ചെറിയ ക്ലാസ്സ് മുതൽ തന്നെ നമ്മളിൽ പലരും കേട്ടു വരുന്ന ഒന്നാണ് ‘ആൻ ആപ്പിൾ എ ഡേ കീപ്സ് ദി ഡോക്ടർ എവേ’ എന്ന്. എന്നാല്‍ ഒന്നല്ല, ഒന്നിലധികം ഡോക്ടര്‍മാരെ അകറ്റി നിര്‍ത്താന്‍ ആപ്പിൾ കഴിക്കുന്നത് കൊണ്ട് സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആപ്പിളും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇതിൽ കൂടുതൽ എടുത്തുപറയേണ്ട ആവശ്യമില്ല.
എല്ലാ പ്രായക്കാരും ഒരുപോലെ കഴിക്കാൻ ഇഷ്‌ടപെടുന്ന ആപ്പിളിൽ നിരവധി ആരോഗ്യഗുണങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളാൽ സമ്പുഷ്‌ടമാണ് ആപ്പിൾ. അതിനാൽ തന്നെ പ്രമേഹം മുതൽ പല അസുഖങ്ങൾ തടയാനും ഇത് സഹായിക്കുന്നു.
ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ
ധാരാളം ഫൈബറിനാലും ജലാംശത്താലും സമ്പന്നമാണ് ആപ്പിൾ. അതിനാൽ തന്നെ ആപ്പിൾ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് നല്ലൊരു ഭക്ഷണമാണ്. നാല് മണിക്കൂർ നേരത്തേക്കെങ്കിലും വിശപ്പനുഭവപ്പെടാതിരിക്കാൻ ഒരു ആപ്പിൾ സഹായകമാണെന്നാണ് പഠനങ്ങൾ അവകാശപ്പെടുന്നത്. ദഹനപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഏറെ ഗുണപ്പെടുന്നൊരു ഭക്ഷണമാണ് ആപ്പിൾ. ആപ്പിളിലുള്ള ഫൈബർ തന്നെയാണ് ഇതിന് അവസരമൊരുക്കുന്നത്. കരളിൽ അടങ്ങിയിരിക്കുന്ന വിഷാംശങ്ങൾ പുറന്തള്ളുന്നതിനെ സഹായിക്കാൻ ആപ്പിളിലടങ്ങിയിരിക്കുന്ന പോളിസാക്രൈഡ് പെക്ടിൻ, മാലിക് ആസിഡ് എന്നിവയ്ക്ക് കഴിയുന്നു. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ആപ്പിളിനെ ആശ്രയിക്കാവുന്നതാണ്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന്, ദഹനപ്രവർത്തനങ്ങൾ സുഗമമാക്കാൻ, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ, തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന തിന് ഇങ്ങനെ ധാരാളം ആരോഗ്യഗുണങ്ങൾ ആപ്പിൾ എന്ന ഒറ്റ ഫലത്തിൽ അടങ്ങിയിരിക്കുന്നു.
ഇതേപോലെ ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഗ്രീൻ ആപ്പിളിലും അടങ്ങിയിരിക്കുന്നു.. ഇരുമ്പ്, സിങ്ക്, കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം എന്നീ പോഷകങ്ങള്‍ ധാരാളമായി ഗ്രീൻ ആപ്പിളില്‍ അടങ്ങിയിരിക്കുന്നു. വൈറ്റമിന്‍ സിയുടെയും ആന്റീ ഓക്സിഡന്റുകളുടെയും കലവറ കൂടിയാണിത്. രക്തക്കുഴലുകളിലെ കൊഴുപ്പ് നീക്കി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നതിലൂടെ സാധിക്കും.
STORY HIGHLIGHT: Impressive Health Benefits of Apples