നാലുമണിക്ക് ചായക്കൊപ്പം എന്തെങ്കിലും ഒന്നും കഴിക്കാന്‍ കിട്ടിയാല്‍ സന്തോഷമാണ് പലര്‍ക്കും അല്ലേ? എങ്കില്‍ ഉള്ളിവടയും ഉഴുന്നുവടയും ഒക്കെ മാറ്റി ഒരു വെറൈറ്റിക്ക് ബ്രോക്കോളി കൊണ്ട് ഒരു ബജ്ജി തയ്യാറാക്കി നോക്കിയാലോ. കോളിഫ്‌ളവര്‍ ഒക്കെ മാറി നില്‍ക്കും. വീട്ടിലുള്ള ചേരുവകള്‍ മാത്രം മതി ഇത് തയ്യാറാക്കി എടുക്കാന്‍. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- ബ്രോക്കോളി
- വിനാഗിരി
- ഉപ്പ്
- മുട്ട
- കോണ്‍ഫ്‌ളോര്‍
- മൈദ
- കുരുമുളകുപൊടി
- കായപ്പൊടി
- മുളകുപൊടി
- ഫുഡ് കളര്‍
തയ്യാറാക്കുന്ന വിധം
ഇതിനായി ആദ്യം ബ്രോക്കോളി കഷ്ണം പോലെ അരിഞ്ഞെടുത്ത് അതിലേക്ക് വിനാഗിരി ഉപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ഒരു 10 മിനിറ്റ് മാറ്റി വെയ്ക്കുക. ശേഷം ഇതിലെ വെള്ളം മാറ്റി 15 മിനിറ്റോളം ഈ ബ്രോക്കോളി വേവിച്ചെടുക്കണം. ഇനി നമുക്ക് ബജ്ജിക്ക് ആവശ്യമുളള മസാല തയ്യാറാക്കണം. ഇതിനായി മുട്ട, കോണ്‍ഫ്‌ളോര്‍, മൈദ, കുറച്ച് കുരുമുളകുപൊടി, കായപ്പൊടി, മുളകുപൊടി, ഫുഡ് കളര്‍, വെള്ളം എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്ന് ഇളക്കിയെടുക്കുക.
ഒരുപാട് കട്ടിയാകാനോ ഒരുപാട് ലൂസ് ആകാനോ പാടില്ല. ഒരു മാവിന്റെ പരുവത്തില്‍ ഇത് നല്ലപോലെ മിക്‌സ് ചെയ്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ത്ത് കൊടുത്ത് നന്നായി ഒന്നുകൂടി ഇളക്കുക. ശേഷം നമ്മള്‍ വേവിച്ച് മാറ്റി വെച്ചിരിക്കുന്ന ബ്രോക്കോളി ഓരോന്നും ഈ മാവില്‍ മുക്കി ചൂടുള്ള എണ്ണയിലേക്ക് ഇട്ട് വറുത്തുകോരിയെടുക്കാം. ഒരു ബ്രൗണ്‍ കളര്‍ ആകുമ്പോഴേക്കും എണ്ണയില്‍ നിന്ന് വറുത്തു കോരാം. രുചികരമായ ബ്രോക്കോളി ബജ്ജി തയ്യാര്‍.