ന്യൂഡൽഹി: ലോക ജിംനാസ്റ്റിക്കിൽ ഇന്ത്യൻ പേരുപതിപ്പിച്ച ദീപ കർമാക്കർ വിരമിക്കൽ പ്രഖ്യാപിച്ചു. 31കാരിയായ താരം 2016 റിയോ ഒളിമ്പിക്സിൽ മെഡൽ നേട്ടത്തിന് തൊട്ടരികെയെത്തി വാർത്തകളിൽ നിറഞ്ഞിരുന്നു. ഒളിമ്പിക്സിൽ പങ്കെടുത്ത രാജ്യത്തെ ആദ്യത്തെ വനിത ജിംനാസ്റ്റെന്ന ഖ്യാതിയും ദീപയുടെ പേരിലുണ്ട്.
സമൂഹമാധ്യമത്തിലൂടെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ‘‘ഞാൻ ജിംനാസ്റ്റിക്സിൽനിന്ന് വിരമിക്കുകയാണ്. ഇതൊരു എളുപ്പത്തിലുള്ള തീരുമാനം. പക്ഷേ, ഇപ്പോഴാണ് ശരിയായ സമയം. എന്റെ ജീവിതംതന്നെ ജിംനാസ്റ്റിക്സായിരുന്നു. അതിന്റെ ഉയർച്ചയും താഴ്ചയുമെല്ലാം ഓർമകളിൽ എന്നുമുണ്ടാകും’’–- ദിപ കുറിച്ചു.
ഉത്തേജക മരുന്ന് വിവാദത്തെയും പരിക്കിനെയും അതിജീവിച്ച ദീപ ഈ വർഷം മെയ് മാസത്തിൽ സമാപിച്ച ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. ത്രിപുരയിലെ അഗർത്തലയിലാണ് ദീപയുടെ ജനനം. 2008ലെ ജൂനിയർ ചാമ്പ്യൻഷിപ്പിലൂടെയായിരുന്നു തുടക്കം. 2015ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി. ലോക ചാമ്പ്യൻഷിപ്പിൽ അഞ്ചാമതായി. റിയോ ഒളിമ്പിക്സിനുശേഷം പരിക്ക് തളർത്തി. 2018ൽ ആർടിസ്റ്റിക് ജിംനാസ്റ്റിക്സ് ലോകകപ്പിൽ സ്വർണം നേടി. ആദ്യ ഇന്ത്യക്കാരിയുമായി. 2021ൽ ഏഷ്യ ചാമ്പ്യൻഷിപ്പിലും സ്വർണം നേടി. ഇതിനിടെ നിരോധിതമരുന്ന് കഴിച്ചതിന് രണ്ടുവർഷം വിലക്കും കിട്ടി. 2023ലാണ് വിലക്ക് മാറിയത്. പത്മശ്രീ, മേജർ ധ്യാൻചന്ദ് ഖേൽരത്ന, അർജുന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.