കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ നാലാം ദിനം ഡോ : ലക്ഷ്മി പ്രിയയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കേന്ദ്ര മായുള്ള ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രത്തിലെ കലാകാരികൾ അവതരിപ്പിച്ച ശാസ്ത്രീയ നൃത്ത കച്ചേരി ഭക്തി സാന്ദ്രമായി.
ഗണപതി ഭഗവാനെ സ്തുതിച്ചുകൊണ്ട് രാഗമാലികയിൽ ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ കൃതിയിൽ ആരംഭിച്ച നൃത്തകച്ചേരിയിൽ ശാസ്ത്രിയ സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും സമന്വയിപ്പിച്ചു ചിട്ടപ്പെടുത്തിയ ഗണേശം, നൃത്തം കണ്ട് ആസ്വദിക്കാനെത്തിയവർക്ക് നവ്യാനുഭവമായി. തുടർന്ന് അവതരിപ്പിച്ച രാഗമാലികയിലെ അർദ്ധനാരീശ്വര നൃത്തവും, കാപ്പിരാഗത്തിലും ആദി താളത്തിലും ചിട്ടപ്പെടുത്തിയ രാസാലീലയും ശ്രദ്ധേയമായി.
തുടർന്ന് വേദിയിൽ അരങ്ങേറിയ പൂന്താനത്തിന്റെ ജ്ഞാനപ്പാന നൃത്താസ്വാദകർക്ക് ഭക്തിയിലൂടെ മനുഷ്യമനസിനെ ചിന്തിപ്പിക്കുന്ന തരത്തിലുള്ളൊരു ദൃശ്യ വിരുന്നായിരുന്നു. പ്രായത്തിൽ കുറഞ്ഞ കലാകാരികളോടപ്പം പ്രായത്തിൽ മുതിർന്ന കലാകാരികളും ചേർന്നാണ് രണ്ട് മണിക്കൂർ നീണ്ടുനിന്ന ശാസ്ത്രിയ നൃത്ത കച്ചേരി അവതരിപ്പിച്ചത്. ശാസ്ത്രിയ നൃത്തത്തിൽ പുതുമകൾ പരീക്ഷിക്കുന്ന ഡോ : ലക്ഷ്മി പ്രിയയുടെ ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രത്തിന്റെ പഠന കേന്ദ്രങ്ങൾ തിരുവനന്തപുരത്ത് വഴുതക്കാടും, ചാക്കയിലുമാണ് പ്രവർത്തിക്കുന്നത്.
CONTENT HIGHLIGHTS;On the fourth day of Navratri, Kottarakkara became a center of devotion to “Ganesha”.