ന്യൂഡൽഹി: തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ ജയവുമായി ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഡല്‍ഹി അരുണ്‍ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ 86 റണ്‍സിനാണ് ബംഗ്ലാ കടുവകളെ ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. 34 പന്തിൽ 74 റൺസുമായി ഇന്ത്യൻ ബാറ്റിങ്ങിന് അടിത്തറയിട്ട നിതീഷ് കുമാർ റെഡ്ഡി രണ്ട് വിക്കറ്റും നേടി ജയത്തിൽ നിർണായക പങ്കുവഹിച്ചു.
ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 221 റൺസ് നേടി. 34 പന്തില്‍ നിന്ന് നിതീഷ് 74 റൺസ് നേടിയപ്പോൾ 29 പന്തില്‍ നിന്ന് റിങ്കു സിങ് 53 റണ്‍സ് കണ്ടെത്തി. പിന്നാലെ എത്തിയ ഹര്‍ദിക് പാണ്ഡ്യ 19 പന്തില്‍ നിന്ന് 32 റൺസ് അടിച്ചു.
ബംഗ്ലാദേശിനായി റിഷാദ് ഹുസൈൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ടസ്കിൻ അഹ്മദ്, തൻസിം ഹസൻ ഷാകിബ്, മുസ്തഫിസുർ റഹ്മാൻ എന്നിവർ രണ്ട് വീതം പേരെ മടക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനേ സാധിച്ചുള്ളൂ. 39 പന്തിൽ 41 റൺസെടുത്ത മഹ്മൂദുല്ലക്ക് മാത്രമാണ് ബംഗ്ലാ നിരയിൽ പിടിച്ചുനിൽക്കാനായത്. ഇന്ത്യക്കായി ബാളെടുത്തവരെല്ലാം വിക്കറ്റെടുത്ത മത്സരത്തിൽ രണ്ടുപേരെ വീതം പുറത്താക്കിയ നിതീഷ് കുമാർ റെഡ്ഡിയും വരുൺ ചക്രവർത്തിയുമാണ് മികച്ചുനിന്നത്. അർഷ്ദീപ് സിങ്, വാഷിങ്ടൺ സുന്ദർ, അഭിഷേക് ശർമ, മായങ്ക് യാദവ്, റിയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റ് നേടി. പരമ്പരയിലെ അവസാന മത്സരം ശനിയാഴ്ച ഹൈദരാബാദിൽ നടക്കും.