തേങ്ങ അരച്ചും മുളക് ചതച്ചും ഒക്കെ സ്ഥിരമായി നമ്മള്‍ ചമ്മന്തി അരയ്ക്കാറുണ്ട്. എത്ര കറികള്‍ ഉണ്ടെങ്കിലും ചോറിന് ചമ്മന്തി കൂടി വേണം എന്നുള്ളവരും നമ്മുടെ ചുറ്റും ഒരുപാട് പേരുണ്ട്. എന്നാല്‍ സ്ഥിരം ചമ്മന്തികളില്‍ നിന്നും ഒന്ന് മാറ്റി പിടിച്ചാലോ. പപ്പടവും വറ്റല്‍മുളകും കൊണ്ട് ഒരു അടിപൊളി ചമ്മന്തി തയ്യാറാക്കി നോക്കാം.
ആവശ്യമായ ചേരുവകള്‍
- പപ്പടം
- കൊച്ചുള്ളി
- പുളി
- വറ്റല്‍ മുളക്
- ഉപ്പ്
- എ്ണ്ണ
തയ്യാറാക്കുന്ന വിധം
ഈ ചമ്മന്തി തയ്യാറാക്കുന്നതിനായി ആദ്യം പപ്പടം കാച്ചി മാറ്റിവെയ്ക്കുക. ശേഷം ഇതേ എണ്ണയിലേക്ക് തന്നെ കുറച്ച് കൊച്ചുള്ളി, കുറച്ച് പിഴുപുളി എന്നിവ ഇട്ട് ഒന്ന് വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് കറിവേപ്പിലയും കുറച്ച് വറ്റല്‍ മുളക് പൊടിച്ചതും കൂടി ചേര്‍ത്ത് നല്ലപോലെ ഒന്ന് വഴറ്റിയ ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വെയ്ക്കുക. ശേഷം ഇതെല്ലാം കൂടി മിക്‌സിയുടെ ജാറിലേക്ക് ഇട്ട് നല്ലപോലെ ചമ്മന്തി പരുവത്തില്‍ ഒന്ന് അടിച്ചെടുക്കുക.
ഒന്ന് അടിച്ച ശേഷം ഇതിലേക്ക് നമ്മള്‍ വറുത്ത് മാറ്റിവെച്ചിരിക്കുന്ന പപ്പടം ചെറുതായി പൊടിച്ചു കൊടുത്ത് ഇട്ട് വീണ്ടും ഒന്ന് അടിക്കുക. ഇനി ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും പുറത്ത് കുറച്ച് വെളിച്ചെണ്ണ കൂടി ഒഴിച്ചു കൊടുക്കുക. നല്ല രുചികരമായ ചമ്മന്തി തയ്യാര്‍.