ആലപ്പുഴ: സി.പി.ഐ.ക്കെതിരെ സീറ്റ് കച്ചവടം ആരോപിച്ച് പി.വി.അൻവർ എം.എൽ.എ. ഏറനാട് സീറ്റ് കച്ചവടം നടത്തിയ പാര്‍ട്ടിയാണ് ബിനോയ് വിശ്വത്തിന്റെ സി.പി.ഐ എന്ന് അന്‍വര്‍ പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാര്‍ഗവനാണ് സീറ്റ് വിറ്റതെന്നും അദ്ദേഹം ആരോപിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തനിക്കെതിരെ നടത്തിയ പ്രസ്താവനകള്‍ക്കുള്ള മറുപടിയായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് പി.വി അന്‍വർ സീറ്റ് വില്‍പന ആരോപണവുമായി രംഗത്തെത്തിയത്.
കൊല്ലത്തെ ലീഗ് നേതാവ് യൂനസ് കുഞ്ഞു വഴിയാണ് ചർച്ച നടന്നത്. അവിടെ ബഷീർ ജയിച്ചത് 22000 വോട്ടിനാണ്. വോട്ട് ചെയ്തത് കമ്യൂണിസ്റ്റുകാരാണ്. ഇടത് സ്ഥാനാർഥിയെ ആർക്കും അറിയാത്തതായിരുന്നു കാരണം. ഇതേപ്പറ്റി സിപിഎം പ്രവർത്തകർ തന്നോട് പരാതി പറഞ്ഞു. താൻ അന്വേഷിച്ചപ്പോഴാണ് സീറ്റ് കച്ചവടം വ്യക്തമായത്.
ഏറനാട്ടിൽ താൻ സ്വതന്ത്രനായി മത്സരിച്ചത് സിപിഎം ആവശ്യപ്പെട്ടത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ 49000 വോട്ടിന് താന്‍ രണ്ടാമതെത്തിയെങ്കിലും സിപിഐ സ്ഥാനാര്‍ഥിക്ക് 2300 വോട്ടുമാത്രമാണ് ലഭിച്ചതെന്നും കെട്ടിവെച്ച കാശ് പോയെന്നും പി.വി അന്‍വര്‍ പറഞ്ഞു. വെളിയംഭാര്‍ഗവനെ കൊല്ലത്ത് സ്വാധീനിച്ചത് മുസ്ലീം ലീഗാണെന്നും ലീഗ് നേതാവ് യൂനുസ് കുഞ്ഞ് വഴി 25 ലക്ഷം രൂപയാണ് പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കിയതെന്നും അന്‍വര്‍ ആരോപിച്ചു.
പാര്‍ട്ടി ഫണ്ട് കൊടുക്കാത്തതിനാലാണ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാതിരുന്നത് എന്ന് അക്കാലത്തുതന്നെ താന്‍ പരസ്യമായി പ്രതികരിച്ചതാണെന്നും അൻവർ പറഞ്ഞു. ശേഷം വെളിയം ഭാര്‍ഗവന്‍ തനിക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കുകയുമുണ്ടായി. മറുപടി തെളിവുകള്‍ സഹിതം നിയമപരമായി കൊടുത്തെങ്കിലും പിന്നെയൊരു അനക്കവും സി.പിഐയില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു.
പിണറായി വിജയന്റെ നേരെ അനിയനാണ് ബിനോയ് വിശ്വമെന്നും അൻവർ പരിഹസിച്ചു. ഒരച്ഛന്റെയും അമ്മയുടെയും മക്കളാണ് ഇരുവരും. കാണുമ്പോഴുള്ള മാന്യത സിപിഐ നേതാക്കളുടെ പ്രവർത്തിയിലില്ല.
‘കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ വയനാട്ടിൽ ആനി രാജ സ്ഥാനാർഥിയായപ്പോൾ സിപിഐ നേതാക്കൾ കോടികൾ പണം പിരിച്ചു. ഒരു രൂപ പോലും തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കൊടുത്തില്ല. ക്വാറി ഉടമകളിൽ നിന്നും വലിയ ധനികരിൽ നിന്നും സിപിഐ നേതാക്കൾ പണം വാങ്ങി. മന്ത്രി കെ. രാജൻ, സിപിഐ ജില്ലാ സെക്രട്ടറി അടക്കമുള്ളവരാണ് പണം വാങ്ങിയത്.’- അൻവർ പറഞ്ഞു.