കാണ്‍പൂര്‍: പ്രായം കുറയ്ക്കാന്‍ കഴിയുന്ന ഇസ്രയേല്‍ ടൈം മെഷീന്‍ എത്തിക്കാം എന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെന്ന പരാതികളില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അറസ്റ്റിലായ ഇവര്‍ ദമ്പതിമാരാണ്. 35 കോടിയോളം രൂപ ദമ്പതികള്‍ തട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ട്. രാജീവ് ദുബെ, രഷ്മി ദുബെ എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലായിരുന്നു സംഭവം.
പ്രായമുള്ളവരാണ് ഇവരുടെ തട്ടിപ്പില്‍ കുടുങ്ങിയവരിലേറെയും. ഓക്സിജന്‍ തെറാപ്പിയിലൂടെ ചെറുപ്പം നിലനിര്‍ത്തി തരാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇതിനായി കാണ്‍പൂരിലെ കിദ്വായി നഗറില്‍ ഇവര്‍ തെറാപ്പി സെന്ററും ആരംഭിച്ചിരുന്നു. ഇസ്രയേലില്‍ നിന്നുള്ള ടൈം മെഷീന്‍ എത്തിക്കാമെന്നും ഇതിലൂടെ 60 വയസുകാര്‍ക്ക് 25 വയസുകാരാകാമെന്നും ദമ്പതികള്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട രേണു സിങ് ആണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. 10.75 ലക്ഷം രൂപ തന്റെ പക്കല്‍ നിന്ന് തട്ടിയതെന്നാണ് രേണു സിങ് ആരോപിക്കുന്നത്. നൂറുകണക്കിനാളുകളാണ് ഇവരുടെ തട്ടിപ്പിനിരയായതെന്ന് പരാതിയില്‍ പറയുന്നു.
സെഷനുകളായിട്ടായിരുന്നി ഇവരുടെ പാക്കേജ്. 10 സെഷനുകള്‍ക്ക് 6000 രൂപയായിരുന്നു. മൂന്നു വര്‍ഷത്തേക്ക് ആനുകൂല്യത്തോടെ 90,000 രൂപയുമായിരുന്നു ഇവര്‍ ഈടാക്കിയിരുന്നത്.