Movie News

ഇന്ത്യൻ 3 നേരിട്ട് ഒടിടിയിലേക്കോ? തിയേറ്ററിൽ പരാജയമായ ഇന്ത്യന്‍ 2 നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് 200 കോടിക്ക് – indian-3 plan to direct ott release

1996 ൽ റിലീസ് ചെയ്ത 'ഇന്ത്യൻ' എന്ന ചിത്രം ബോക്‌സോഫീസിൽ വൻ വിജയമായിരുന്നു

തമിഴ് സിനിമ ലോകവും കമല്‍ഹാസന്‍ ആരാധകരും മറക്കാന്‍ ആഗ്രഹിക്കുന്ന ചിത്രമായിരുന്നു 2024 ൽ പുറത്തിറങ്ങിയ ഇന്ത്യൻ 2. തിയേറ്ററിൽ വൻ ദുരന്തമായി മാറിയ ഇന്ത്യൻ 2വിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് ഏകദേശം ഇരുന്നൂറ് കോടി രൂപയ്ക്കാണ്. ഇതിൽ മൂന്നാം ഭാഗത്തിന്റെ ഡിജിറ്റൽ റൈറ്റ്സും ഉൾപ്പെടും.

ഇന്ത്യൻ 2 പരാജയമായതോടെയാണ് മൂന്നാം ഭാഗം നേരിട്ട് ഒടിടിയിലേക്ക് റിലീസ് ചെയ്യുന്നതിന്റെ സാധ്യതകളെ കുറിച്ച് നിർമാതാക്കൾ ചിന്തിക്കുന്നത്.  കമൽഹാസൻ നായകനായി ഷങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ സിനിമയുടെ മൂന്നാം ഭാഗം തിയേറ്ററുകളിൽ എത്തില്ലെന്നാണ് സൂചന.

1996 ൽ റിലീസ് ചെയ്ത ‘ഇന്ത്യൻ’ എന്ന ചിത്രം ബോക്‌സോഫീസിൽ വൻ വിജയമായിരുന്നു. ക്ലാസിക്കായ ഇന്ത്യന്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം തീയറ്ററില്‍ വന്‍ ദുരന്തമായി മാറുകയായിരുന്നു. മുടക്ക് മുതല്‍ പോലും ചിത്രത്തിന് ലഭിച്ചില്ല എന്ന് മാത്രമല്ല സംവിധായകന്‍ ഷങ്കര്‍ അടക്കം ഏറ്റുവാങ്ങിയ ട്രോളിനും കണക്കില്ലായിരുന്നു. ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടെന്ന് നേരത്തെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതാണ്. താന്‍ ഇന്ത്യന്‍ 2വിനെക്കാള്‍ കാത്തിരിക്കുന്ന ചിത്രം ഇന്ത്യന്‍ 3യാണെന്ന് നായകന്‍ കമല്‍ഹാസന്‍ തന്നെ പരസ്യമായി മുൻപ് പറഞ്ഞിരുന്നു.

ഇന്ത്യൻ 3 ൽ വീരശേഖരൻ എന്ന കഥാപാത്രമായി കമൽഹാസൻ എത്തുമ്പോൾ അമൃതവല്ലിയായി കാജൽ അഗർവാൾ എത്തുന്നു. നേരത്തെ നടി സുകന്യയാണ് ഇന്ത്യൻ ആദ്യഭാഗത്തിൽ അമൃതവല്ലിയെ അവതരിപ്പിച്ചത്. നാല്‍പതുകാരനായാണ് കമൽഹാസൻ ഇന്ത്യൻ മൂന്നാം ഭാഗത്തിൽ എത്തുന്നത്.

STORY HIGHLIGHT: indian-3 plan to direct ott release