തണുപ്പേറ്റാൽ, തണുത്ത ആഹാരം കഴിച്ചാൽ, മഴ നനഞ്ഞാൽ ജലദോഷം വരുമെന്ന് പറയുന്നത് ശരിയാണോ. തണുപ്പുകാലത്തും തണുപ്പേറുന്ന മഴക്കാലത്തും ആണ് ജലദോഷം കൂടുതലായി കാണപ്പെടുന്നത് എന്നത് ശരിയാണ്. ജലദോഷം, ഫ്ലൂ പോലുള്ള രോഗാവസ്ഥകൾക്ക് വൈറസ് ബാധിക്കുന്നത് തന്നെയാണ് കാരണം അതിനാൽ തണുപ്പിനെയും മഴയും ഒക്കെ ഇതിൽ കുറ്റം പറയേണ്ട കാര്യമുണ്ടോ എന്ന് വാദിക്കുന്നവരും ഉണ്ട്. വൈറസാണ് രോഗകാരിയെങ്കിലും ജലദോഷം ഉണ്ടാകുന്നതിന് പിന്നിൽ തണുപ്പിനും മഴയ്ക്കും ഒക്കെ പങ്കുണ്ട്.
റൈനോവൈറസാണ് ജലദോഷത്തിന്റെ ഏറ്റവും സാധാരണമായി കാണുന്ന കാരണം. കൂടാതെ ഇൻഫ്ലുവൻസ വൈറസ് മുതൽ കൊറോണ വൈറസ് വരെയുള്ള രോഗാണുക്കൾ ജലദോഷലക്ഷണങ്ങൾ പ്രകടമാക്കും. ഇതുമൂലം ശരീര പ്രതിരോധം കുറയുന്ന അവസ്ഥ വന്നാൽ വേഗം തന്നെ രോഗാണുബാധയ്ക്കിരയായി ജലദോഷം പോലുള്ള ലക്ഷണങ്ങൾ പ്രകടമാകാനും സാധ്യതയുണ്ട്.
മൂക്കിലും തൊണ്ടയിലും ഒക്കെ ഈർപ്പം നിലനിർത്തുന്ന ശ്ലേഷ്മസ്തരം രോഗാണുക്കളെ തടയുന്നതിൽ വലിയ പങ്കുവഹിക്കുന്നു. തണുപ്പുകാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നതിനാൽ ഈ ശ്ലേഷ്മസ്തരം വരളുന്നതിന് കാരണമാകും. ഇതിനാലാണ് എസി മുറികളിൽ അധികസമയം ചെലവഴിക്കുന്ന പലർക്കും മൂക്കിനുള്ളിൽ അസ്വസ്ഥത അനുഭവപ്പെടുന്നത്. മുറിക്ക് പുറത്തിറങ്ങി അൽപനേരം കഴിയുമ്പോൾ ഈ അവസ്ഥ മാറുന്നതും കാണാം.
മൂക്കിലെയും തൊണ്ടയിലെയും ശ്ലേഷ്മസ്തരം വരുള്ളുന്ന സമയം രോഗാണുക്കളുടെ സാന്നിധ്യം ഉണ്ടെങ്കിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടും. ഇതാണ് തണുപ്പ് കാലത്തെ ജലദോഷത്തിന് പരോക്ഷമായി കാണപ്പെടുന്ന പ്രധാന കാരണം.
മഴക്കാലവും മഴ നനയുന്ന പോലുള്ള സാഹചര്യങ്ങൾ രോഗാണുക്കൾ വളരാനും പടരാനും പെരുകുവാനുമുള്ള സാധ്യത വളരെ വർധിപ്പിക്കുന്നു. ഇത് ജലദോഷം ഉണ്ടാക്കുന്നതിനും മറ്റ് പല അസ്വസ്ഥതകൾക്കും കാരണമാകും.
തണുപ്പ് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്നതിന് സംശയം വേണ്ട. ചെവി വേദന, തൊണ്ട വേദന, മൂക്കടപ്പ്, ജലദോഷം എന്നിവയിൽ തുടങ്ങി ഗുരുതരമായ സന്ധിവാതം വരെ തണുപ്പ് കാരണം സംഭവിക്കാം. എന്നാൽ തണുപ്പേൽക്കുന്നത് മൂലം ഉണ്ടാകുന്ന അസ്വസ്ഥകളും ലക്ഷണങ്ങളും അധികം നീണ്ടുനിൽക്കാറില്ല. കഴിവതും അലർജിയുള്ളവരും, ആസ്മ, പ്രതിരോധശേഷി കുറഞ്ഞവരും തണുപ്പേൽക്കുന്നത് ഒഴിക്കുന്നതായിരിക്കും ഉത്തമം.
STORY HIGHLIGHT: common cold