കൊച്ചി: എറണാകുളം പത്തടിപാലം പിഡബ്ല്യുഡി റസ്റ്റ്ഹൗസില്‍ പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് യോഗം ചേരുന്നതിനായി ഹാള്‍ അനുവദിച്ചില്ലെന്ന് പരാതി. യോഗത്തിന്റെ അനുമതി നിഷേധിച്ചത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമെന്ന് പി വി അൻവർ വ്യക്തമാക്കി.
ഇതേത്തുടര്‍ന്ന് പി.വി.അന്‍വറും അനുഭാവികളും റസ്റ്റ്ഹൗസിന്റെ മുന്നില്‍ കസേരയിട്ട് പ്രതിഷേധിച്ചു. ‘മുഖ്യമന്ത്രി എനിക്കെതിരെ വാളെടുത്ത് വീശുമ്പോള്‍ മരുമകന്‍ വടിയെടുത്ത് ഇറങ്ങിയിരിക്കുകയാണ്. ഇതുകൊണ്ടെന്നും എന്റെ നീക്കത്തെ തടയാന്‍ കഴിയല്ല’ അന്‍വര്‍ പറഞ്ഞു.
എറണാകുളം പത്തടിപ്പാലത്തെ പിഡബ്ല്യൂഡി റസ്റ്റ് ഹൗസിലാണ് യോഗം നടത്താൻ തീരുമാനിച്ചത്. എംൽഎയേയും സംഘവും PWD റസ്റ്റ് ഹൗസിൽ തുടരുകയാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം തുടരുകയാണ്.
ജില്ലാതല പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി സ്വകാര്യ യോഗം നടത്താനാണ് ഹാള്‍ ചോദിച്ചത്. 50 ആളുകള്‍ക്ക് ഇരിക്കാനായുള്ള ഹാളിനാണ് രാവിലെ അപേക്ഷ നല്‍കിയതെന്നും അത് നിഷേധിച്ചുവെന്നും അന്‍വര്‍ പറഞ്ഞു.
‘മെയിലിലൂടെ ബുക്ക് ചെയ്തപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവദിക്കില്ലെന്നാണ് പിഡബ്ല്യുഡി അസി.എഞ്ചിനിയര്‍ അറിയിച്ചത്. രാഷ്ട്രീയ യോഗമല്ലെന്നും സാമൂഹിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട യോഗമാണെന്നും ചൂണ്ടിക്കാട്ടി വീണ്ടും കത്ത് നല്‍കി. എന്നാല്‍ അതിന് മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അസി.എഞ്ചിനിയര്‍ ഫോണ്‍ കട്ട് ചെയ്തു. ബുക്കിങ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അനുമതി നല്‍കേണ്ടെന്ന നിര്‍ദേശമുണ്ടെന്നും അറിയിച്ചു’ അന്‍വര്‍ പറഞ്ഞു.
നേരത്തെ തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രംഗത്തെത്തി. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് പല തവണ പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും തോട്ടപ്പള്ളി സന്ദര്‍ശിക്കാനുള്ള ആഗ്രഹം അറിയിച്ചപ്പോള്‍ തടഞ്ഞെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. കരിമണല്‍ ഖനനത്തില്‍ പ്രബല രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.