മൂന്ന് മാസം മുമ്പ് നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഗാസയിലെ ഹമാസ് ഗവണ്‍മെന്റിന്റെ തലവനായ റൗഹി മുഷ്താഹയെ വധിച്ചെന്നു പ്രഖ്യപിച്ച് ഇസ്രായേല്‍ സൈന്യം. കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന വടക്കന്‍ ഗാസയിലെ ഭൂഗര്‍ഭ വളപ്പിനെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിലാണ് ഇവരെ വധിച്ചെന്നു ഇസ്രായേല്‍ സൈനിക പ്രസ്താവനയില്‍ പറയുന്നു. മുഷ്താഹയും കമാന്‍ഡര്‍മാരായ സമേഹ് അല്‍-സിറാജും സമി ഔദേയും ആണ് കൊല്ലപ്പെട്ടത്. മൂന്ന് മാസം മുമ്പ് നടത്തിയ വ്യോമാക്രമണത്തില്‍ മുഷ്താഹയെയും രണ്ട് സുരക്ഷാഉദ്യോഗസ്ഥരെയും വധിച്ചതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സും (ഐ.ഡി.എഫ്.) ഇസ്രായേല്‍ സെക്യൂരിറ്റീസ് അതോറിറ്റി(ഐ.എസ്.എ)യും വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ഇക്കാര്യം ഇസ്രയേല്‍ സേന പ്രസ്താവനയിലൂടെ അറിയിച്ചത്.
Approximately 3 months ago, in a joint IDF and ISA strike in Gaza, the following terrorists were eliminated:
🔴Rawhi Mushtaha, the Head of the Hamas government in Gaza
🔴Sameh al-Siraj, who held the security portfolio on Hamas’ political bureau and Hamas’ Labor Committee
🔴Sami… pic.twitter.com/6xpH6tOOot— Israel Defense Forces (@IDF) October 3, 2024
ഗാസ മുനമ്പില്‍ ഐ.ഡി.എഫും ഐ.എസ്.എയും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഹമാസ് ഗവണ്‍മെന്റ് തലവന്‍ റൗഹി മുഷ്താഹ, ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലും ഹമാസിന്റെ ലേബര്‍ കമ്മിറ്റിയിലും സുരക്ഷാ ചുമതല വഹിച്ചിരുന്ന സമേഹ് അല്‍-സിറാജ്, ഹമാസിന്റെ ജനറല്‍ സെക്യൂരിറ്റി മെക്കാനിസത്തിന്റെ കമാന്‍ഡര്‍ സമി ഔദെഹ് എന്നീ ഭീകരരെ വധിച്ചതായി ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ സെക്യൂരിറ്റി ചീഫായിരുന്നു സമേ അല്‍ സിറാജ്. ഒക്ടോബര്‍ 7-ന് നടന്ന യുദ്ധത്തിന് തുടക്കമിട്ട ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ സൂത്രധാരനെ സഹായിച്ചെന്ന് കരുതപ്പെടുന്ന ഹമാസ് നേതാവായ യഹ്യ സിന്‍വാറിന്റെ അടുത്ത സഹായിയാണ് മുഷ്താഹ. സിന്‍വാര്‍ ജീവിച്ചിരിപ്പുണ്ടെന്നും ഗാസയില്‍ ഒളിവിലാണെന്നുമാണ് ഇസ്രയേല്‍ സൈന്യം വിലയിരുത്തുന്നത്. അതേസമയം, ഇസ്രയേലിലെ ടെല്‍ അവിവില്‍ യമനിലെ ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തി. വ്യാഴാഴ്ച രാവിലെ നടന്ന ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ഹൂതി വിമതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇസ്രയേലിനെതിരായ യുദ്ധത്തില്‍ പലസ്തീനിനും ലബനനും നല്‍കുന്ന പിന്തുണയുടെ ഭാഗമായാണ് തങ്ങള്‍ ടെല്‍ അവിവില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം നടത്തിയതെന്ന് ഹൂതി വിമതര്‍ പറയുന്നു.