Kerala

നിയമസഭാ ചോദ്യോത്തരങ്ങള്‍: പ്രതിപക്ഷം മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച നടപടി അവകാശ ലംഘനമെന്ന് സ്പീക്കറുടെ റൂളിംഗ്

നിയമസഭാ ചോദ്യോത്തരങ്ങളെ കുറിച്ചുള്ള വിവാദത്തിന് നിയമസഭയില്‍ സ്പീക്കറുടെ റൂളിംഗ്. ചോദ്യോത്തരങ്ങള്‍ പുറത്തു പ്രചരിപ്പിക്കേണ്ടതല്ലെന്ന ചട്ടം മറികടന്ന്, മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നടപടി സഭയുടെ അവകാശ ലംഘനം ആയി പരിഗണിക്കാന്‍ കഴിയുന്നതാണെന്നാണ് റൂളിഗ് നല്‍കിയത്. മുഖ്യമന്ത്രിക്ക് നേരിട്ട് മറുപടി നല്‍കേണ്ടിയിരുന്ന ADGPയുടെ നടപടികളെ കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു സ്പീക്കര്‍ സ്റ്റാര്‍ഡ് ക്വസ്റ്റ്യനില്‍ നിന്നും അണ്‍സ്റ്രാര്‍ഡ് ക്വസ്റ്റസ്യനാക്കി മാറ്റിയത്. ഇത് സ്പീക്കറുടെ അധികാരത്തില്‍ വരുന്നതാണെന്നും റൂളിംഗില്‍ ചൂണ്ടിക്കാട്ടുന്നു. സഭാംഗങ്ങള്‍ നല്‍കുന്ന ചോദ്യങ്ങളില്‍ ഏതൊക്കെ വേണമെന്നും, ഏതൊക്കെ വേണ്ടെന്നും തീരുമാനിക്കുന്നത്, സ്പീക്കറുടെ നിര്‍ദ്ദേശ പ്രകാരം നിയമസഭാ സെക്രട്ടേറിയറ്റാണെന്നും സ്പീക്കറുടെ റൂളിംഗില്‍ പറയുന്നു.

റൂളിംഗിന്റെ പൂര്‍ണ്ണ രൂപം;

ചോദ്യങ്ങള്‍ക്കായി ലഭിക്കുന്ന എല്ലാ നോട്ടീസുകളും യാതൊരു വിവേചനവും കൂടാതെയും ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെയും ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കും സ്പീക്കറുടെ നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായാണ് പ്രോസസ്സ് ചെയ്യുന്നതും അവ സ്റ്റാര്‍ഡ് ആയോ അണ്‍സ്റ്റാര്‍ഡ് ആയോ അനുവദിക്കുന്നതും എന്നത് എല്ലാ ബഹുമാനപ്പെട്ട അംഗങ്ങള്‍ക്കും അറിയാവുന്നതാണ്.
   
ഭരണപക്ഷ എം.എല്‍.എമാര്‍ സമര്‍പ്പിക്കുന്ന നക്ഷത്രചിഹ്നമിട്ട ചോദ്യ നോട്ടീസുകളും ചട്ടം 36(2) പ്രകാരം നക്ഷത്രചിഹ്നമിടാത്ത ചോദ്യമാക്കി അനുവദിച്ചിട്ടുണ്ട്. ഇവിടെ പ്രതിപക്ഷനേതാവിന്റെ പരാതിയില്‍ ഉന്നയിച്ചിട്ടുള്ള എല്ലാ ചോദ്യങ്ങളുടെ നോട്ടീസുകളും വാദങ്ങളുടെയോ അഭ്യൂഹങ്ങളുടെയോ അടിസ്ഥാനത്തിലുള്ളതും തദ്ദേശീയ പ്രാധാന്യം മാത്രമുള്ള വിഷയങ്ങളും ആണെന്ന വസ്തുത പരിഗണിച്ചാണ് അവ നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളായി അനുവദിച്ചുള്ളത്. ഇക്കാര്യത്തില്‍ മനപൂര്‍വ്വമായ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. ഒരു അംഗം നക്ഷത്രചിഹ്നമിട്ട ചോദ്യത്തിനായി നല്‍കുന്ന നോട്ടീസ് നക്ഷത്രചിഹ്നമിടാത്ത ചോദ്യമായി മാറ്റുന്ന സന്ദര്‍ഭങ്ങളിലും, അവയ്ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ അനുമതി നിഷേധിക്കുന്ന അവസരങ്ങളിലും ചട്ടം 36(3) പ്രകാരമുള്ള അറിയിപ്പ് അംഗങ്ങളുടെ ലോഗിനില്‍ ചോദ്യത്തിന്റെ കാറ്റഗറിക്കു താഴെയായി കാണുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്.
    
8) ചോദ്യങ്ങളുടെ അഡ്മിസിബിലിറ്റി സംബന്ധിച്ച് Kaul & Shakdher (കൗണ്‍ ആന്റ് ശാഗ്ദ്ധര്‍) ല്‍ പറയുന്നത് ‘ The Speaker has discretionary power conferred by the rules and inherent in him, to admit or disallow a question without any reason being assigned which no one can question’ (page 504) എന്നാണ്. നോട്ടീസുകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ പാലിക്കുന്ന നോട്ടീസുകള്‍ക്ക് ചട്ടം 36ല്‍ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം സ്പീക്കര്‍ക്കു വേണ്ടി അനുമതി നല്‍കുകയാണ് നിയമസഭാ സെക്രട്ടേറിയറ്റ് നിര്‍വ്വഹിക്കുന്നത്. 

നിയമസഭാ ചട്ടം 266ന്റെ ക്ലിപ്ത നിബന്ധന പ്രകാരം ‘ചോദ്യം സംബന്ധിച്ച നോട്ടീസിന് സഭയില്‍ ചോദ്യത്തിന് മറുപടി നല്‍കുന്ന ദിവസം വരെ യാതൊരു പ്രചാരണവും നല്‍കാന്‍ പാടില്ല’ എന്ന വ്യവസ്ഥയുണ്ടെന്നിരിക്കെ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അംഗങ്ങള്‍ സമര്‍പ്പിച്ച നോട്ടീസുകള്‍ നക്ഷത്രചിഹ്നമിടാത്ത ചോദ്യമായി അനുവദിച്ച നടപടിയെ വിമര്‍ശിച്ചതിലൂടെ പ്രസ്തുത നോട്ടീസുകള്‍ക്ക് നല്‍കിയ പ്രചാരണം സഭയുടെ അവകാശത്തിന്റെ ലംഘനം ആയിട്ടുകൂടി പരിഗണിക്കാവുന്നതാണ്. അതിനാല്‍ ഇക്കാര്യത്തില്‍ തികച്ചും സ്വാഭാവികമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ക്രമരഹിതമായ യാതൊന്നും സംഭവിച്ചിട്ടില്ലെന്നും ഈ സഭയെ അറിയിക്കാന്‍ ചെയര്‍ ആഗ്രഹിക്കുന്നു.

CONTENT HIGHGLIGHTS;Assembly Q&A: Speaker’s ruling that action criticized by opposition through media is violation of rights