കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് അന്ന ബെൻ. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിൻ്റെ മകളായ അന്ന ഇന്ന് കേരള സംസ്ഥാന അവാർഡ് ജേതാവ് കൂടിയാണ്. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ നിറഞ്ഞ കയ്യടി നേടി പ്രേക്ഷക മനസിൽ ഇടം നേടിയെടുത്ത താരം കൂടിയാണ് അന്ന ബെൻ.
ഓഗസ്റ്റിൽ റിലീസ് ചെയ്ത കൊട്ടുകാളി ആണ് അന്നയുടെ ആദ്യ തമിഴ് സിനിമ. സൂരി നായകനായി എത്തിയ ചിത്രത്തിൽ ഗംഭീര അഭിനയമായിരുന്നു അന്ന കാഴ്ചവച്ചത്. കമൽഹാസൻ അടക്കം നിരവധി താരങ്ങൾ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഈ അവസരത്തിൽ അന്നയെ കുറിച്ച് തമിഴ് സംവിധായകൻ മിഷ്കിൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. കൊട്ടുകാളിയിൽ എക്സ്ട്രാ ഓഡിനറി പെർഫോമൻസ് ആയിരുന്നു അന്ന നടത്തിയതെന്ന് മിഷ്കിൻ പറയുന്നു.
‘ഈ സിനിമയിൽ അന്ന ബെൻ എന്നൊരു പെൺകുട്ടി അഭിനയിച്ചിട്ടുണ്ട്. തമിഴിലുള്ള നടിമാരൊന്നും ഇപ്പോൾ നല്ല പടങ്ങളിൽ ഒന്നും അഭിനയിക്കാൻ വരില്ല. പാട്ടുണ്ടോ ഡാൻസുണ്ടോ എന്നൊക്കെ ചോദിച്ചാണ് സിനിമ സെലക്ട് ചെയ്യുന്നത്. തോബ തോബ പോലുള്ള ഹൂക്ക് സ്റ്റെപ്പുണ്ടോന്ന് വരെ നോക്കും. എന്നിട്ട് തീരുമാനിക്കും അഭിനയിക്കണമോ വേണ്ടയോ എന്ന്. തമിഴിൽ സ്ത്രീകളില്ലാത്തത് കൊണ്ട് ഇവിടുന്ന് ബസ് കയറി പോയി അന്ന ബെന്നിനെ കൊണ്ടു വന്നു. സിനിമയിൽ അവർക്ക് ഒന്നര വാക്കോ മറ്റോയെ ഉള്ളൂ. ഒരു പാട്ടും പാടിയിട്ടുണ്ട്. എന്നിട്ടും എക്സ്ട്രാ ഓർഡിനറി പെർഫോമൻസ് ആയിരുന്നു അന്ന കാഴ്ചവച്ചത്. ആ കുട്ടിക്ക് നാഷണൽ അവാർഡ് കിട്ടണമെന്ന് ഞാൻ അനുഗ്രഹിക്കുകയാണ്’ എന്നാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ മിഷ്കിൻ പറഞ്ഞത്.
തമിഴ് താരം സൂരി, മലയാളി താരം അന്ന ബെൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പി എസ് വിനോദ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കൊട്ടുകാളി. ചിത്രം ഒടിടിയിൽ ലഭ്യമാണ്.
STORY HIGHLIGHT: tamil director mysskin praises actress anna ben