എണ്‍പത് കഴിഞ്ഞവരുടെ പെന്ഷന് പരിഷ്കരണ കുടിശികയും ഡി. എ കുടിശികയും അടിയന്തരമായി നല്‍കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്. ഇതു സംബന്ധിച്ച് ആവശ്യമെങ്കില്‍ പരാതിക്കാര്‍ സര്‍ക്കാരിന് നിവേദനം നല്‍കണമെന്നും ഇക്കാര്യം ഗൗരവമായി പരിഗണിച്ച് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തീരുമാനമെടുക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. 80 കഴിഞ്ഞവര്‍ ദുര്‍ബല വിഭാഗത്തിലുള്ളവരാണെന്നും ഇവര്‍ക്ക് സംരക്ഷണം നല്‍കേണ്ട ബാധ്യതയുണ്ടെന്നും ഉത്തരവില്‍ പറഞ്ഞു.
തീരുമാനമെടുത്ത ശേഷം രണ്ടാഴ്ചക്കകം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പെന്ഷന് പരിഷ്ക്കരണ കുടിശിക പൂര്‍ണമായി ലഭിക്കാതെ, 2019 ജൂലൈ മുതല്‍ കഴിഞ്ഞ ഏപ്രില്‍ വരെ 77000 സര്‍വീസ് പെന്‍ഷന്‍മാര്‍ മരിച്ചുപോയതായി വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചിട്ടുണ്ടെന്ന് പരാതിക്കാരനായ കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് വൈസ് പ്രസിഡന്റ് കെ.കെ. ശ്രീകുമാര്‍ നല്കിയ പരാതിയില്‍ പറഞ്ഞു. പെന്ഷന് ഭരണഘടനാപരമായ അവകാശമാണെന്നും ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു.