India

ആൺസുഹൃത്തുക്കൾക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു; അമ്മായിയമ്മയെയും ഭാര്യയെയും ഭര്‍ത്താവ് വെട്ടിക്കൊന്നു

അഗര്‍ത്തല: പുരുഷസുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി. ഞായറാഴ്ച്ച വെെകുന്നേരമാണ് സംഭവം നടന്നത്. സമര്‍ജിത്ത് ചൗന്ദരിയാണ്(40) തന്റെ ഭാര്യയായ തനുശ്രി ആചാര്‍ജി(34) ഭാര്യാമാതാവ് സോമ ആച്ഛാര്‍ജി(51) എന്നിവരെ കൊലപ്പെടുത്തിയത്.

പടിഞ്ഞാറൻ ത്രിപുരയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ 51കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഭാര്യയോടൊപ്പമല്ല താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷത്തിലേറെയായി ഇവർ വേർപിരിഞ്ഞ് കഴിയുകയായിരുന്നു.

രണ്ട് ആണ്‍മക്കള്‍ക്കൊപ്പം മധുപൂരിലാണ് പ്രതി താമസിക്കുന്നത്. ഭാര്യ പടിഞ്ഞാറൻ ത്രിപുരയിലെ നേതാജി നഗറില്‍ അമ്മയോടൊപ്പമായിരുന്നു താമസം. ഞായറാഴ്ച, ദുർഗാ പൂജ ആഘോഷത്തിനിടെ ഭാര്യ രണ്ട് ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങള്‍ കണ്ട ഭർത്താവ് പ്രകോപിതനാകുകയും ഭാര്യയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

അമ്മയും മകളും വീട്ടിലേക്ക് മടങ്ങുമ്പോള്‍ പ്രതി മൂർച്ചയുള്ള വസ്തു ഉപയോഗിച്ച്‌ ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചെന്ന് വെസ്റ്റ് ത്രിപുര എസ്പി കിരണ്‍ കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഓടിരക്ഷപ്പെട്ട സമര്‍ജിത്തിനെ ഒന്നരമണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.