സമാനതകളില്ലാത്ത പ്രകൃതി ദുരന്തങ്ങളാണ് കേരളം അടുത്ത കാലത്തായി അഭിമുഖീകരിച്ചത്. അത് ലോകം തന്നെ സമ്മതിച്ചതുമാണ്. അമേരിക്കന്‍ പ്രസിഡന്റ് പോലും ട്വിറ്ററില്‍ കുറിച്ച വയനാട് മുണ്ടക്കൈ ദുരന്തത്തിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. പ്കധാനമന്ത്രി നരേന്ദ്രമോദി വയനാട് എത്തി, ആശുപത്രിയിലെ ദുരന്തബധിതരെ കണ്ടതും, ഒരു കുഞ്ഞ് അപ്പൂപ്പനെപ്പോലെ പ്രധാനമന്ത്രിയുടെ താടിയില്‍ തടവിയതുമെല്ലാം കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ മത്സരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതും മറന്നിട്ടില്ല. അതെല്ലാം ഉള്ളില്‍ത്തട്ടിയുള്ള സ്‌നേഹമായിരുന്നെങ്കില്‍, നാല് വോട്ടിനു വേണ്ടിയുള്ള കപട രാഷ്ട്രീയ ഡ്രാമ ആയിരുന്നില്ല എങ്കില്‍ കേരളത്തിന്റെ പ്രകൃതിദുരന്ത സഹായധനത്തില്‍ വെട്ടിക്കുറവ് വരുത്തരുതായിരുന്നു.
ഇത് രാഷ്ട്രീയമായി ചോദ്യം ചെയ്യേണ്ടത്, ബി.ജെ.പി കേരളാ ഘടകം തന്നെയാണ്. അതിന് നട്ടെല്ലുവേണം. വടക്കേ ഇന്ത്യയിലെ ഗോസായിമാരെ കണ്ടാല്‍ കവാത്തു മറക്കുന്ന ഏഴാംകൂലികളാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍. മുണ്ടക്കൈ ദുരന്തത്തിനു മുമ്പ് കേന്ദ്രസഹമന്ത്രിയായ രണ്ടു പേരുണ്ട്. സൂപ്പര്‍സ്റ്റാര്‍ സുരേഷ്‌ഗോപിയും, ജോര്‍ജ് കുര്യനും. ഈ രണ്ടുപേരുടെയും സഹായം കൊണ്ടും, പിന്നെ കേന്ദ്രസര്‍ക്കാരിന്റെ കാരുണ്യവും നരേന്ദ്രമോദിയുടെ പ്രത്യേക താല്‍പ്പര്യവും കൊണ്ടാണ് കേരളത്തിന് 145.60 കോടി രൂപയെങ്കിലും കിട്ടിയതെന്ന് പറയാതിരുന്നാല്‍ മതി. ദുരന്തത്തിന്റെ പേരിലും മുഖ്യമന്ത്രിയെയും കേരള സര്‍ക്കാരിനെയും മാധ്യമങ്ങള്‍ കണക്കിനു പ്രഹരിച്ചത് മറക്കാനാവുമോ.
ഹൈക്കോടതിയില്‍ ദുരന്ത നിവാരണ അതോറിട്ടി നല്‍കിയ എസ്റ്റിമേറ്റിന്റെ പേരിലായിരുന്നു ആ ആക്രമണമെല്ലാം ഉണ്ടായത്. കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ വാര്‍ത്താ സമ്മേളനം വിളിച്ചും, പത്രക്കുറിപ്പിറക്കിയും, മാധ്യമങ്ങള്‍ക്ക് മുമ്പിലുമൊക്കെ കേരളത്തിനെ പറയാവുന്ന കുറ്റങ്ങളെല്ലാം പറഞ്ഞു. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ദുരിതാശ്വാസ ഫണ്ടു തട്ടിപ്പുകാരനെന്നും, കള്ളനെന്നുമൊക്കെ വിളിച്ചു കൂവി. എന്നാല്‍, കേന്ദ്രം ഫണ്ട് തരാന്‍ മടിച്ചപ്പോഴോ, മറ്റു സംസ്ഥാനങ്ങളേക്കാള്‍ കുറവ് ഫണ്ട് നല്‍കിയപ്പോഴോ ബി.ജെ.പി നേതാക്കളുടെ നാവ് പൊങ്ങാതായി. പ്രകൃതി ദുരന്തങ്ങള്‍ക്ക് കേന്ദ്ര മാനദണ്ഡപ്രകാരം അനുവദിക്കുന്ന തുക ഔദാര്യമല്ല, അവകാശമാണ്.
അത് നല്‍കേണ്ടത്, ദുരന്തത്തിന്റെ തീവ്രതയും, അതുമൂലമുണ്ടാകുന്ന നാഷനഷ്ടങ്ങളുടെ വ്യാപ്തിയും കണക്കിലെടുത്താണ്. പക്ഷെ, അതാണോ ഉണ്ടായിരിക്കുന്നതെന്ന് ബി.ജെ.പി നേതൃത്വം സ്വയം വിലയിരുത്തണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിനെ എന്താണ് കേന്ദ്രം ഇങ്ങനെ തഴയുന്നത്. ബി.ജെ.പി സര്‍ക്കാര്‍ അല്ലാത്തതു കൊണ്ടാണോ. അതോ കേരളത്തിലെ ജനങ്ങളെ കേന്ദ്രം അവഗണിക്കുന്നതു കൊണ്ടോ. രണ്ടായാലും കേന്ദ്രം കേരളത്തെ അവഗണിക്കുന്നതിനെതിരേ ഒരക്ഷരം പറയാത്ത ബി.ജെ.പി നേതാക്കള്‍ നട്ടെല്ലില്ലാത്തവരാണെന്നു പറയാതെ വയ്യ. കേരളത്തിലെ ജനങ്ങളെയാണ് കാണേണ്ടത്, അല്ലാതെ കേരളം ഭരിക്കുന്ന സര്‍ക്കാരിന്റെ രാഷ്ട്രീയമല്ല.
രാജ്യത്തുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായധനം അനുവദിക്കുന്നത് എന്ത് മാനദണ്ഡത്തിലാണ്. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപയാണ് അനുവദിച്ചത്. ഇതു മതിയോ കേരളത്തിന്. എത്ര രൂപയാണ് കേരളം ആവശ്യപ്പെട്ടത്. ഇതിലും കുറച്ചു തുകയാണ് കേരളം ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ കേന്ദ്രം നല്‍കിയത് വലിയ സഹായമായി മാറിയേനെ. പക്ഷെ, 1800 കോടിയോളം എസ്റ്റിമേറ്റിട്ട് കേന്ദ്രത്തോട് ആവശ്യപ്പെട്ട തുകയുടെ അടുത്തു പോലുമെത്താത്തതാണ് ഈ തുക. എന്നാല്‍, മഹാരാഷ്ട്രയ്ക്ക് 1492 കോടിയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ആന്ധ്രാ പ്രദേശിന് 1032 കോടിയും. അസമിന് 716 കോടി രൂപ അനുവദിച്ചപ്പോള്‍ ബിഹാറിന് 655 കോടി നല്‍കിയിരിക്കുന്നു. കേരളത്തെ ഇങ്ങനെ അവഗണിക്കാന്‍ എങ്ങനെയാണ് സാധിക്കുന്നത്.
പ്രധാനമന്ത്രി വയാനാട്ടില്‍ വന്നതും പോയതും വെറും പ്രഹസനം എന്നല്ലാതെ മറ്റെന്താണ്. കണ്ണീരൊപ്പാനല്ല, കേരളത്തിന്റെ കണ്ണൂരി എടുക്കാനാണ് വന്നതെന്ന് പറഞ്ഞാല്‍ തെറ്റില്ല. ബി.ജെ.പി സംസ്ഥാന ഘടകമാണ് ഇതിനു മറുപടി പറയേണ്ടത്. കെട്ടിയെഴുന്നെള്ളിച്ച് പ്രധാനമന്ത്രിയെ വയനാടേക്ക് കൊണ്ടു വന്നപ്പോള്‍ എന്തായിരുന്നു ഉദ്ദേശിച്ചതെന്ന്. ദുരന്തത്തെ രാഷ്ട്രീയമായി കണ്ടവരാണ് കേരളത്തിലെ ബി.ജെ.പിക്കാര്‍. അല്ലാതെ മറ്റൊന്നുമല്ല. കേരളം നീറിപ്പുകയുന്ന കാലത്തും, രാഷ്ട്രീയത്തിന്റെ വിഷവിത്തുമായി മുളപ്പിക്കാന്‍ ഇടംതേടി നടക്കുന്നവര്‍ക്ക് എന്ത് പ്രകൃതി ദുരന്തം. രാജ്യത്തെ 14 സംസ്ഥാനങ്ങള്‍ക്കായി ആകെ അനുവദിച്ചത് 5858.60 കോടിരൂപയാണ്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്.
കഴിഞ്ഞ ദിവസം 675 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചുള്ള പട്ടികയില്‍ കേരളത്തിന്റെ പേരുണ്ടായിരുന്നില്ല എന്നതും എടുത്തു പറയയേണ്ടതാണ്. ഗുജറാത്ത്, മണിപ്പുര്‍, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ധനസഹായം പ്രഖ്യാപിച്ചത്. ഗുജറാത്തിന് 600 കോടി രൂപയും മണിപ്പുരിന് 50 കോടി രൂപയും ത്രിപുരയ്ക്ക് 25 കോടിയുമാണ് പ്രഖ്യാപിച്ചത്. കേരളത്തെ സാമ്പത്തികമായി ഞെരുക്കി ബി.ജെ.പി രാഷ്ട്രീയം കൊണ്ടുവരാന്‍ കഴിയുമോ എന്നാണ് നോക്കുന്നത്. അസം, മിസോറം, കേരള, ത്രിപുര, നാഗാലാന്‍ഡ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തവണ ശക്തമായ മഴയും മണ്ണിടിച്ചിലും നേരിട്ടത്. കേരളത്തിന് സഹായം അനുവദിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
എന്നാല്‍, മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അനുവദിച്ച തുക കുറവെന്നു മാത്രമല്ല, കേരളം ആവശ്യപ്പെട്ട തുകയേക്കാള്‍ വലിയ കുറവാണ്. ഇത്രയും തുക ഉപയോഗിച്ച് കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ എന്ത് പ്രവര്‍ത്തനമാണ് ചെയ്യാന്‍ കഴിയുക. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന ദുരിതാശ്വാസ ഫണ്ട് പിരിവു പോലും ഇതിനേക്കാള്‍ കൂടുതല്‍ തുക സമാഹരിച്ചേക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ചു ദിവസത്തെ ശമ്പളം പിടിക്കുന്ന സാലറി ചലഞ്ചിലൂടെ 500 കോടിയാണ് പ്രതീക്ഷിക്കുന്നത്. ഇത് കുറഞ്ഞത്, 350 കോടിയെങ്കിലും പിരിച്ചെടുക്കും. ഇതു കൂടാതെ മന്ത്രിമാര്‍, തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ സംഘടനകള്‍, ബിസിനസ്സുകാര്‍, വ്യക്തികള്‍ തുടങ്ങി എല്ലാവരും സഹായിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ലഭിക്കുന്ന സംഭാവനയേക്കാള്‍ കുറവാണ് കേന്ദ്രം നല്‍കുന്ന പ്രകൃതി ദുരന്ത ഫണ്ട്.
CONTENT HIGHLIGHTS;Spineless BJP Kerala element: Oath needed, to question Center for politicizing calamity fund