ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലാ ജയിലിലെ സ്റ്റേജ് പരിപാടികൾക്കിടെ രാമായണത്തിലെ വാനരൻമാരായി അഭിനയിച്ച തടവുകാർ സീതാദേവിയെ അന്വേഷിച്ചു പോകുന്നതായി ഭാവിച്ച് ജയിൽചാടി. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പങ്കജ്, വിചാരണ തടവുകാരൻ രാജ്കുമാർ എന്നിവരാണ് രക്ഷപ്പെട്ടത്.
ശക്തമായ തിരച്ചിൽ നടന്നുവരുന്നതായി അധികൃതർ പറഞ്ഞു. ജയിലിലെ നിർമാണ ജോലികൾക്ക് കൊണ്ടുവന്ന ഏണി ഉപയോഗിച്ചാണ് രണ്ടുപേരും രക്ഷപ്പെട്ടതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. തടവുകാർ രക്ഷപ്പെട്ടതായി കൺട്രോൾ റൂമിൽനിന്ന് പുലർച്ചെയാണ് സന്ദേശം ലഭിച്ചതെന്ന് ഹരിദ്വാർ സീനിയർ എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
ജയിൽ അധികൃതരുടെ വീഴ്ചയെ തുടർന്നാണ് തടവുകാർ രക്ഷപ്പെട്ടതെന്ന് ഹരിദ്വാർ ഡിസ്ട്രിക് മജിസ്ട്രേറ്റ് കർമേന സിങ് വ്യക്തമാക്കി. ‘ജയിലിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് സ്റ്റേജ് പരിപാടികളും നടന്നത്. നിർമാണ പ്രവർത്തനത്തിനായി കൊണ്ടുവന്ന ഏണി ഉപയോഗിച്ചാണ് പ്രതികൾ ജയിൽ ചാടിയത്. വകുപ്പുതല അന്വേഷണം ആരംഭിച്ചതായും’ അദ്ദേഹം പറഞ്ഞു.
STORY HIGHLIGHT: Prisoners acting as ‘Vaanar’ in ‘Ramleela’ escape Haridwar jail