കാസര്‍കോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ എസ്.ഐ പി.അനുപ് മുന്‍പ് മറ്റൊരു ഡ്രൈവറെ കയ്യേറ്റം ചെയ്തു. തന്നെ കയ്യേറ്റം ചെയ്തെന്നും കോളറില്‍ പിടിച്ചുവെന്നും ഓട്ടോ ഡ്രൈവര്‍ നൗഷാദ് വെളിപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
നൗഷാദിനെ എസ്ഐ തടയുന്നതും പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. താന്‍ ആരെയും കൊന്നിട്ടില്ലെന്നും എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും നൗഷാദ് എസ്ഐയോട് ചോദിക്കുന്നുണ്ടെങ്കിലും കയ്യേറ്റം തുടരുന്നത് ദൃശ്യത്തില്‍ കാണാം.
ഓട്ടോ പൊലീസ് പിടിച്ചെടുത്തതിന്റെ പേരില്‍, കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താര്‍ ജീവനൊടുക്കിയത് ഞെട്ടിക്കുന്ന സംഭവമായിരുന്നു. കാസര്‍കോട് റെയില്‍വേ സ്റ്റേഷന് റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബ്ദുല്‍ സത്താര്‍ എന്ന 55കാരനാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ജീവനൊടുക്കും മുമ്പ് തന്റെ അവസ്ഥ വിവരിച്ച് ഫേസ്ബുക്കില്‍ അദ്ദേഹം വീഡിയോ ഇട്ടിരുന്നു. ജീവിക്കാന്‍ വേറെ വഴിയില്ലെന്നും പൊലീസ് ഓട്ടോ വിട്ടുതരുന്നില്ലെന്നുമാണ് അദ്ദേഹം വീഡിയോയില്‍ പറഞ്ഞിരുന്നത്. കാസര്‍കോട് ഗീത ജങ്ഷന് റോഡില്‍വെച്ച് അബ്ദുല്‍ സത്താര്‍ ഗതാഗതനിയമം ലംഘിച്ചുവെന്ന കുറ്റത്തിന് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ശക്തമായ പ്രതിഷേധത്തിന് പിന്നാലെ ആരോപണ വിധേയനായ എസ്.ഐ അനൂപിനെ ചന്തേര പൊലീസ് സ്റ്റേഷനിലേക്ക് ജില്ല പൊലീസ് മേധാവി സ്ഥലംമാറ്റിയിരുന്നു.