ഏകദേശം 6.6 കോടി വർഷം മുൻപ് ദിനോസറുകളുടെ സമ്പൂർണ നാശത്തിന് വഴിയൊരുക്കി മെക്സിക്കോയിലെ യൂക്കാട്ടൻ മേഖലയിൽ പതിച്ച ഛിന്നഗ്രഹം ഒറ്റയ്ക്കല്ല വന്നതെന്ന് കണ്ടെത്തൽ. വലുപ്പത്തിൽ ചെറുതായ മറ്റൊരു പാറയും ഇതിനൊപ്പമുണ്ടായിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കൻ തീരത്തു നിന്ന് മാറി അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഇതു പതിച്ചെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിൽ ഒരു വലിയ ഗർത്തവും 800 മീറ്റർ പൊക്കമുള്ള സുനാമിയും ഇതു സൃഷ്ടിച്ചത്രേ. നാദിർ ഗർത്തം എന്നു പേരിട്ടിരിക്കുന്ന ഈ ഗർത്തം 2022ൽ പര്യവേഷകർ അറ്റ്ലാന്റിക്കിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന്റെ ഉദ്ഭവം എങ്ങനെയാണെന്ന് അന്ന് കണക്കാക്കാൻ സാധിച്ചിരുന്നില്ല. 9 കിലോമീറ്റർ ആഴമുള്ളതാണ് ഈ ഗർത്തം. പുതുതായി ഈ ഗർത്തത്തിൽ നടത്തിയ പഠനങ്ങളാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്.
ആറരക്കോടി വർഷങ്ങൾക്കു മുൻപ് വരെ ഭൂമിയിൽ സർവാധിപത്യം പുലർത്തി വിഹരിച്ചു നടന്ന ജീവികളാണ് ദിനോസറുകൾ. എന്നാൽ ഇവ താമസിയാതെ വംശനാശപ്പെട്ട് ഭൂമിയിൽ നിന്ന് ഒഴിഞ്ഞു.യൂക്കാട്ടനിൽ പതിച്ച ഛിന്നഗ്രഹം ഉയർത്തിയ പരിസ്ഥിതി മാറ്റങ്ങളായിരുന്നു ഇതിനു കാരണം. ഇതിൽ പ്രധാന കാരണമായത് ഛിന്നഗ്രഹ പതനത്തെത്തുടർന്നുണ്ടായ ഭീകരൻ പൊടിപടല വ്യാപനമാണെന്ന് ഇടയ്ക്ക് കണ്ടെത്തിയിരുന്നു. ചൊവ്വയുടെയും വ്യാഴഗ്രഹത്തിന്റെയും ഇടയ്ക്കുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹ മേഖലയുടെ പുറം അതിർത്തിയിൽ നിന്നാണ് ഛിന്നഗ്രഹം എത്തിയത്. പ്രത്യേകതരം രാസഘടനയുള്ളതിനാൽ ഇരുണ്ട നിറത്തിലാണ് ഈ മേഖലയിലെ ഛിന്നഗ്രഹങ്ങൾ കാണപ്പെടുന്നത്. ഇതിലൊന്നാണ് ഭൂമിയിൽ പതിച്ച് ദിനോസർ യുഗത്തിന് അന്ത്യമേകിയത്.യൂക്കാട്ടൻ മേഖലയിലുള്ള 145 കിലോമീറ്റർ വിസ്തീർണമുള്ള, ചിക്സുലബ് എന്ന പടുകുഴിയിൽ ഈ ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങളുണ്ട്.
ദിനോസറുകളുടെ ഫോസിലുകൾ ഭൂമിയിൽ മിക്കയിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയെല്ലാം തന്നെ ആറരക്കോടി വർഷം പഴക്കമുള്ളതാണ്.അങ്ങനെയാണ് ദിനോസറുകൾ അക്കാലയളവിലാകാം വംശനാശം വന്നുപോയതെന്ന് മുൻപ് ശാസ്ത്രജ്ഞർ ഉറപ്പിച്ചത്. ദിനോസറുകളെ മാത്രമല്ല, അക്കാലത്ത് ഭൂമിയിലുണ്ടായിരുന്ന മുക്കാൽ പങ്ക് ജീവജാലങ്ങളെയും ഈ ഛിന്നഗ്രഹ പതനത്തെ തുടർന്നുള്ള സംഭവവികാസങ്ങൾ നശിപ്പിച്ചിരുന്നു. ഇതു മൂലമുണ്ടായ കാലാവസ്ഥാവ്യതിയാനമാകാം കനത്ത നാശത്തിന് വഴിയൊരുക്കിയതും പറയപ്പെടുന്നു. ദിനോസറുകൾ നശിച്ചത് ഛിന്നഗ്രഹം വീണതു മൂലമല്ലെന്നും മറിച്ച് അഗ്നിപർവത വിസ്ഫോടനം മൂലമാണെന്നും വാദിക്കുന്നവരും കുറവല്ല.
എന്നാൽ 2021ൽ ഹാർവഡ് സർവകലാശാല നടത്തിയ പഠനങ്ങൾ മറഞ്ഞിരുന്ന ഒരു പങ്കാളിയിലേക്കു കൂടി വിരൽ ചൂണ്ടി. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം അഥവാ ജൂപ്പിറ്ററിലേക്കായിരുന്നു അത്. വ്യാഴഗ്രഹം തന്റെ അപാരമായ ഗുരുത്വബലം ഉപയോഗിച്ച് യൂക്കാട്ടനിലെ ഛിന്നഗ്രഹത്തെ ഭൂമിയിലേക്ക് വഴിതിരിച്ചുവിട്ടെന്നായിരുന്നു പഠനം. സാധാരണഗതിയിൽ ഭൂമിയെ ഛിന്നഗ്രഹങ്ങളിൽ നിന്നും വാൽനക്ഷത്രങ്ങളിൽ നിന്നുമൊക്കെ സംരക്ഷിക്കുന്ന ഗ്രഹമാണ് വ്യാഴം. എന്നാൽ ഈ ഛിന്നഗ്രഹത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല സംഭവിച്ചതെന്നാണ് ചില ശാസ്ത്രജ്ഞരുടെ വാദം.ദിനോസറുകളിൽ എല്ലാ വിഭാഗവും പൂർണമായി അപ്രത്യക്ഷരായില്ല. ഭൂമിയിൽ തുടർന്നവയുടെ പിന്മുറക്കാർ പക്ഷികളായി.
STORY HIGHLLIGHTS : double-asteroid-impact-killed-dinosaurs