Explainers

ഇറാന്‍-ഇസ്രയേല്‍ യുദ്ധം: ആയുധങ്ങളുടെ ബലപരീക്ഷണമാകും; പരസ്പരം കൊന്നുതള്ളാന്‍ ഇരുവിഭാഗവും കരുതിയിരിക്കുന്നത് എന്തൊക്കെ ?

ഇനി സമാധാനത്തിന് ഒരു വഴിയും തുറക്കാനാവില്ലെന്ന് ഉറപ്പായിരിക്കുന്ന ഇടമാണ് പശ്ചിമേഷ്യ. ഓരോ ദിവസം പുലരുമ്പോഴും അവിടെ ബാക്കുയുള്ളത് എത്ര മനുഷ്യരായിരിക്കുമെന്ന് ഒരു നിശ്ചയവുമില്ല. ഇന്നത്തെ ഞെട്ടിക്കുന്ന കണക്കായിരിക്കില്ല നാളെ കേള്‍ക്കാനാകുന്നത്. അത്രയേറെ സമാധാനം കെട്ടു പോയിരിക്കുന്നു. ഇനി ആയുധങ്ങള്‍ മാത്രമാണ് പരസ്പരം ഏറ്റുമുട്ടുക. ആയുധങ്ങളുടെ ബല പരീക്ഷണത്തിനിടയില്‍ മനുഷ്യര്‍ക്ക് പ്രസ്‌കതിയില്ല. ഇരു വിഭാഗങ്ങളും പരസ്പരം കൊന്നൊടുക്കാന്‍ കരുതിയിട്ടുള്ള ആയുധങ്ങള്‍ എന്തൊക്കെയാണെന്നും, യുദ്ധ തന്ത്രങ്ങള്‍ എന്തൊക്കെയാണെന്നുമേ അറിയാനുള്ളൂ.

ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ള, ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ എന്നിവരുടെ ചോരയ്ക്കു പകരം ചോദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഇറാന്‍ തൊടുത്ത് വിട്ട 180 ഓളം ബാലിസ്റ്റിക് മിസൈലുകളുടെ പ്രകമ്പനത്തിലാണ് ഇസ്രയേല്‍ ഇപ്പോഴും. ‘ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 2’ എന്നാണ് ഈ ആക്രമണത്തിന് ഇറാന്‍ നല്‍കിയ പേര്. തങ്ങളുടെ മിസൈലുകള്‍ 90 ശതമാനവും ലക്ഷ്യം കണ്ടുവെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഗദ്ദര്‍, ഇമാദ് എന്നീ മിസൈലുകള്‍ക്കൊപ്പം ഏറ്റവും പുതിയ ഫത്ത ഹൈപ്പര്‍ സോണിക് മിസൈലുകളും ഇറാന്‍ ഇസ്രയേലിനെതിരെ ഉപയോഗിച്ചിട്ടുണ്ട്. ഇറാന്റെ യുദ്ധ തന്ത്രങ്ങളാണ് ഇപ്പോള്‍ ഇസ്രയേലിനെ അമ്പരപ്പിച്ചിരിക്കുന്നത്.

മിസൈല്‍ പേമാരി തീര്‍ത്ത് ഞെട്ടിച്ചതിനു പിന്നാലെ അടുത്ത നീക്കം എന്താണെന്ന് ഇസ്രയേലിന് ചിന്തിക്കാന്‍ പോലുമാകുന്നില്ല. ഇറാന്‍ ഇസ്രയേലിലേക്ക് തൊടുത്തു വിട്ട മിസൈലുകളും ഇനി വരുന്ന യുദ്ദത്തിലും ഉപയോഗഹിക്കാന്‍ പോകുന്ന ആയുധങ്ങള്‍ ഇവയാണ്.

ഫത്ത ഹൈപ്പര്‍സോണിക് മിസൈല്‍

ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ്സിന്റെ എയ്റോസ്പേസ് ഫോഴ്സ് സ്പെഷലിസ്റ്റുകളാണ് ഫത്താ വികസിപ്പിച്ചിരിക്കുന്നത്. ശബ്ദത്തേക്കാള്‍ വേഗതയുണ്ട് ഫത്തയ്ക്ക്. കൃത്യമായി ലക്ഷ്യം കാണുന്ന പ്രിസിഷന്‍ ഗൈഡഡ് മിസൈലായ ഫത്തയുടെ രണ്ട് ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കുന്ന റോക്കറ്റുകള്‍ക്ക് കരുത്തേകുന്നത് ഖര ഇന്ധനമാണ്. ജേതാവ് എന്നതാണ് ഫത്താ എന്ന പേരിനര്‍ഥം. ശബ്ദവേഗത്തിന്റെ 15 മടങ്ങുവേഗം കൈവരിക്കാനും ഇതിനു കഴിയുമെന്ന് കരുതപ്പെടുന്നു. പൊതുവെ ഹൈപ്പര്‍സോണിക് മിസൈലുകളെ തടയാനോ ചെറുക്കാനോ പാടാണ്. ഇതിനു പുറമേ ഫത്തായില്‍ അധികമായുള്ള രഹസ്യചലന സംവിധാനങ്ങള്‍ മിസൈലിനെ കൂടുതല്‍ അപകടകാരിയാക്കുന്നു. ലോകത്തെ പല പ്രമുഖ എയര്‍ ഡിഫന്‍സ് സംവിധാനങ്ങളെയും ചെറുക്കാന്‍ ഫത്തായ്ക്കു കഴിയും. ഇസ്രയേലിന്റെ അയണ്‍ ഡോം പോലുള്ള സംവിധാനങ്ങളെയും ഫത്താ നിഷ്പ്രഭമാക്കുമെന്ന് ഇറാന്‍ അവകാശപ്പെടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശേഷിയും മിസൈലിനുണ്ടെന്ന് റവല്യൂഷനറി ഗാര്‍ഡ്സ് പറയുന്നു.

ഗദ്ദര്‍ മിസൈലുകള്‍

2005ലാണ് ഗദ്ദര്‍ മിസൈലുകള്‍ ഇറാന്‍ അവതരിപ്പിച്ചത്. 2003 വരെ ഇറാന്‍ ഉപയോഗിച്ചിരുന്ന ഷഹബ്-3 എന്ന മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് ഗദ്ദര്‍. ഒന്നാം ഘട്ടത്തില്‍ ദ്രവ ഇന്ധനവും രണ്ടാം ഘട്ടത്തില്‍ ഖര ഇന്ധനവുമാണ് ഗദ്ദറിന് കരുത്തേകുക. ഗദ്ദര്‍-S (1350 കിലോമീറ്റര്‍ ദൂരപരിധി), ഗദ്ദര്‍-H (1650 കിലോമീറ്റര്‍ ദൂരപരിധി), ഗദ്ദര്‍-F (1950 കിലോമീറ്റര്‍ ദൂരപരിധി) എന്നിങ്ങനെ മൂന്ന് തരം ഗദ്ദര്‍ മിസൈലുകളാണ് ഇറാന്‍ വികസിപ്പിച്ചത്. 1.25 മീറ്റര്‍ വ്യാസമുള്ള ഗദ്ദര്‍ മിസൈലുകളുടെ നീളം 15.86 മീറ്ററിനും 16.58 മീറ്ററിനും ഇടയിലാണ്.

ഇമാദ് മിസൈല്‍

2015 മുതലാണ് ഇറാന്‍ ഇമാദ് മിസൈലുകള്‍ ഉപയോഗിച്ച് തുടങ്ങിയത്. ഇറാന്റെ ആദ്യ പ്രിസിഷന്‍-ഗൈഡഡ് മിസൈലാണ് ഇത്. ദ്രവ ഇന്ധനം കരുത്തേകുന്ന ഇമാദിന്റെ നീളം 15.5 മീറ്ററാണ്. 1750 കിലോഗ്രാം ഭാരമുള്ള ഈ മിസൈല്‍ 1700 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. ഗദ്ദര്‍ മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇമാദ് ബാലിസ്റ്റിക് മിസൈല്‍. ഉയര്‍ന്ന കൃത്യത, മികച്ച ഗൈഡന്‍സ് സംവിധാനം എന്നിവയാണ് ഇമാദിന്റെ പ്രധാന പ്രത്യേകതകള്‍.

പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് പതിയിരുന്ന ഇറാന്‍, കൃത്യമായ പ്ലാനോടു കൂടി നടത്തിയ ഈ ആക്രമണത്തിനു മുന്നില്‍ ഇസ്രയേല്‍ പകച്ചു നില്‍ക്കുകയാണ്. ഇസ്രയേലിനെ സഹായിക്കാന്‍ രംഗത്തിറങ്ങുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതോടെ, ലോകം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. റഷ്യയുടെ പിന്തുണ ഉറപ്പിച്ച ശേഷമാണ് ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചതെന്നാണ് അമേരിക്ക കരുതുന്നത്. അങ്ങനെയെങ്കില്‍ അമേരിക്ക ഇടപെട്ടാല്‍ റഷ്യ ഇറാന് വേണ്ടി പരസ്യമായി തന്നെ രംഗത്തിറങ്ങുമെന്ന കാര്യവും ഉറപ്പാണ്. ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുന്നതായാണ് ബി.ബി.സി ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം ഹമാസിനെ മുട്ടുകുത്തിച്ച്, ഹൂതി വിമതരുമായി പോരാടി, ഹിസ്ബുള്ളയോട് വെല്ലുവിളിച്ച് ഇപ്പോള്‍ ഇറാനുമായി യുദ്ധത്തിലേര്‍പ്പെടുന്ന ഇസ്രയേലിന് ഇരട്ടച്ചങ്കാണെന്നു പറയാതെ വയ്യ. സര്‍വ്വ മുസ്ലീം രാഷ്ട്രങ്ങളെയും വിരോധികളാക്കി സായുധ സംഘടനകളെ ചുട്ടെരിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഇസ്രയേലിന്റെ പിന്‍ബലം അമേരിക്കയാണ്. എങ്കിലും സ്വന്തമായി കണ്ടെത്തിയ ആയുധപ്പുരയില്‍ ഇസ്രയേല്‍ എന്നും ശക്തര്‍ തന്നെയെന്നേ പറയാനാകൂ. മൊസാദിന്റെ രഹസ്യ നീക്കങ്ങള്‍ക്കു മുമ്പില്‍ എത്രയോ തവണയാണ് ലോകം ഞെട്ടിയത്. ഇപ്പോള്‍ ഇസ്രയേലിലേക്ക് ഇറാന്‍ മിസൈല്‍ വര്‍ഷിച്ചതോടെ ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും ഉള്‍പ്പെടെയാണ് ഇസ്രയേലിന്റെ മണ്ണിലേക്ക് ഇറാന്‍ തൊടുത്തത്.

എന്നാല്‍ അതില്‍ ഭൂരിഭാഗവും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞുവെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ഇസ്രയേലിന്റെ അയണ്‍ ഡോമും ആരോ സംവിധാനവുമാണ് ഇറാന്റെ മിസൈലുകളെ പ്രതിരോധിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനത്തെക്കുറിച്ച് അറിയാം.

അയണ്‍ ഡോം

ഇസ്രയേലിന്റെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളില്‍ ഏറ്റവും അറിയപ്പെടുന്നത് അയണ്‍ ഡോം ആണ്. ശത്രു മിസൈലുകളെ ആകാശത്തു വച്ചു തന്നെ തിരിച്ചറിയാനും അതിവേഗം അതിന്റെ സഞ്ചാരപാത മനസ്സിലാക്കി കൃത്യതയോടെ മിസൈലുകള്‍ അയച്ച് അവയെ തകര്‍ക്കാനും അയണ്‍ ഡോമിന് കഴിയും. 2011 മാര്‍ച്ചിലാണ് ആദ്യത്തെ അയണ്‍ ഡോം സംവിധാനം ഇസ്രയേല്‍ സ്ഥാപിച്ചത്. ലോകത്തെ ഏറ്റവും ആധുനിക വ്യോമ പ്രതിരോധ സംവിധാനമായാണ് അയണ്‍ ഡോമിനെ കണക്കാക്കുന്നത്. മിസൈലുകളുടെ വരവും വേഗവും കണക്കുകൂട്ടാന്‍ റഡാറുകളെയാണ് അയണ്‍ ഡോം ഉപയോഗിക്കുന്നത്. ഇസ്രയേലില്‍ കുറഞ്ഞത് 10 അയണ്‍ ഡോം സംവിധാനങ്ങളുണ്ട്.

ഡേവിഡ്സ് സ്ലിങ്ങാണ്

അത്യാധുനിക സുരക്ഷയൊരുക്കുന്ന ഇസ്രയേല്‍ പ്രതിരോധ സംവിധാനത്തിന്റെ ഏറ്റവും താഴെയുള്ള പാളിയാണ് അയണ്‍ ഡോം. ഹ്രസ്വവും ഇടത്തരവുമായ മിസൈല്‍ ഭീഷണിയില്‍ നിന്ന് രക്ഷിക്കുന്ന അടുത്ത സംവിധാനം ഡേവിഡ്സ് സ്ലിങ്ങാണ്. ഇസ്രയേലും അമേരിക്കയും സംയുക്തമായി ഒരുക്കിയ പ്രതിരോധ സംവിധാനമാണിത്. ശത്രുവിമാനങ്ങള്‍, ഡ്രോണുകള്‍, തന്ത്രപരമായ ബാലിസ്റ്റിക് മിസൈലുകള്‍, റോക്കറ്റുകള്‍, ക്രൂസ് മിസൈലുകള്‍ എന്നിവയെ 40 മുതല്‍ 300 കിലോമീറ്റര്‍ (25 മുതല്‍ 190 മൈല്‍ വരെ) വരെ സഞ്ചരിച്ച് തടയുന്നതിനായി രൂപകല്‍പന ചെയ്ത സംവിധാനമാണിത്.

ഹിറ്റ്-ടു-കില്‍

ഡേവിഡ് സ്ലിങ്ങിന് മുകളിലായി ആരോ 2, ആരോ 3 എന്നീ സംവിധാനങ്ങളുമുണ്ട്. ബാലിസ്റ്റിക് മിസൈലുകളെ ആക്രമിക്കാനായി ഈ സംവിധാനം പ്രയോജനപ്പെടുത്തും. ആരോ 2ന് പരമാവധി 56 മൈല്‍ ദൂരത്തിലും 32 മൈല്‍ ഉയരത്തിലും സഞ്ചരിക്കാനാകും. ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിന്റെ അന്തരീക്ഷത്തിലേക്ക് കടക്കുന്നതിനു മുന്‍പു തന്നെ അവയെ തടയാന്‍ ആരോ 3 ഹിറ്റ്-ടു-കില്‍ സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു.

ഇസ്രയേലിന്റെ സൈനികക്കരുത്ത്

ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ 2023 ലെ കണക്കനുസരിച്ച്, ഇസ്രയേല്‍ കരസേനയിലും നാവികസേനയിലും അര്‍ധസൈനിക വിഭാഗത്തിലുമായി 1,69,500 സജീവ സൈനികരുണ്ട്. 465,000 പേര്‍ റിസര്‍വ് ഫോഴ്‌സിലുണ്ട്. ഇസ്രയേലില്‍ 18 വയസ്സു കഴിഞ്ഞ പുരുഷന്‍മാര്‍ 32 മാസവും സ്ത്രീകള്‍ 24 മാസവും നിര്‍ബന്ധിത സൈനിക സേവനം ചെയ്യേണ്ടതുണ്ട്. 2,200 ടാങ്കുകളും 530 പീരങ്കികളുമുണ്ട്. ഇതുകൂടാതെ എഫ്-16 ജെറ്റ് (196 എണ്ണം), എഫ്-15 ജെറ്റ് (83 എണ്ണം), എഫ്-35 ജെറ്റ് (30 എണ്ണം), അപ്പാച്ചെ ഹെലികോപ്റ്റര്‍ (43 എണ്ണം) എന്നിവയും ഇസ്രയേല്‍ സൈന്യത്തിനുണ്ട്.

ഇസ്രായേല്‍ സൈന്യം ലെബനനെ കരമാര്‍ഗ്ഗം ആക്രമിച്ചു തുടങ്ങിയതോടെയാണ് ഇറാന്‍ ആക്രമണം നടത്തിയത്. ഇതോടെ ലെബനനില്‍ പെട്ട ഇസ്രായേല്‍ സൈനികരും കുടുങ്ങുന്ന അവസ്ഥയാണ് ഉള്ളത്. ഇറാന്റെ മിസൈല്‍ ആക്രണണത്തില്‍ നിന്നുംരക്ഷ നേടാന്‍ സിവിലിയന്മാരോട് ബങ്കറില്‍ അഭയം തേടാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ രാജ്യം ‘അതിന്റെ ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്ന്’ അഭിമുഖീകരിക്കുകയാണെന്നും ഒരു ദശലക്ഷം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്നും ലെബനീസ് പ്രധാനമന്ത്രി പറയുമ്പോള്‍, മരിക്കാനും തയ്യാറാണെന്ന് പറഞ്ഞ് ലക്ഷങ്ങളാണ് തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. ഇത് ഇസ്രയേല്‍ സൈന്യത്തിന് വലിയ വെല്ലുവിളിയാണ്. ഇസ്രയേല്‍ തലസ്ഥാനത്ത് ഉള്‍പ്പെടെ മിസൈല്‍ ആക്രമണത്തിന് ഒപ്പം തന്നെ ചാവേറുകളും പൊട്ടി തെറിക്കുന്നുണ്ട്. അത്യന്തം ഭീതി ജനകമായ അവസ്ഥയാണിത്.

content highlights;Iran-Israel War: Will Be a Test of Arms; What are the plans of both sides to kill each other?

Latest News