപോയത്​. മുഴുവൻ ജനങ്ങളോടും ബങ്കറുകളിലേക്ക്​ മാറാനായിരുന്നു നിർദേശം. ബെൻ ഗുരിയോൺ ഉൾപ്പെടെ എല്ലാ വിമാനത്താവളങ്ങളുടെയും പ്രവർത്തനം നിർത്തി. വ്യോമാതിർത്തി പൂർണമായും അടച്ചിട്ടു. റെയിൽ ഗതാഗതവും നിർത്തി.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെ എല്ലാ മന്ത്രിമാരും മണിക്കൂറുകൾ ബങ്കറുകളുടെ സുരക്ഷയിൽ കഴിച്ചുകൂട്ടി. ഇറാൻ തിരിച്ചടിക്കില്ലെന്ന കണക്കുകൂട്ടൽ തെറ്റിയതോടെ ഇനിയെന്ത്​ എന്ന വിഭ്രാന്തിയിലാണ്​ നെതന്യാഹുവും സൈനിക നേതൃത്വവും. മിസൈലുകൾ പലതും ലക്ഷ്യം കണ്ടതായി ഇറാ​ൻ അവകാശ​പ്പെട്ടു.

എന്നാൽ, മിസൈൽ ആക്രമണം പരാജയമാണെന്ന് അമേരിക്കൻ പ്രസിഡന്റ്​ ജോ ബൈഡനും നെതന്യാഹുവും പറയുന്നു. ഇറാഖിലും ജോർദാനിലും യു.എസ്​ സെൻട്രൽ കമാന്‍റ്​ ഇടപെടൽ മൂലം നിരവധി ഇറാൻ മിസൈലുകൾ പ്രതിരോധിച്ചതായി പെന്‍റഗൺ അറിയിച്ചു. അതേ സമയം സൈനിക കേ​ന്ദ്രങ്ങളിൽ പതിച്ച മിസൈലുകൾ വ്യാപക നാശനഷ്ടങ്ങളും ആളപായവും സൃഷ്​ടിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. എന്നാൽ, ഇതേക്കുറിച്ച്​ ഇസ്രായേൽ മൗനം പാലിക്കുകയാണ്​.

ഹിസ്​ബുല്ല നേതാവ്​ ഹസൻ നസ്​റുല്ലയുടെയും ഹമാസ്​ നേതാവ്​ ഇസ്മാഈൽ ഹനിയ്യയുടെയും വധത്തിനുള്ള നിയമാനുസൃത തിരിച്ചടിയുടെ ആദ്യഘട്ടം മാത്രമാണിതെന്ന്​ ഇറാൻ വ്യക്തമാക്കി. പ്രതികാരത്തിനു തുനിഞ്ഞാൽ ഇസ്രാായേലിനെതിരെ ഏതറ്റം വരെ പോകാനും സജ്​ജമെന്ന്​ ഇറാൻ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി​.