ഒരാൾക്കും വിവരിക്കാനാകാത്ത സമ്പത്തിനുടമായായിരിക്കുക . കേൾക്കുമ്പോൾ തന്നെ സന്തോഷം തോന്നുന്നു അല്ലെ , എങ്കിൽ അങ്ങനെയൊരു ആളുണ്ടായിരുന്നു . ലോകത്തെ പകുതി സ്വർണ്ണവും സ്വന്തമാക്കി വച്ച ഒരു ധനികൻ മൻസ മൂസ . പതിനാലാം നൂറ്റാണ്ടില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മാലി ഭരിച്ചിരുന്ന രാജാവായിരുന്നു മന്സാ മൂസ . മൻസ എന്നാൽ രാജാവ് എന്നാണ് അർത്ഥം . ഭരണാധികാരികളുടെ കുടുംബത്തില്‍ 1280 -ലാണ് മന്സാ മൂസ ജനിച്ചത്. അന്ന് മാലി ഭരിച്ചിരുന്ന രാജവംശത്തിന്റെ സ്ഥാപകനായ സുന്ദിയാറ്റയുടെ ചെറുമകനായിരുന്നു മൻസാ മൂസ.1312 വരെ അദ്ദേഹത്തിന്റെ സഹോദരന് മന്സാ അബൂബക്കര്‍ ആയിരുന്നു രാജ്യത്തെ ഭരണാധികാരി. എന്നാൽ അദ്ദേഹം രണ്ടായിരം കപ്പലുകളും ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും അടിമകളുമായി ഒരിക്കൽ ഒരു യാത്ര ആരംഭിച്ചു . ഒരിക്കലും മടങ്ങി വരാനാകാത്ത യാത്ര.
സഹോദരന് യാത്ര പുറപ്പെട്ടതോടെ ഭരണം മന്സാ മൂസ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ഭരണത്തിനു കീഴിൽ മാലി രാജ്യം ഗണ്യമായി വളർന്നു. ടിംബക്റ്റു ഉൾപ്പെടെ 24 നഗരങ്ങൾ അദ്ദേഹം പിടിച്ചെടുത്തു. അറ്റ്ലാന്റിക് സമുദ്രം മുതൽ ഇന്നത്തെ നൈജർ വരെ ഏകദേശം 2,000 മൈൽ വരെ ഈ രാജ്യം വ്യാപിച്ചു. ഇപ്പോഴത്തെ സെനഗൽ, മൗറിറ്റാനിയ, മാലി, ബർകിന ഫാസോ, നൈജർ, ഗാംബിയ, ഗ്വിനിയ-ബിസൌ, ഗ്വിനിയ, ഐവറി കോസ്റ്റ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇത്രയും വലിയ പ്രദേശം കയ്യില്‍ വന്നതോടെ സ്വര്‍ണം അടക്കമുള്ള വിഭവങ്ങളും വന്നു ചേര്‍ന്നു. ബ്രിട്ടീഷ് മ്യൂസിയം പറയുന്നത് കണക്കനുസരിച്ച് അന്ന് ലോകത്താകെയുണ്ടായിരുന്ന സ്വര്‍ണത്തിന്റെ പകുതിയും മന്സാ മൂസയുടെ കീഴിലായിരുന്നു എന്നാണ്. ഇതെല്ലാം രാജാവിന്റേതായിരുന്നു. 2012 ൽ യുഎസ് വെബ്സൈറ്റ് സെലിബ്രിറ്റി നെറ്റ് വർത്ത് അദ്ദേഹത്തിന്റെ സ്വത്ത് 400 ബില്യൺ ഡോളറായി കണക്കാക്കിയിരുന്നുവെങ്കിലും സാമ്പത്തിക ചരിത്രകാരന്മാർ പറയുന്നത് കേവലം ഒരു സംഖ്യയിൽ അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ സമ്പത്ത് എണ്ണിതിട്ടപ്പെടുത്താൻ കഴിയില്ലെന്നാണ് .
ഇത്രയധികം സമ്പത്തുണ്ടായിരുന്നെങ്കിലും മാലി സാമ്രാജ്യം അന്ന് അറിയപ്പെട്ടിരുന്നില്ല. യൂറോപ്പിലൊന്നും തന്നെ ഈ സമ്പത്തിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. എന്നാൽ ഇതിനിടെ മൻസാ മൂസ ഒരു യാത്ര പുറപ്പെട്ടു . ഒരു നഗരം തന്നെ മരുഭൂമിയിലൂടെ നീങ്ങുന്നത് പോലെ ഒരു യാത്ര. സത്യത്തിൽ അത് ഒരു തന്ത്രമയൈരുന്നോ എന്ന് പോലും ചിന്തിച്ചു പോകും . കാരണം ആ യാത്രയോടെ മൻസ മൂസ, മാലിയെയും തന്നെയും ലോകമാപ്പിൽ ഉൾപ്പെടുത്തുകയായിരുന്നു. 60,000 പുരുഷന്മാർ, ഉദ്യോഗസ്ഥര്‍, സൈനികര്‍, കലാകാരന്മാര്, വ്യാപാരികള്‍, ഒട്ടകം, 12,000 അടിമകള്‍, ഭക്ഷണത്തിനായി വേണ്ടത്ര ആടുകള്‍ എന്നിവയുമായിട്ടായിരുന്നു യാത്ര . ഒപ്പമുള്ളവർക്കും സ്വർണ്ണ അലങ്കാരങ്ങളും മികച്ച പേർഷ്യൻ സിൽക്കും ഒക്കെയുണ്ടായിരുന്നു. നൂറ് ഒട്ടകങ്ങൾ ഉണ്ടായിരുന്നു, ഓരോ ഒട്ടകവും നൂറുകണക്കിന് പൗണ്ട് ശുദ്ധമായ സ്വർണ്ണം വഹിച്ചിരുന്നു.
യാത്രാസംഘം കെയ്റോയിലെത്തിയപ്പോൾ അദ്ദേഹം കാണുന്നവർക്കെല്ലാം സ്വർണം നൽകി . മംലക് സുൽത്താന്മാരിൽ ഏറ്റവും മഹാനായ അൽ-മാലിക് അൽ നയർ ആയിരുന്നു അന്ന് കെയ്റോ ഭരിച്ചിരുന്നത് . മൻസാ മൂസ അന്ന് മം ലക് സുൽത്താനുമായി ചർച്ച നടത്തിയിരുന്നു .ഈജിപ്റ്റിന്റെ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതിനായി അധിക പലിശ നിരക്കില്‍ അദ്ദേഹം അവർകും സ്വര്‍ണം നല്‍കിയതായി പറയപ്പെടുന്നു. ഇത് മന്സാ മൂസയോട് സ്വന്തം രാജ്യത്തെ ജനങ്ങളില്‍ അതൃപ്തിയുണ്ടാക്കി. മൻസ മൂസ തന്റെ തീർത്ഥാടന വേളയിൽ ധാരാളം സ്വർണം ചെലവഴിച്ചു എന്നതിൽ സംശയമില്ല. എന്നാൽ, ഈ അമിതമായ ഔദാര്യമാണ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.
യുഎസ് ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയായ സ്മാർട്ട്അസെറ്റ് ഡോട്ട് കോം കണക്കാക്കുന്നത് സ്വർണത്തിന്റെ മൂല്യത്തകർച്ച മൂലം മൻസ മൂസയുടെ തീർത്ഥാടനം മിഡിൽ ഈസ്റ്റിലുടനീളം 1.5 ബില്യൺ ഡോളർ സാമ്പത്തിക നഷ്ടത്തിന് കാരണമായി എന്നാണ്.തന്റെ സാമ്രാജ്യത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് സഞ്ചരിക്കാൻ അദ്ദേഹം ഒരു വർഷമെടുത്തു . മക്കയിലേക്കുള്ള അദ്ദേഹത്തിന്റെ തീർത്ഥാടന വേളയിൽ അദ്ദേഹത്തിന്റെ ജനറൽമാരിൽ ഒരാളായ സാഗ്മണ്ടിയ സോങ്ങ്ഹായ് തലസ്ഥാനമായ ഗാവോ പിടിച്ചെടുത്ത് സാമ്രാജ്യം വിപുലീകരിക്കരിക്കുകയും ചെയ്തു.മക്കയില്‍ നിന്ന് നിരവധി ഇസ്ലാമിക പണ്ഡിതന്മാരുമായിട്ടാണ് മൻസ മൂസ മടങ്ങിയത്. മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിൻഗാമികളെന്ന് കരുതുന്നവര്‍, അൻഡാലുഷ്യൻ കവിയും വാസ്തുശില്പിയുമായ അബു എസ് ഹഖ് എസ് സഹേലി എന്നിവരെല്ലാം അതില്‍ പെടുന്നു. കവിക്ക് 200 കിലോ സ്വര്‍ണമാണ് മന്സാ മൂസ പാരിതോഷികമായി നല്‍കിയത് എന്നാണ് കരുതുന്നത്. അതും അന്നത്തെ കാലത്ത്.
1375 -ലെ കറ്റാലൻ അറ്റ്ലസ് ഭൂപടത്തിൽ ഒരു ആഫ്രിക്കൻ രാജാവിന്റെ ചിത്രമുണ്ട്. ടിംബക്റ്റുവിന്റെ മുകളിൽ ഒരു സ്വർണ്ണ സിംഹാസനത്തിൽ ഇരിക്കുന്ന, കയ്യിൽ ഒരു സ്വർണ്ണ കഷ്ണം പിടിച്ചിരിക്കുന്ന ചിത്രം. അത് അദ്ദേഹത്തിന്റേതാണ് എന്ന് പറയപ്പെടുന്നു. ടിംബക്റ്റുവിലേക്ക് രാജ്യത്തിനകത്തുനിന്നും പുറത്ത് നിന്നും ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ, ലോകത്തിന്റെ അറ്റത്തുള്ള മറഞ്ഞുപോയ സ്വർണനഗരമായി ടിംബക്റ്റു മാറി.1337 -ൽ 57 -ാമത്തെ വയസില്‍ മൻസ മൂസ മരിച്ചതിനുശേഷം, അദ്ദേഹത്തിന്റെ പുത്രന്മാർക്ക് ഭരണം അവകാശമായി ലഭിച്ചു. എന്നാല്‍, ഭരിക്കാനറിയാതിരുന്ന അവരാല്‍ സാമ്രാജ്യം നശിച്ചു തുടങ്ങി. യൂറോപ്യന്മാരുടെ അധിനിവേശം കൂടി ഉണ്ടായതോടെ ആ നാശം പൂര്‍ണമായി.
STORY HIGHLLIGHTS: possessor of wealth beyond description; Who is Mansa Musa?