മഞ്ചേരി: നയം പ്രഖ്യാപിച്ച് പി.വി.അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള. മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് കേരളത്തിൽ പതിനഞ്ചാമത് ജില്ലകൂടി രൂപീകരിക്കണം എന്നതടക്കമുള്ള കാര്യങ്ങളാണ് മഞ്ചേരിയിലെ വേദിയിൽ വായിച്ച നയരേഖയിലുള്ളത്.
രാഷ്ട്രീയ സാമ്പത്തിക സാമൂഹിക നീതി, ജനാധിപത്യത്തിന് ജാഗ്രതയുള്ള കാവൽ, കുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷ, പ്രവാസി വോട്ടവകാശം ഉറപ്പുവരുത്തണം, മലബാറിനോടുള്ള അവഗണന നിർത്തണം, കോഴിക്കോട്, മലപ്പുറം ജില്ലകളെ വിഭജിക്കണം, സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കണം, സംരംഭക സംരക്ഷണ നിയമം നടപ്പിലാക്കണം, സ്കൂൾ സമയം എട്ടുമുതൽ ഒരുമണി വരെയാക്കണം, ആരാധനയ്ക്കും വിശ്വാസത്തിനും സ്വാതന്ത്ര്യം, സാമൂഹ്യനീതി ജാതി സെൻസസിലൂടെ തുടങ്ങിയവയാണ് നയരേഖയിലെ പ്രധാന കാര്യങ്ങൾ.
ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന സംഘടന പ്രവർത്തിക്കുക. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യം. മലബാറിനോടുളള അവഗണനയ്ക്ക് എതിരെ പോരാടും.
വിദ്യാഭ്യാസ മേഖലയിലും മാറ്റം വേണം. സർക്കാർ സ്കൂളുകളിലെ അധ്യാപകർ സ്വന്തം കുട്ടികളെ സർക്കാർ സ്കൂളിൽ പഠിപ്പിക്കുന്നില്ലെങ്കിൽ അവരുടെ ശമ്പളത്തിന്റെ 20% അതത് സ്കൂളുകളിലെ ബിപിഎൽ വിദ്യാർഥികൾക്കായി മാറ്റിവയ്ക്കണം.വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളണം. സംരംഭ സംരക്ഷണ നിയമം നടപ്പിലാക്കണം. പലസ്തീനിനോടുള്ള സമീപനം കേന്ദ്രസർക്കാർ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടും.
വിശദീകരണ യോഗത്തിലേക്ക് ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ വിളിച്ചാണ് അൻവറിനെ അണികള്‍ വേദിയിലേക്ക് സ്വീകരിച്ചത്. വഴിക്കടവ് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഇ എ സുകു, മുസ്ലിം ലീഗ് എറണാകുളം മുന്‍ ജില്ലാ പ്രസിഡന്റ് പറക്കാട്ട് ഹംസ എന്നിവരാണ് പി വി അന്‍വറിനൊപ്പം വേദിയില്‍ ഇരിക്കുന്നത്. അഞ്ച് മണിക്ക് വിശദീകരണ യോഗം ആരംഭിക്കുമെന്നാണ് അറിയിച്ചതെങ്കിലും 6.30 കഴിഞ്ഞാണ് പരിപാടി ആരംഭിച്ചത്.
പലയിടത്തും തന്റെ പരിപാടിയിലേക്ക് വരുന്നവരെ പൊലീസ് തടഞ്ഞെന്ന് പി വി അന്‍വര്‍ ആരോപിച്ചു. വിശദീകരണ യോഗ വേദിയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് അന്‍വര്‍ പൊലീസിനെതിരെ രംഗത്തെത്തിയത്. ഡിഎംകെ സഖ്യം സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടോയെന്ന ചോദ്യത്തോട് തമിഴിലായിരുന്നു പി വി അന്‍വറിന്റെ മറുപടി. ‘അത് അപ്പുറം പാക്കലാം അയ്യാ. ഒരു പ്രച്ചനയും ഇരിക്കില്ല’ എന്ന് അന്‍വര്‍ പറഞ്ഞു.
ട്രാഫിക് നിയന്ത്രണത്തിന്റെ പേരില്‍ വലിയ തോതില്‍ വാഹനം തടഞ്ഞിട്ടിരിക്കുകയാണ്. ഇങ്ങനെയൊക്കെ തോല്‍പ്പിക്കാനാണ് ശ്രമമെങ്കില്‍ ആയിക്കോട്ടെ. സംസ്ഥാന ഡിഎംകെ നേതാക്കളുടെ വീട്ടില്‍ പൊലീസ് എത്തിയിട്ടുണ്ട്. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമുണ്ടോയെന്ന് ചോദിച്ചാണ് പൊലീസ് എത്തുന്നത്. ഇതൈാക്കെ ആളുകള്‍ അറിയണം എന്നായിരുന്നു അന്‍വര്‍ പ്രതികരിച്ചത്.