ഗതാഗതമന്ത്രി ഗണേഷ്‌കുമാറിന്റെ നടപടികള്‍ KSRTCയ്ക്ക് നല്ലതേ വരുത്തൂ എന്ന് ചിന്തിക്കുന്ന ഒരു കൂട്ടരുണ്ട്. എന്നാല്‍, ചെയ്യുന്നതെല്ലാം നല്ലതാണെന്ന് സ്വയം വിശ്വസിക്കുകയും കൂടെ നില്‍ക്കുന്നവര്‍ മുഖസ്തുതി പറയുകയും ചെയ്യുന്നതല്ലാതെ ഒന്നനങ്ങിയിട്ടു പോലുമില്ലെന്ന് എല്ലാവര്‍ക്കുകമറിയാം. ഇനി, KSRTCയില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ജീവനക്കാരുടെ ശ്രമഫലം കൊണ്ടുമാത്രമാണ്. അതിന് മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ കാരണമായിട്ടുണ്ടെന്നത് സത്യവും. ഒന്നാം തീയതി ശമ്പളം, മുറിക്കാതെ ഒരുമിച്ചു ശമ്പളം എന്നുള്ള വാഗ്ദാനങ്ങളില്‍ അറിയാതെയെങ്കിലും വീണുപോയ ജീവനക്കാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ് KSRTCയെ ചെറുതായെങ്കിലും മുന്നോട്ടു കൊണ്ടുപോകുന്നത്.
എന്നാല്‍, ഇങ്ങനെ രാപ്പകല്‍ കഷ്ടപ്പെടുന്ന ജീവനക്കാരെ മന്ത്രി കണക്കിന് പ്രഹരിക്കുന്നുമുണ്ട്. അതാരും അറിയുന്നില്ലെന്നു മാത്രം. ജോലിചെയ്യുന്നവര്‍ക്ക് അങ്ങോട്ടു ചെന്ന് പാരിതോഷികവും, അഭിനന്ദനങ്ങളും നല്‍കുന്നതു മാത്രമാണ് മന്ത്രിയുടെ PR ടീം, സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നുള്ളൂ. അല്ലാതെ ജീവനക്കാരെ അകാരണമായി സസ്‌പെന്റ് ചെയ്യുന്നതും, പ്രഹരിക്കുന്നതുമെല്ലാം അണ്ടര്‍ഗ്രൗണ്ട് വര്‍ക്കായി മുന്നോട്ടു പോകുന്നുണ്ട്. അതില്‍ ഒരു സംഭവം ഇപ്പോള്‍ വലിയ വിഷയമായിരിക്കുകയാണ്.
വിഷയമാക്കിയതോ, CITU ആണ്. സംഭവം നടന്നത് കഴിഞ്ഞ മാസം 9ന്. സസ്‌പെന്‍ഷന്‍ ഉത്തരവിറങ്ങിയത് ഇന്നലെ. ഈ നടപടി ന്യായമാണോ എന്ന് മന്ത്രി വിലയിരുത്തണം. KSRTC ബസില്‍ യാത്രക്കാര്‍ കയറുന്നതും, കയറ്റാതിരിക്കുന്നതും രണ്ടാണ്. സര്‍വ്വീസിനായി ഒരു ഡിപ്പോയില്‍ നിന്നും മറ്റൊരു ഡിപ്പോയിലേക്ക് ബസ് എത്തിക്കുമ്പോള്‍ യാത്രക്കാര്‍ കയറിയാല്‍ തെറ്റൊന്നുമില്ല. അതേസമയം, യാത്രക്കാര്‍ കയറിയില്ലെങ്കില്‍ തെറ്റാകുന്നതെങ്ങനെ. അതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരേ നടപടി എടുക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് ജീവനക്കാരും പറയുന്നത്.
നടന്ന സംഭവം ഇങ്ങനെ
RS 787-തിരുവനന്തപരും-മൂകാംബിക സര്‍വ്വീസ് നടത്തുന്ന വോള്‍വോ മള്‍ട്ടി ആക്‌സില്‍ ബസ്. സര്‍വ്വീസിനിടെ കണ്ണൂരില്‍ വെച്ച് ബ്രേക്ക് ഡൗണ്‍ ആയി. തുടര്‍ന്ന് കണ്ണൂര്‍ ഡിപ്പോയില്‍ ബസ് പിടിച്ചിടുകയും. വര്‍ക്ക്‌ഷോപ്പിലേക്ക് മാറ്റുകയും ചെയ്തു. യാത്രക്കാരെ മറ്റൊരു വണ്ടിയില്‍ കയറ്റി വിടുകയും ചെയ്തു. കണ്ണൂര്‍ ഡിപ്പോയില്‍ വെച്ചുതന്നെ വണ്ടിയുടെ പ്രശ്‌നം പരിഹരിക്കാനുള്ള നടപടിയുമെടുത്തു. ഓണത്തിനുള്ള കളക്ഷന്‍ വര്‍ദ്ധനവും, തിരക്കും പ്രമാണിച്ച് ഈ ബസ് വേഗത്തില്‍ തിരുവനന്തപുരത്ത് എത്തിക്കാനുള്ള തീരുമാനം ഉന്നതതലങ്ങളില്‍ എടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഡിപ്പോയില്‍ നിന്നും രണ്ട് ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ(DC) ബസ് തിരികെ എത്തിക്കാന്‍ നിയോഗിച്ചു.
അങ്ങനെ കഴിഞ്ഞ മാസം 9ന് ബസ് എത്തിക്കാനുള്ള ക്രൂ കണ്ണൂരേക്ക് പോയി. അതേസമയം, 10ന് കണ്ണൂര്‍-തിരുവനന്തപുരം സര്‍വ്വീസിന് ഈ ബസിനെ തീരുമാനിച്ച് റിസര്‍വേഷനായി ഇട്ടു. എന്നാല്‍, മൂന്നുപേര്‍ മാത്രമാണ് റിസര്‍വേഷന്‍ ചെയ്തത്. ഈമൂന്ന് യാത്രക്കാരുമായി ബസ് അവിടെ നിന്നും കോഴിക്കോട് ഡിപ്പോയില്‍ എത്തി. ഡിപ്പോയില്‍ സമയം രേഖപ്പെടുത്തി. റിസര്‍വേഷന്‍ ബസ് ആയതുകൊണ്ട്, പിടിച്ചിടാതെ വിടുകയും ചെയ്തു. എന്നാല്‍, കോഴിക്കോടു നിന്നും ഒരു യാത്രക്കാരന്‍ ബസില്‍ കയറി. മറ്റൊരു ബസില്‍ റിസര്‍വേഷന്‍ ചെയ്തിരുന്ന യാത്രക്കാരനാണ് ഈ ബസില്‍ കയറിയത്. അങ്ങനെ നാല് യാത്രക്കാരുമായി ബസ് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.
എല്ലാ ഡിപ്പോകളിലും ബസ് കയറുകയും സമയം രേഖപ്പെടുത്തുകയും ചെയ്‌തെങ്കിലും അവിടെ നിന്നൊന്നും യാത്രക്കാര്‍ കയറിയില്ല. ഈ ബസില്‍ ടിക്കറ്റ് റേറ്റ് കൂടുതലായിരുന്നതു കൊണ്ടോ, ആളില്ലാതെ വന്നതു കൊണ്ടോ ആകാം യാത്രക്കാര്‍ കയറാതിരുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. മാത്രമല്ല, അന്നേ ദിവസം നിലവിലുള്ള ഡീലക്‌സ് മിന്നല്‍ സര്‍വ്വീസുകളിലും യാത്രക്കാര്‍ പൊതുവേ കുറവായിരുന്നു. ഓഫ് ടൈമിലാണ് ഈ വണ്ടിയുടെ റിസര്‍വേഷന്‍ ഇട്ടിരുന്നതെന്നാണ് വിലയിരുത്തുന്നതും. ബസില്‍ യാത്രക്കാര്‍ കയറാത്തതിനാല്‍ ടിക്കറ്റ് നല്‍കാനും സാധിച്ചില്ല. ഇതാണ് സംഭവിച്ചത്.
സര്‍വ്വീസിന്റെ പേരില്‍ മന്ത്രിക്കു പരാതി
എന്നാല്‍, പിന്നീടുണ്ടായതാണ് രണ്ടു ജീവനക്കാരുടെ സസ്‌പെന്‍ഷനിലേക്കു നയിച്ചത്. ഈ സര്‍വ്വീസിനെതിരേ മന്ത്രിക്ക് ഒരു പരാതി ലഭിക്കുന്നു. നഷ്ടത്തില്‍ സര്‍വ്വീസ് നടത്തി എന്നാണ് പരാതിയില്‍ പറയുന്നത്. KSRTCക്ക് കടുത്ത നഷ്ടം വരുത്തിക്കൊണ്ട് കണ്ണൂര്‍-തിരുവനന്തപുരം സര്‍വ്വീസ് നടത്തിയിരിക്കുന്നു. ഇത് അനുവദിക്കാന്‍ പിടില്ലെന്നു കാട്ടി, സര്‍വ്വീസ് നടത്തിയ രണ്ടു ജീവനക്കാര്‍ക്കെതിരേയും നടപടി എടുക്കണമെന്നായിരുന്നു പരാതി. പരാതി കിട്ടിയതോടെ മന്ത്രിയും കാര്യം അന്വേഷിച്ചു. ഉടന്‍ നടപടിയും വന്നു. ഇപ്പോള്‍ ആ രണ്ട് ജീവനക്കാരും വീട്ടിലിരിക്കുന്നു. സസ്‌പെന്‍ഷന്‍ ഓര്‍ഡറും ഇറങ്ങി.
CITU പറയുന്ന ന്യായം
ബസ് എത്തിച്ച ക്രൂ ഒരുവിധത്തിലും തെറ്റുകാരല്ല. കാരണം, ഇതിലുള്ള റിസര്‍വേഷന്‍ ടൈം നിശ്ചയിച്ചത് യൂണിറ്റധികാരികളാണ്. ബസ് ലിഫ്റ്റ് ചെയ്യാന്‍ പോയ ജീവനക്കാരെ കരുവാക്കുകയാണ്. മന്ത്രിക്കു നല്‍കിയ പാരതി വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയായിരുന്നുവെന്നും CITU അംഗങ്ങള്‍ ആരോപിക്കുന്നുണ്ട്. ലിഫ്റ്റ് ചെയ്യാന്‍ ഇട്ടിരിക്കുന്ന ബസിന്റെ, സര്‍വ്വീസ് തീരുമാനിക്കുന്നതും, റിസര്‍വ്വേഷന് ഇടുന്നതും, ബസ് എടുക്കാന്‍ പോകുന്ന ജീവനക്കാരല്ല. അവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം ആ ബസ് എത്രയും വേഗം തിരുവനന്തപുരം ഡിപ്പോയില്‍ എത്തിക്കുക എന്നതാണ്. ആ ബസിന് റിസര്‍വേഷന്‍ ടൈം നിശ്ചയിച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് നടപടി നേരിടേണ്ടിയിരുന്നത്. ‘അണ്‍ ടൈംനില്‍’ ആയിരുന്നു ഉദ്യോഗസ്ഥരുടെ ഇടപെടല്‍.
ജീവനക്കാര്‍ ചെയ്യേണ്ടത് എന്തായിരുന്നു, ഇതോ ?
സ്വകാര്യ ബസുകളും, ടെമ്പോട്രാവലറുകളും യാത്രക്കാരെ വിളിച്ചു കയറ്റുന്നതു പോലെ കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-തിരുവനന്തപുരം എന്ന് നീട്ടി വിളിച്ച് ആളെ കയറ്റണമായിരുന്നോ. അതും വോള്‍വോ മള്‍ട്ടി ആക്‌സില്‍ ബസിലേക്ക്. കണ്ണൂര്‍-തിരുവനന്തപുരം ടിക്കറ്റ് ചാര്‍ജ്ജ് കൂടി നോക്കണം. മാത്രമല്ല, ബസിലേക്ക് യാത്രക്കാരെ വിളിച്ചു കയറ്റുന്ന അത്തരം കീഴ് വഴക്കമോ, നീക്കങ്ങളോ ഇതുവരകെ KSRTC തുടങ്ങിയിട്ടില്ല. അത് ഒരുമോശം പരിപാടിയാണെന്ന് കരുതാന്‍ വയ്യെങ്കിലും KSRTCയില്‍ അതുണ്ടായിട്ടില്ല. ഓരോ ഡിപ്പോയിലും കയറി ആളെ വിളിച്ചു കയറ്റുന്ന രീതി ഉണ്ടായിരുന്നുവെങ്കില്‍, ജീവനക്കാര്‍ അത് പാലിക്കാതെ വന്നിരുന്നൂവെങ്കില്‍ അത് തെറ്റാണ്. പക്ഷെ, അങ്ങനെയൊരു സംവിധാനം KSRTCയില്‍ ഇല്ലാത്തിടത്തോളം കാലം ആളെ വിളിച്ചു കയറ്റാന്‍ ആരും തയ്യാറാകില്ല എന്നതാണ് സത്യം.
ഈ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമോ
മന്ത്രി ഒപ്പിട്ട സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പിന്‍വലിക്കുമോ എന്നത് സംശയമാണ്. പക്ഷെ, ഇത് ന്യായമല്ലെന്ന വിലയിരുത്തലിലാണ് CITU. അതുകൊണ്ടുതന്നെ ഇതിനെതിരേ നീങ്ങാന്‍ CITU തീരുമാനിച്ചേക്കുമെന്നാണ് അറിയുന്നത്. റൂട്ടില്‍ സര്‍വ്വീസ് നടത്തുമ്പോള്‍ ഉണ്ടായ അപാകതയല്ലെന്നും, സര്‍വ്വീസിനായി കൊണ്ടുവരാന്‍ പോയതാണെന്നും, അതുകൊണ്ടുതന്നെ അതൊരു കാരണമാക്കി സസ്‌പെന്റ് ചെയ്യരുതെന്നുമാണ് CITUവിന്റെ ആവശ്യം.
CONTENT HIGHLIGHTS;Is this “suspension” of the transport minister justified?: How can it be a crime to bring a bus into service?; CITU is deeply unhappy with the minister’s action