പാലക്കാട്: മുൻ എംഎൽഎ പി കെ ശശിയെ പാലക്കാട് സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനം. പാർട്ടി നടപടി നേരിട്ടയാൾ സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി വിലയിരുത്തി. പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്നും സമ്മേളന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപാ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതും ബിനാമി സ്വത്തുക്കൾ സമ്പാദിച്ചതുമടക്കം വലിയ കണ്ടെത്തലുകകൾ ശശിക്കെതിരെ റിപ്പോർട്ടിലുണ്ട്.
ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് നേരത്തെ ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പാർട്ടി ഫണ്ട് തിരിമറിയുടെ പേരിൽ പി കെ ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നെല്ലാം നീക്കിയിരുന്നു.
മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്ക് ഒടുവിൽ ഒരു മാസം മുമ്പാണ് സിപിഎം ജില്ലാ കമ്മറ്റി പി കെ ശശിക്കെതിരായ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ചത്. കമ്യൂണിസ്റ്റിന് നിരക്കാത്ത ജീവിതശൈലിയാണ് ശശിയുടേതെന്നാണ് പുത്തലത്ത് ദിനേശൻ അധ്യക്ഷനായ അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്.
content highlight: pk-sasi-will-be-removed-from-palakkad-citu-district-president