എറണാകുളം: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മുൻഭാര്യയുടെ പരാതിയിൽ നടൻ ബാലയ്ക്ക് ജാമ്യം. എറണാകുളം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരെയും അപമാനിച്ചിട്ടില്ലെന്നും 2019ന് ശേഷം പരാതിക്കാരിയുമായി ഒരു ബന്ധവുമില്ലെന്നും ബാല പറഞ്ഞു.
“കോടതിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മകളുടെ പേരോ, കുടുംബത്തെക്കുറിച്ചോ പറയില്ലെന്ന് ഞാന്‍ പറഞ്ഞതാണ് അത് ഞാന്‍ പാലിച്ചിട്ടുണ്ട്. അറസ്റ്റിലായതോ, കോടതി കയറേണ്ടിവന്നതോ അല്ല തന്നെ വേദനിപ്പിച്ചത്. എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന. ഇതിനെക്കുറിച്ച് സംസാരിക്കാൻ ഇനിയാരും എന്റെ വീട്ടിലേക്ക് വരേണ്ട”- ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ബാല കോടതിക്ക് മുന്നില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.
സമൂഹമാധ്യമങ്ങളിൽ പരാതിക്കാരിക്കും മകൾക്കും എതിരായ പ്രചരണങ്ങൾ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നിവയാണ് ബാലയ്ക്ക് ജാമ്യം അനുവദിച്ച് കോടതി പറഞ്ഞ പ്രധാന ജാമ്യ വ്യവസ്ഥകൾ. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം നൽകണമെന്നുമാണ് ബാല കോടതിയിൽ വാദിച്ചത്.
കടവന്ത്ര പൊലീസാണ് നടനെ അറസ്റ്റ് ചെയ്തിരുന്നത്. കേസിൽ ബാലയുടെ മാനേജർ രാജേഷ് രണ്ടാം പ്രതിയും സുഹൃത്ത് അനന്തകൃഷ്ണൻ മൂന്നാം പ്രതിയുമാണ്. പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും നോട്ടീസ് നൽകിയിരുന്നെങ്കിൽ ബാല സ്റ്റേഷനിൽ ഹാജരാകുമായിരുന്നുവെന്നും ബാലയുടെ അഭിഭാഷകയായ ഫാത്തിമ സിദ്ദീഖ് പറഞ്ഞിരുന്നു.