Kerala

മുഖ്യമന്ത്രിയുടെ മാധ്യമ ടീമിന്റെ പ്രവര്‍ത്തനം പിആര്‍ ഏജന്‍സിക്ക് തുല്യമോ? ചോദ്യവുമായി പാര്‍ട്ടി പ്രവര്‍ത്തകരും, ഘടകകക്ഷികളും മറുപടിയുണ്ടോ

മുഖ്യമന്ത്രിക്ക് എന്തിനാണ് ഈ പിആര്‍ ഏജന്‍സി ചോദ്യം ചോദിക്കുന്നത് ജനങ്ങള്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരും അതോടൊപ്പം സിപിഐ ഉള്‍പ്പടെയുള്ള ഇടതുമുന്നണിയിലെ ഘടകകക്ഷികളാണ്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളളതും മുഖ്യമന്ത്രിയുടെ വകുപ്പുമായ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്ന പിആര്‍ഡി ഉള്ളപ്പോള്‍ എന്തിനാണ് പിആര്‍ ഏജന്‍സിയെന്ന ചോദ്യം ഉയരുന്നത്. പിആര്‍ ഏജന്‍സിയില്ലെന്നാണ് മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതെങ്കിലും, ആരും അത് വിശ്വാസത്തിലെടുത്തിട്ടില്ല. ഔദ്യോഗികമായി പിആര്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള മീഡിയ ടീം പ്രവര്‍ത്തിക്കുന്നത് പിആര്‍ ഏജന്‍സിക്ക് തുല്യമായാണ്. പിആര്‍ഡിയുടെ വമ്പന്‍ ടീം സെക്രട്ടറിയേറ്റില്‍ നിലനില്‍ക്കേ, സര്‍ക്കാരിന്റെ മുഖം രക്ഷിക്കുന്നതിന്റെ പേരില്‍ തീറ്റിപ്പോറ്റുന്ന മുഖ്യമന്ത്രിയുടെ മീഡിയ ടീമിനെതിരെ വന്‍ ആക്ഷേപമാണ് ഉയരുന്നത്. സമൂഹ മാധ്യമങ്ങളില്‍ സര്‍ക്കാരിന്റെ പ്രതിഛായ മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചിരിക്കുന്ന മീഡിയ ടീമിന്റെ ജോലിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ വേണ്ടി മാത്രമാണോ ലക്ഷങ്ങള്‍ നല്‍കി വമ്പന്‍ ടീമിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുത്തിയിരിക്കുന്നതെന്ന് ചോദ്യം ഉയരുന്നു.

സോഷ്യല്‍ മീഡിയയില്‍ പരാജയമായി മാറിയ മുഖ്യമന്ത്രിയുടെ സമൂഹ മാധ്യമ ടീമിനായി ഒരു മാസത്തെ ശമ്പളത്തിനായി ചെലവഴിക്കുന്നത് 6,67, 290 രൂപയാണ്. ടീം ലീഡര്‍, കണ്ടന്റ്‌റ് മാനേജര്‍, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റര്‍, സോഷ്യല്‍ കോഓര്‍ഡിനേറ്റര്‍, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്, ഡെലിവറി മാനേജര്‍, റിസര്‍ച് ഫെലോ, കണ്ടന്റ് ഡവലപ്പര്‍, കണ്ടന്റ് അഗ്രഗേ റ്റര്‍, 2 ഡേറ്റ റിപ്പോസിറ്ററി മാനേജര്‍മാര്‍, കംപ്യൂട്ടര്‍ അസിസ്റ്റന്റ്. ഇവര്‍ക്ക് ആകെ പ്രതിമാസ ശമ്പളം 6,67,290 രൂപയാണ്. ചുമതല മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ്, ഫെയ്സ്ബുക്, എക്‌സ്, യുട്യൂബ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ബാധിക്കുന്ന സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വരുന്ന വാര്‍ത്തകളും വിവരങ്ങളും ശേഖരിച്ച് അദ്ദേഹത്തിന്റെ ഓഫിസിനു കൈമാറുക. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്കു റീച്ച് കൂട്ടുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുക. ഇതൊക്കെ നടത്തിയിട്ടും ജനങ്ങളുടെയിടയിലും, അന്‍വര്‍ വിഷയം വന്നതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും മുഖ്യമന്ത്രിയുടെ പ്രതിഛായയ്ക്ക് കോട്ടം വന്നിരുന്നു. വിഷയത്തില്‍ കൃത്യമായി ഇടപെടാന്‍ മുഖ്യമന്ത്രിയുടെ മാധ്യമ ടീമിനായിട്ടില്ല. അതോടെ, പിആര്‍ഡി അല്ലാതെ മറ്റൊരു മാധ്യമ ടീം എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. പിആര്‍ഡിയ്ക്കു പുറമെ മുഖ്യമന്ത്രിക്ക് ഒരു പ്രസ് സെക്രട്ടറിയും മാധ്യമ സെക്രട്ടറിയും ഉണ്ടായിട്ടും അനാവശ്യ ചെലവ് വരുത്തി വലിയൊരു സോഷ്യല്‍ മീഡിയ ടീമിനെ നിലനിര്‍ത്തുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ മാധ്യമ ടീമിലേക്ക് നിയമനം നടത്തിയത് സിഡിറ്റ് വഴിയായിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും അതേ ടീമിനെ നിലനിര്‍ത്തുകയും ചെയ്തു. ഇവരയെല്ലാം സിഡിറ്റ് വഴിയാണ് നിയമിച്ചത്. അതിനിടയില്‍ പത്തു വര്‍ഷ കാലാവധി ഉള്ളവരെ സ്ഥിരപ്പെടുത്താന്‍ ഒരു നീക്കവും നടക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സിഡിറ്റിന്റെ പേരില്‍ കണ്ടന്റ് ക്രീയേറ്റര്‍ എന്ന പോസ്റ്റില്‍ എടുക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസിലേ മാധ്യമ ടീമിലേക്ക് മാറ്റുകയും ചെയ്യുകയാണ് പതിവ്. മുഖ്യമന്ത്രിയുടെ ഓഫീസിനു വേണ്ടി സേവനം ചെയ്തവരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് സിഡിറ്റ് വഴി ഇവരെ എടുത്തതിന് പിന്നിലേ ലക്ഷ്യം. സിഡിറ്റില്‍ പരീക്ഷ നടത്തുകയും പാര്‍ട്ടി അനുഭാവികളായവരെയും, മക്കളെയും ബന്ധുക്കളെ ഉള്‍പ്പെടെയാണ് സിഡിറ്റില്‍ തിരുകി കയറ്റിയിരിക്കുന്നത്. സിഡിറ്റില്‍ കണ്ടന്റ് ഡെവലപ്പര്‍ കണ്ടന്റ് ക്രിയേറ്റര്‍ എന്ന പേരില്‍ പരീക്ഷ നടത്തുകയും, ലിസ്റ്റില്‍ മുന്നില്‍ വരുന്നവരെ ഇന്റര്‍വ്യൂവില്‍ തരംതാഴ്ത്തി വേണ്ടപ്പെട്ടവരെ തിരികെ കയറ്റുന്നതുമാണ് സിഡിറ്റിന്റെ രീതി. ഇവരെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് നിയമിക്കുന്നത്.

പബ്ലിക് റിലേഷന്‍സ് വകുപ്പിനു പുറമേ അവര്‍ ഏല്‍പിക്കുന്ന കരാറുകള്‍ പൂര്‍ത്തിയാക്കാന്‍ 339 പ്രഫഷനല്‍ അക്രിറ്റഡ് ഏജന്‍സികളെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ടെലിവിഷന്‍, തിയറ്റര്‍, സമൂഹ മാധ്യമങ്ങള്‍, റേഡിയോ എന്നിവയ്ക്കായി പരസ്യം തയാറാക്കാന്‍ 23 ഏജന്‍സികളും പത്രങ്ങള്‍ക്കു പരസ്യം തയാറാക്കാന്‍ 16 ഏജന്‍സികളുമുണ്ട്. ഇവയെല്ലാം ഉണ്ടെന്നിരിക്കെ മാധ്യമ ടീമില്‍ ഇനിയും കൂടുതല്‍ പേരെ നിയമിക്കാന്‍ നീക്കം നടക്കുന്നുണ്ട്.